Image

സൗദിയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ പരീക്ഷ വരുന്നു, ആശങ്കയോടെ ഇന്ത്യക്കാരും

Published on 14 November, 2019
സൗദിയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ പരീക്ഷ വരുന്നു, ആശങ്കയോടെ ഇന്ത്യക്കാരും
ദമാം: പ്രവാസികള്‍ക്ക് അവരുടെ പ്രഫഷന്‍ അനുസരിച്ച് തൊഴില്‍ പരീക്ഷ നടപ്പാക്കാനൊരുങ്ങി സൗദി. ഇടക്കാല തൊഴില്‍ പരിരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പരീക്ഷ. അഞ്ചു ഘട്ടങ്ങളിലായി തൊഴില്‍ പരീക്ഷ പൂര്‍ത്തിയാക്കുമെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശികള്‍ ഉള്ള ഇന്ത്യക്കാര്‍ക്കാര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ പരീക്ഷയെന്നും തൊഴില്‍ പരിരക്ഷാ പദ്ധതി മേധാവി നായിഫ് അല്‍ ഉമൈര്‍ പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന  ഇടക്കാല തൊഴില്‍ പരിശോധനാ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതുതായി തൊഴില്‍ തേടി രാജ്യത്തെത്തുന്നവര്‍ക്കും ഈ പരീക്ഷ നടത്തും.

'ആമില്‍'(ലേബര്‍) കാറ്റഗറിയിലുള്ള വീസ ഒഴിവാക്കാനും പദ്ധതിയുണ്ട്. അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കി വിപണി കാര്യക്ഷമമാക്കുകയും പരിരക്ഷ ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലും പിന്നീട് നിര്‍ബന്ധവുമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കാരുള്‍പ്പെടെ  കുറഞ്ഞ വരുമാനത്തിന് ജോലിചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളെ ഇത് ബാധിക്കും.

7.18 ദശലക്ഷം പ്രവാസികളാണ് രാജ്യത്തുള്ളത്. ഇതില്‍ 2.6ദശലക്ഷവും അവിധഗ്ധരാണ്. ശേഷിക്കുന്നവരില്‍ 3.1 ദശലക്ഷം വിദേശ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ല. 1.55 ദശലക്ഷം പേര്‍ നാമമാത്ര തൊഴില്‍ എടുക്കുന്നവരും 2.62 ദശലക്ഷം തൊഴിലാളികള്‍ പ്രവര്‍ത്തന നൈപുണ്യമില്ലാത്തവരുമാണെന്ന് ഇത് സംബന്ധിച്ച ഉന്നത തല റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോനീഷ്യ, ഈജിപ്ത്, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നീ  രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ്  ആശയ, പ്രായോഗിക പരീക്ഷകള്‍ നടത്തുക. രാജ്യത്തെ പ്രവാസികളില്‍  95% തൊഴിലാളികളും ഈ 7  രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. നാല് പ്രവിശ്യകളിലായി എട്ട് പരിശീലന കേന്ദ്രങ്ങള്‍ ഇതിനായി  സ്ഥാപിക്കും. ഈ  ഡിസംബറിലാണ്  ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പരീക്ഷ. 2020 മെയില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവര്‍ക്കും ജൂലൈയില്‍ ശ്രീലങ്കന്‍ തൊഴിലാളികള്‍ക്കും പരീക്ഷ നടത്തും. ഇന്തോനേഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും ജൂലൈയിലായിരിക്കും പരീക്ഷ.

ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 2021 ഡിസംബറിലാണ് ടെസ്റ്റ് ഉണ്ടാവുക എന്നും അദ്ദേഹം അറിയിച്ചു. അറബി, ഹിന്ദി, ഉര്‍ദു, ഫിലിപ്പിനോ ഭാഷകളില്‍ പ്രാഥമികമായി പരീക്ഷ എഴുതാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക