Image

ശബരിമല പുനഃപരിശോധന ഹര്‍ജി വിശാല ബെഞ്ചിന്‌ വിട്ടു

Published on 14 November, 2019
ശബരിമല പുനഃപരിശോധന ഹര്‍ജി വിശാല ബെഞ്ചിന്‌ വിട്ടു

ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധന ഹര്‍ജി വിപുലമായ ബെഞ്ചിന്‌ വിട്ട്‌ സുപ്രീംകോടതി. ഏഴംഗ ബെഞ്ചിനാണ്‌ കോടതി ഹര്‍ജി വിട്ടിരിക്കുന്നത്‌. വിശാല ബെഞ്ചിന്‌ വിടണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെടെ മൂന്ന്‌ ജഡ്‌ജുമാരാണ്‌ നിലപാട്‌ സ്വീകരിച്ചത്‌. ഭൂരിപക്ഷ വിധി അനുസരിച്ച്‌ കേസ്‌ വിശാല ബെഞ്ചിന്‌ വിടുകയായിരുന്നു.

അതേസമയം ശബരിമല കേസില്‍ നിലവിലെ വിധി നിലനില്‍ക്കും. വിശാല ബെഞ്ച്‌ തീരുമാനം വരുന്നതുവരെയാണ്‌ വിധി നിലനില്‍ക്കുക.

ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ആര്‍ എഫ്‌ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്‌, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ്‌ വിധി പ്രസ്‌താവിച്ചത്‌. ജസ്റ്റിസ്‌ നരിമാനും ചന്ദ്രചൂഡുമാണ്‌ ഹര്‍ജികള്‍ തള്ളണമെന്ന ന്യൂനപക്ഷ വിധി വായിച്ചത്‌. വിയോജന വിധിയും ഇവര്‍ കോടതിയില്‍ വായിച്ചു.

സമാനമായ എല്ലാ ഹര്‍ജികളും ഏഴംഗ ബെഞ്ചിന്‌ വിടാനാണ്‌ സുപ്രീംകോടതിയുടെ വിധി. 
2018 സെപ്‌റ്റംബര്‍ 28 നാണ്‌ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച്‌ ഏത്‌ പ്രായത്തിലുമുള്ള വനിതകള്‍ക്ക്‌ ഉപാധികളില്ലാതെ ശബരിമലയില്‍ പ്രവേശനം അനുവദിച്ചത്‌.
 ഇതിനെതിരെ പുനപരിശോധന ഹര്‍ജികളും റിട്ട്‌ ഹര്‍ജികളും ഉള്‍പ്പെടെ 65 പരാതികളാണ്‌ സുപ്രീംകോടതിയില്‍ എത്തിയത്‌. മേയില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക