Image

ഇമ്രാന്‍െറ മുന്‍ഭാര്യയ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം: ചാനലിനെതിരെ കോടതി

Published on 13 November, 2019
ഇമ്രാന്‍െറ മുന്‍ഭാര്യയ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം: ചാനലിനെതിരെ  കോടതി
ലണ്ടന്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍െറ മുന്‍ഭാര്യ രെഹം ഖാനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രസിദ്ധീകരിച്ച ചാനലിനെതിരെ യു.കെ ഹൈകോടതി. രെഹം ഖാനെതിരെ മുന്‍ റെയില്‍വേ മന്ത്രി നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ച ചാനല്‍ ദുനിയ ടിവി മാപ്പുപറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ഹൈകോടതി ഉത്തരവിട്ടു. രെഹം നിയമവ്യവഹാരത്തിന് ചെലവഴിച്ച തുക ചാനല്‍ നല്‍കണമെന്നും ഉത്തരവിലുണ്ട്.

2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇമ്രാന്‍ ഖാനെതിരെ വിവാദ വെളിപ്പെടുത്തല്‍ നടത്തി പുസ്തകമെഴുതിയ രെഹമിനെതിരെ അന്നത്തെ റെയില്‍വേ മന്ത്രിയായ ശൈഖ് റഷീദ് അപകീര്‍ത്തി പരാമര്‍ശം നടത്തുകയായിരുന്നു. എതിര്‍ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്‌ലിം ലീഗില്‍ നിന്നും പണം വാങ്ങിയ ശേഷമാണ് രെഹം ഇമ്രാനെതിരെ തന്‍െറ ആത്മകഥയില്‍ വെളിപ്പെടുത്തല്‍ നടത്തിയത് എന്നായിരുന്നു റഷീദിന്‍െറ പ്രസ്താവന. പി.എം.എല്‍ പാര്‍ട്ടി നേതാവ് ശെഹ്ബാസ് ശരീഫില്‍ നിന്നും രെഹം പണം വാങ്ങിയെന്നും മന്ത്രി ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ രെഹം നിഷേധിച്ചിട്ടും 24 മണിക്കൂര്‍ ഉറുദു വാര്‍ത്താ ചാനലായ ദുനിയ ടിവി ശൈഖ് റഷീദിന്‍െറ പ്രസ്താവന പലതവണ പ്രസിദ്ധീകരിച്ചു. ഇത് തന്‍െറ അന്തസ്സിനെ കളങ്കപ്പെടുത്തി എന്നാരോപിച്ചാണ് രെഹം ചാനലിനെതിരെ അപകീര്‍ത്തി കേസ് കൊടുത്തത്. ഇമ്രാന് പല സ്ത്രീകളുമായി ലൈംഗികബന്ധം ഉണ്ടായിരുന്നു എന്നും അതുവഴി അഞ്ചു മക്കള്‍ ഉണ്ടായിട്ടുണ്ട് എന്നുമായിരുന്നു രെഹം ഖാന്‍ തന്‍െറ ആത്മകഥയില്‍ വെളിപ്പെടുത്തിയത്. വിവാഹിതനായ ഒരു പുരുഷസുഹൃത്തുമായി ഇമ്രാന് സ്വവര്‍ഗപ്രണയമുണ്ടായിരുന്നു. 1970 കളിലെ ഒരു ബോളിവുഡ് സൂപ്പര്‍നായികയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ഇമ്രാന്‍ വെളിപ്പെടുത്തിയതായും രെഹം പുസ്തകത്തില്‍ തുറന്നെഴുതിയിരുന്നു.

പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പിലേക്ക് രണ്ടാഴ്ച ബാക്കി നില്‍ക്കെയാണ് വിവാദപുസ്തകം പുറത്തിറങ്ങിയത്. ഈ സാഹചര്യത്തിലാണ് രെഹം പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയാണ് പുസ്തകമെഴുതിയതെന്ന ആരോപണം ഉയര്‍ന്നത്. 2015 ലായിരുന്നു ഇമ്രാനും രെഹം ഖാനും തമ്മിലുള്ള വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്.അധിക നാളുകള്‍ കഴിയും മുന്‍പേ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക