Image

'ബാന്റും ഞാനും വ്യത്യസ്ത വഴികളിലൂടെയാണ് സഞ്ചരിച്ചത്'; സൂരജ് മസാല കോഫി വിടുന്നു.

Published on 13 November, 2019
'ബാന്റും ഞാനും വ്യത്യസ്ത വഴികളിലൂടെയാണ് സഞ്ചരിച്ചത്'; സൂരജ് മസാല കോഫി വിടുന്നു.

വ്യക്തിപരമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ഗായകന്‍ സൂരജ് സന്തോഷ് മസാല കോഫി വിടുന്നു. ആറു വര്‍ഷങ്ങളായി സംഗീതകൂട്ടായ്മയ്‌ക്കൊപ്പമാണ് ഗായകന്‍ സൂരജ്. വ്യക്തിപരമായ ചില അഭിപ്രായവ്യത്യാസങ്ങളാണ് ബാന്റ് വിടാന്‍ കാരണമെന്നും സമാധാനപരമായ വേര്‍പിരിയലാണെന്നും സൂരജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.


കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീത ബാന്റായ മസാല കോഫിയുടെ സ്ഥാപകനും പ്രധാന ഗായകനുമാണ് സൂരജ്. സംസ്ഥാന പുരസ്‌കാര ജേതാവും സിനിമയില്‍ തിരക്കുള്ള ഗായകനുമായ സൂരജ് സന്തോഷ് 'ഗപ്പി' എന്ന ചിത്രത്തിലെ 'തനിയെ മിഴികള്‍' എന്ന പാട്ടിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

സൂരജിന്റെ വാക്കുകള്‍,


'മസാല കോഫി എന്ന ബാന്റുമായുള്ള ആറു വര്‍ഷത്തെ തൃപ്തികരമായ സേവനത്തിനു ശേഷം ബാന്റും ഞാനും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടേത് രണ്ടു വഴികളാണെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം. സംതൃപ്തിയോടെ, വാക്കു തര്‍ക്കങ്ങളില്ലാതെ സമാധാനപരമായ വേര്‍പിരിയലാണ് ഉദ്ദേശിക്കുന്നത്.


'മസാല കോഫിക്ക് എല്ലാ വിജയങ്ങളും നേരുന്നു. എന്റെ പിന്തുണയും പ്രോത്സാഹനവും എന്നും ബാന്റിനൊപ്പം ഉണ്ടാകും. ബാന്റിന്റെ വിജയത്തില്‍ ഞാനും തീര്‍ച്ചയായും ആഹ്ലാദിക്കും. എന്റെ കരിയറിലെ ഇനി വരുന്ന ഓരോ പ്രൊജക്ടുകളെക്കുറിച്ചും ഞാന്‍ നിങ്ങളെ അറിയിക്കും. എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വിമര്‍ശകരുമാണ് എന്റെ കരുത്ത്. നിങ്ങള്‍ നിങ്ങളാണെന്ന പോലെ ഞാന്‍ ഞാനാണ്..'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക