Image

ഗവര്‍ണര്‍ മോദി സര്‍ക്കാരിന്റെ ഏജന്റ്.... രാഷ്ട്രപതി ഭരണ ശുപാര്‍ശയില്‍ തുറന്നടിച്ച്‌ യശ്വന്ത് സിന്‍ഹ

Published on 12 November, 2019
ഗവര്‍ണര്‍ മോദി സര്‍ക്കാരിന്റെ ഏജന്റ്.... രാഷ്ട്രപതി ഭരണ ശുപാര്‍ശയില്‍ തുറന്നടിച്ച്‌ യശ്വന്ത് സിന്‍ഹ

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ. ഗവര്‍ണര്‍ ശരിക്കും കേന്ദ്രത്തിന്റെ ഏജന്റിനെ പോലെയാണ് പെരുമാറുന്നത്. മൂന്ന് പാര്‍ട്ടികള്‍ ഇതിനെ എന്ത് വില കൊടുത്തും തടയണം. മൂന്ന് പാര്‍ട്ടികളും തമ്മിലുള്ള ശത്രുത മറന്ന് ഒന്നിച്ച്‌ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കതണമെന്നും യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു.


അതേസമയം ഗവര്‍ണര്‍ പറഞ്ഞ സമയത്തിന് മുമ്ബ് രാഷ്ട്രപതി ഭരണത്തിനായി ശുപാര്‍ശ ചെയ്‌തെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ഗവര്‍ണര്‍ ഇന്നലെ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിച്ചിരുന്നു. രാത്രി 8.30 വരെ ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നുവെന്നും മാലിക് വ്യക്തമാക്കി. കെസി വേണുഗോപാല്‍ ശരത് പവാറിനെ കാണാനയി മുംബൈയിലെത്തുന്നുണ്ട്. അതിന് ശേഷം സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മാലിക് പറഞ്ഞു.


മൂന്ന് പാര്‍ട്ടി ചേര്‍ന്നല്ലാതെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ല. കാരണം മൂന്ന് പാര്‍ട്ടികള്‍ക്ക് മാത്രമാണ് സുസ്ഥിര സര്‍ക്കാരുണ്ടാക്കാനുള്ള സീറ്റുകള്‍ ഉള്ളതെന്നും നവാബ് മാലിക് പറഞ്ഞു. എല്ലാ എംഎല്‍എമാരും യോഗത്തിനെത്തിയതായി മാലിക പറഞ്ഞു. നിലവില്‍ അനിശ്ചിതത്വം സംസ്ഥാനത്തുണ്ട്. ഇത് മറികടക്കാന്‍ ശരത് പവാര്‍ തന്നെ രംഗത്തിറങ്ങും. സര്‍ക്കാര്‍ രൂപീകരണത്തിന് അദ്ദേഹത്തിന് താല്‍പര്യമുണ്ട്. ഒരു കമ്മിറ്റി ഇതിനായി രൂപീകരിക്കുമെന്നും നവാബ് മാലിക് വ്യക്തമാക്കി.


അതേസമയം സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിച്ചത് കോണ്‍ഗ്രസാണെന്ന ആരോപണത്തെ പൃഥ്വിരാജ് ചവാന്‍ തള്ളി. കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതാണ്. അങ്ങനെയല്ല തീരുമാനമെങ്കില്‍ ദില്ലിയില്‍ ഇത്രയും വലിയ ചര്‍ച്ചകള്‍ എന്തിനാണ് കോണ്‍ഗ്രസ് നടത്തിയതെന്നും പൃഥ്വിരാജ് ചവാന്‍ ചോദിച്ചു. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ വൈകിയിട്ടില്ലെന്നും, ജാഗ്രതയോടെ മാത്രമാണ് ശിവസേന സഖ്യത്തെ കണ്ടതെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക