Image

ക്ലാസിലേക്ക് ഒളിഞ്ഞുനോക്കണ്ട, മോത്തിക്ക് സഹായവുമായി നിരവധി പേരെത്തി

Published on 11 November, 2019
ക്ലാസിലേക്ക് ഒളിഞ്ഞുനോക്കണ്ട, മോത്തിക്ക് സഹായവുമായി നിരവധി പേരെത്തി
ഹൈദരാബാദ്: ചോറ്റുപാത്രവുമായി ക്ലാസ് മുറിയുടെ വാതില്‍ക്കല്‍ ഉച്ചക്കഞ്ഞിക്കുള്ള ബെല്‍ മുഴങ്ങുന്നതും നോക്കി മോത്തിക്ക് ഇനി കാത്തുനില്‍ക്കേണ്ട. മുഷിഞ്ഞ വസ്ത്രം ധരിച്ച്, കൈയിലൊരു പാത്രവുമായി ക്ലാസ്മുറിയിലേക്ക് കൊതിയോടെ എത്തിനോക്കുന്ന ദൃശ്യം വാര്‍ത്താചിത്രമായപ്പോള്‍ മാറിമറിഞ്ഞത് അവളുടെ ജീവിതം തന്നെയാണ്.  ഹൈദരാബാദിലെ ഗുഡിമാല്‍ക്കപൂരിലെ പുറമ്പോക്ക് ഭൂമിയില്‍ കഴിയുന്ന ദലിതരായ ലക്ഷ്മണിന്‍റെയും യശോദയുടെയും മകളാണ് അഞ്ചുവയസ്സുകാരി മോത്തി ദിവ്യ. മാലിന്യം നീക്കുന്ന ജോലി ചെയ്യുന്ന ഇവര്‍ക്ക് മകളെ സ്കൂളിലയക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, എല്ലാ ദിവസവും ഉച്ചയാകുമ്പോള്‍ മോത്തി ഒരു പാത്രവുമായി തൊട്ടടുത്ത ദേവല്‍ ജാം സിങ് ഗവ. സ്കൂളിലെത്തും. സ്കൂളില്‍ ബാക്കിയാവുന്ന ഉച്ചഭക്ഷണം അവള്‍ക്കുള്ളതാണ്.

അങ്ങനെ ഒരു ദിവസം ഭക്ഷണപാത്രവുമായി സ്കൂളില്‍ നേരത്തെയെത്തിയ മോത്തി സമപ്രായക്കാരായ കുട്ടികള്‍ ക്ലാസ്മുറിയിലിരുന്ന് പഠിക്കുന്നത് ഒളിഞ്ഞുനോക്കുന്ന ഫോട്ടോയാണ് ചര്‍ച്ചയായത്. തെലുങ്ക് ദിനപത്രമായ ഈനാടിലാണ് ഫോട്ടോ അച്ചടിച്ച് വന്നത്. മറ്റൊരു വാര്‍ത്തയ്ക്ക് വേണ്ടി ഫോട്ടോഗ്രാഫര്‍ അവുല ശ്രീനിവാസ് സ്കൂളിലെത്തിയപ്പോള്‍ മോത്തി ക്ലാസ് മുറിക്ക് പുറത്ത് പാത്രവുമായി നില്‍ക്കുന്നത് കാണുകയും ചിത്രം പകര്‍ത്തുകയുമായിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ചിത്രം അടിക്കുറിപ്പോടെ അടുത്തദിവസത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

മോത്തിയുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വ്യക്തികളും സംഘടനകളും അവളെ പഠിപ്പിക്കാന്‍ തയാറായി വന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എം.വി.എഫ് എന്ന സന്നദ്ധ സംഘടന മോത്തിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കുകയും ചെയ്തു. പുത്തന്‍ യൂനിഫോമും പുസ്തകങ്ങളുമായി സ്കൂളിലേക്കെത്തിയിരിക്കുകയാണ് മോത്തി. ഇത്രനാളും കൊതിയോടെ ഒളിഞ്ഞുനോക്കിയ ക്ലാസ് മുറിയില്‍ ഇനി കൂട്ടുകാര്‍ക്കൊപ്പം അവളും പഠിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക