Image

ഇലപൊഴിയുമ്പോള്‍ (കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 10 November, 2019
ഇലപൊഴിയുമ്പോള്‍ (കവിത: രമ പ്രസന്ന പിഷാരടി)
ഇലപൊഴിയും ഋതുവും കടന്നിതാ

പതിയെയോടുന്ന വണ്ടിയില്‍ പര്‍വ്വത

ഗുഹകളെ കടന്നെത്തുന്ന ജീവന്റെ

സ്മൃതികളില്‍ വാളയാറിന്റെ നിലവിളി

മിഴിയിലോടുന്ന പ്രാണന്റെ പക്ഷികള്‍

ചിറകൊതുക്കിയിരിക്കുന്നു നിശ്ചലം

ചിതയൊരുക്കുന്ന കാടിന്റെ നിറുകയില്‍

കയറിലാടുന്നു ശലഭച്ചിറകുകള്‍

സ്ഫടികപാത്രമുടഞ്ഞു പോയീടുന്നു

മഴ കരഞ്ഞുതീരാതെ പെയ്തീടുന്നു

നെടിയ കല്‍ ഗോപുരങ്ങളുടയുന്നു

നദി കയങ്ങളെ തേടി കുതിയ്ക്കുന്നു

ഉടയുമായിരം വാദ്യനാദങ്ങളില്‍

ചിതറിവീഴുന്നു മേഘഗാന്ധാരങ്ങള്‍

ശ്രുതിയിടറുന്നു ഭൂമിതന്നാരൂഢ

ശിലയുലയുന്നു മുള്‍വാകപൂക്കുന്നു

കടലിലസ്തമയം രക്തകുങ്കുമത്തരി

പടര്‍ന്ന നഭസ്സിന്റെ തര്‍പ്പണം

ഇലപൊഴിഞ്ഞുപോയെങ്കിലും ശിഖരങ്ങള്‍

ഇനിയുമുണ്ടെന്ന് രാപ്പാടി പാടവെ

ഇരുളുറങ്ങും ചുരങ്ങള്‍ കടക്കുവാന്‍

തിരി തെളിക്കുന്ന നക്ഷത്രരാവുകള്‍

കയറിലാടിയ ശലഭച്ചിറകുകള്‍

പുനര്‍ജനിക്കുവാന്‍ യാത്രതുടരവെ

മറവിയില്‍ ചേര്‍ന്നു മായാതിരിക്കുവാന്‍

ചിറകിലഗ്‌നിവര്‍ണ്ണം തൂവി നില്‍ക്കുന്നു...

ഇലപൊഴിയുമ്പോള്‍ (കവിത: രമ പ്രസന്ന പിഷാരടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക