Image

മതമൈത്രിക്ക് മാതൃകയായി നബിദിനറാലിക്ക് ക്ഷേത്രങ്ങളില്‍ സ്വീകരണം നല്‍കി

Published on 10 November, 2019
മതമൈത്രിക്ക് മാതൃകയായി നബിദിനറാലിക്ക് ക്ഷേത്രങ്ങളില്‍ സ്വീകരണം നല്‍കി
മാന്നാര്‍: നിറപറയും നിലവിളക്കുമായി ക്ഷേത്രനടകളില്‍ നബിദിനറാലിക്ക് നല്‍കിയ സ്വീകരണം ഹിന്ദു - മുസ്‌ലിം മതമൈത്രിയുടെ മാതൃകയായി. മാന്നാറില്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിന റാലിക്കാണ് തൃക്കുരട്ടി മഹാദേവക്ഷത്രത്തിലും കുരട്ടിശ്ശേരി ഭദ്രകാളി ക്ഷേത്രത്തിലും സ്വീകരണം നല്‍കിയത്.

ഇത് ഏഴാം വര്‍ഷമാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍ ഉപദേശക സമിതിയും തൃക്കുരട്ടി മഹാദേവസേവാ സമിതിയും ചേര്‍ന്ന് നബിദിന റാലിയെ വരവേല്‍ക്കുന്നത്. കുരട്ടിശ്ശേരി ഭദ്രകാളി ക്ഷേത്രത്തില്‍ ആദ്യമായാണ് സ്വീകരണം. റാലി നയിച്ച പള്ളി ഇമാമിനെയും ജമാഅത്ത് ഭാരവാഹികളെയും പൂച്ചെണ്ടും ഷാളും നല്‍കിയാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്ര കവാടത്തില്‍ വരവേറ്റത്.

പുത്തന്‍ പള്ളിയിലെ നമസ്കാരത്തിനുശേഷമാണ് നബിദിനറാലി പുറപ്പെട്ടത്. മഴയെ അവഗണിച്ചു നീങ്ങിയ റാലിയെ തൃക്കുരട്ടി ക്ഷേത്രഭാരവാഹികള്‍ മഴ നനഞ്ഞുതന്നെ സ്വീകരിച്ചു. പടിഞ്ഞാറെ ഗോപുരനടയിലായിരുന്നു സ്വീകരണം.

മാന്നാറിലെ ഈ സാഹോദര്യം മാനവരുള്ളിടത്തോളം കാലം നിലനില്‍ക്കണമെന്ന് പ്രഭാഷണത്തില്‍ പുത്തന്‍ പള്ളി ഇമാം എം.എ. മുഹമ്മദ് ഫൈസി പറഞ്ഞു. തുടര്‍ന്ന് കുരട്ടിശ്ശേരിയിലമ്മ ക്ഷേത്രഭാരവാഹികളും റാലിക്ക് സ്വീകരണം നല്‍കി.

പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍, ജമാഅത്ത് ഭാരവാഹികളായ എന്‍.എ. റഷീദ്, എ.എ. കലാം, ടി. മുഹമ്മദ് ഇക്ബാല്‍ കുഞ്ഞ്, ക്ഷേത്ര ഭാരവാഹികളായ ബിജു ചിറ്റക്കാട്ട്, കലാധരന്‍ കൈലാസം, അനിരുദ്ധന്‍, സജി കുട്ടപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക