Image

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചു

Published on 10 November, 2019
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചു


ചെന്നൈ: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ 10ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം ആ പദവിയുടെ ശക്തിയും സാധ്യതയും കാട്ടിത്തന്നു. 

ശേഷന്‍ 1955ല്‍ ആണ് ഐഎഎസ് നേടിയത്. തമിഴ്‌നാട് കേഡറില്‍ ആയിരുന്നു നിയമനം. 1956ല്‍ കോയമ്പത്തൂര്‍ അസിസ്റ്റന്‍ഡ് കളക്ടറായി. ഗ്രാമവികസന വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായും മധുരയില്‍ കളക്ടറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍, വ്യവസായം, കൃഷി വകുപ്പുകളില്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു.  അണുശക്തി വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി 

1968ല്‍ കേന്ദ്രസര്‍വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഡയറക്ടറായി. ശൂന്യാകാശം, എണ്ണപ്രകൃതിവാതകം, വനം വന്യജീവി സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലും പ്രവര്‍ത്തിച്ചു. 1986ല്‍ രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി. 1988ല്‍ പ്രതിരോധസെക്രട്ടറിയും 1989ല്‍ കാബിനറ്റ് സെക്രട്ടറിയുമായി. എസ്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 1990ല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. ആറു വര്‍ഷക്കാലം ആ പദവിയിലിരുന്നു. 

പാലക്കാട് തിരുനെല്ലായിയില്‍ 1933 മേയ് 15ന് ആയിരുന്നു ടി. എന്‍ ശേഷന്റെ ജനനം. അഭിഭാഷകനായിരുന്ന നാരായണ അയ്യര്‍ ആയിരുന്നു പിതാവ്. അമ്മ സീതാലക്ഷ്മി. ശേഷന്റെ ഭാര്യ ജയലക്ഷ്മി 2018 മാര്‍ച്ച് 31ന് അന്തരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക