Image

ബി.ജെ.പി പിന്മാറി; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍

Published on 10 November, 2019
ബി.ജെ.പി പിന്മാറി; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍


ന്യുഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. 105 സീറ്റുള്ള ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ചത്. 56 സീറ്റുകളാണ് ശിവസേനയ്ക്കുള്ളത്. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് മഹാരാഷ്ട്ര രാജ്ഭവന്‍ ശിവസേന നേതൃത്വത്തെ അറിയിച്ചു.

ശിവസേനയ്ക്ക് എന്‍.സി.പി പുറത്തുനിന്ന് പിന്തുണ നല്‍കിയേക്കുമെന്നാണ് സൂചന. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു. പിന്തുണ നല്‍കുന്നതിന് എന്‍.സി.പി ഉപാധികള്‍ മുന്നോട്ട് വച്ചതായാണ് സൂചനകള്‍. ശിവസേന എന്‍.ഡി.എ സഖ്യം വിടണം. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ശിവസേനാ മന്ത്രിമാര്‍ രാജിവയ്ക്കണം തുടങ്ങിയവയാണ് ഉപാധികള്‍. ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്. 

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ബി.ജെ.പി മഹാരാഷ്ട്ര ഗവര്‍ണറെ അറിയിച്ചത്. മുന്നണിയായി മത്സരിച്ചിട്ട് ശിവസേന പിന്നില്‍ നിന്ന് കുത്തിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും സ്ഥിരീകരിച്ചു. 

സംസ്ഥാനത്ത് ബി.ജെ.പിയും ശിവസേനയും മുന്നണിയായാണ് മത്സരിച്ചത്. ബി.ജെ.പിശിവസേനാ സഖ്യത്തിന് അനുകൂലമായി ജനം വിധിയെഴുതി. എന്നാല്‍ കോണ്‍ഗ്രസ്എന്‍.സി.പി സഖ്യത്തിനൊപ്പം ചേര്‍ന്ന് ജനവിധിയെ അപമാനിക്കാനാണ് ശിവസേനയുടെ താല്‍പ്പര്യം. അതാണ് അവരുടെ താല്‍പ്പര്യമെങ്കില്‍ ശിവസേനയ്ക്ക് ആശംസകള്‍ നേരുന്നുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. 

മണിക്കൂറുകള്‍ നീണ്ട കോര്‍ കമ്മറ്റി യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍മാറാന്‍ ബി.ജെ.പി തീരുമാനിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിന്റെ വസതിയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ തീരുമാനമായില്ല. തുടര്‍ന്ന് നാല് മണിക്ക് വീണ്ടും യോഗം ചേര്‍ന്നു. മഹാരാഷ്ട്രയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് ഭൂപേന്ദ്ര യാദവും യോഗത്തില്‍ പങ്കെടുത്തു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വീഡിയോ കോണ്‍ഫറണ്‍സിംഗ് വഴി ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക