Image

അയോധ്യ: പകരം ഭൂമി സ്വീകരിക്കുന്നതില്‍ സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നത; അന്തിമ തീരുമാനം 26ന്

Published on 10 November, 2019
അയോധ്യ: പകരം ഭൂമി സ്വീകരിക്കുന്നതില്‍ സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നത; അന്തിമ തീരുമാനം 26ന്


ലഖ്‌നൗ: അയോധ്യയില്‍ പകരം അനുവദിച്ച ഭൂമി സ്വീകരിക്കുന്നതില്‍ സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം. പകരം ലഭിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കണോയെന്ന് നവംബര്‍ 26ന് ചേരുന്ന സുന്നി വഖഫ് ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും. ഭൂമി ഏറ്റെടുത്ത് പള്ളി നിര്‍മ്മാണവുമായി മുന്നോട്ട് പോകണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ വിധിയോടുള്ള പ്രതിഷേധ സൂചകമായി ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. 26ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും

ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെന്ന് യു.പി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി സ്ഥിരീകരിച്ചു. 26ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിക്കുമെന്നും ഫറൂഖി കൂട്ടിച്ചേര്‍ത്തു. ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ നവംബര്‍ 13ന് ചേര്‍ന്ന യോഗമാണ് 26ലേക്ക് മാറ്റിയിരിക്കുന്നത്. ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച ഭിന്ന നിലപാടുകള്‍ വ്യക്തിപരമായി തന്നെ പലരും അറിയിക്കുന്നുണ്ടെന്നും ഫറൂഖി വ്യക്തമാക്കി.

പകരം ഭൂമി സ്വീകരിക്കരുതെന്ന് പലരും വ്യക്തിപരമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്രകാരം ചെയ്യുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് തന്റെ വ്യക്തിപരമായ നിലപാട് എന്നും ഫറൂഖി കൂട്ടിച്ചേര്‍ത്തു. ഭൂമി സ്വീകരിച്ച് വിദ്യാഭ്യാസ സ്ഥാപനം നിര്‍മ്മിക്കണമെന്നും ഇതിന്റെ ക്യാംപസില്‍ തന്നെ ഒരു പള്ളി കൂടി നിര്‍മ്മിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ഫറൂഖി വെളിപ്പെടുത്തി. ഭൂമി സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ എപ്രകാരമായിരിക്കണം നടപടികളെന്നും യോഗത്തില്‍ തീരുമാനിക്കും. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ഫറൂഖി കൂട്ടിച്ചേര്‍ത്തു. 

അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുവദിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി പകരം അനുവദിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. തര്‍ക്കഭൂമിയില്‍ മുസ്ലീങ്ങളും ആരാധന നടത്തിയിരുന്നുവെന്ന് സുപ്രീം കോടതി അംഗീകരിച്ചുവെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ മുസ്ലീം വിഭാഗത്തിന് കഴിഞ്ഞില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതോടെ പതിറ്റാണ്ടുകള്‍ നീണ്ട നിയമതര്‍ക്കമാണ് അവസാനിച്ചിരിക്കുന്നത്. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക