Image

യാത്ര (കവിത: സീന ജോസഫ്)

Published on 09 November, 2019
യാത്ര (കവിത: സീന ജോസഫ്)
രാത്രി കരഞ്ഞുതിര്‍ത്ത മഞ്ഞുതുള്ളികള്‍
വിഷാദം പൊട്ടിമുളച്ചതുപോലെ പ്രഭാതം
വഴിയോരം ചേര്‍ന്ന്, വയലറ്റുനിറത്തില്‍
ഇലകാണാതെ പൂത്തുനിന്നു ആ മരം.

പൊടിപിടിച്ച ജാലകത്തിനരികെ
പാതിവായിച്ചു മടക്കിയ പുസ്തകം,
പാടമൂടിയ ഒരു ചായപ്പാത്രം,
നിശബ്ദതയില്‍ ഘടികാര മിടിപ്പുകള്‍...

കാറ്റ് തീരെ അനങ്ങാതെ നില്‍ക്കെ,
നരച്ചനിറമുള്ള ആകാശക്കീഴില്‍
ഓര്‍മ്മകള്‍ കുടഞ്ഞെറിഞ്ഞ്, കോടമഞ്ഞിന്റെ
ഒരു കീറും വാരിപ്പുതച്ച് അവളിറങ്ങി നടന്നു...

പാതിവെന്ത് വിളറിവീണ വെയിലില്‍,
അടിമുടി വെള്ളപുതച്ച് കടന്നുപോകെ
അവളുടെ നെഞ്ചോരം ചേര്‍ന്ന്
ഒരു ഗുല്‍മോഹര്‍ കത്തിപ്പടര്‍ന്നു!

ഇരുളും വെളിച്ചവും ഇടകലര്‍ന്ന
വിജനമായ ഒറ്റയടിപ്പാത...
കാലില്‍ ചുറ്റിപ്പിടിച്ച ഒരു മുള്‍പ്പടര്‍പ്പ്
എന്തിനോ വെറുതെ ആര്‍ദ്ദ്രമായി ഹൃദയം!

പാതിക്കണ്ണാല്‍ തിരിഞ്ഞു നോക്കെ
പാതയിലാകെ സ്പന്ദിക്കുന്ന ചുവന്നപൊട്ടുകള്‍!
കൊഴിഞ്ഞുവീണ ഗുല്‍മോഹര്‍പ്പൂക്കളോ?
ഹൃദയം തുള്ളിതൂവിയ മഞ്ചാടിമണികളോ?

എപ്പോഴോ സൂര്യന്‍ മാഞ്ഞു, നിലാവണഞ്ഞു
കരിനീലപ്പച്ചമരക്കാട്ടില്‍ രാത്രിനീളെ
മിന്നമിന്നികള്‍ മഞ്ഞപൂത്തു,
ചീവീടുകള്‍ വിരഹം കരഞ്ഞുതീര്‍ത്തു...

നിദ്ര വഴിമറന്നുപോയ രാത്രിയില്‍
കാലം തന്റെ സ്വപ്നങ്ങള്‍ മറന്നുവച്ചത്
എവിടെയായിരിക്കുമെന്ന് നിലത്തൂന്നിയ
കണ്‍കളാല്‍ അവള്‍ പരതിക്കൊണ്ടിരുന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക