Image

പി ജെ ജോസഫിനെ നേതാവായി അംഗീകരിക്കണം; സ്പീക്കര്‍ക്ക് മോന്‍സിന്റെ കത്ത്

Published on 08 November, 2019
പി ജെ ജോസഫിനെ നേതാവായി അംഗീകരിക്കണം; സ്പീക്കര്‍ക്ക് മോന്‍സിന്റെ കത്ത്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) വ്യവസ്ഥാപിതമായി നടത്തിയ നിയമസഭാ കക്ഷിയുടെ തിരഞ്ഞെടുപ്പ് അംഗീകരിച്ച്‌ ഉത്തരവു നല്‍കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനു കത്തു നല്‍കി. നവംബര്‍ ഒന്നിന് പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവായും സി എഫ് തോമസിനെ ഉപനേതാവായും മോന്‍സ് ജോസഫിനെ വിപ്പും സെക്രട്ടറിയുമായും തിരഞ്ഞെടുത്ത വിവരം സ്പീക്കറെ രേഖാമൂലം അറിയിച്ചിരുന്ന കാര്യം കത്തില്‍ ചൂണ്ടിക്കാട്ടി.


കേരള കോണ്‍ഗ്രസിന്റെ നേതാവ് പി ജെ ജോസഫ് തന്നെയെന്ന് വ്യക്തമാക്കിയാണ് ജോസഫ് വിഭാഗം സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ജോസഫിനെതരെ ജോസ് കെ മാണി വിഭാഗം നല്‍കിയ കത്ത് തള്ളി തങ്ങളുടെ കത്ത് സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പി ജെ ജോസഫ് തന്നെയാണ് നിയമസഭാ കക്ഷി നേതാവെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ചട്ടപ്രകാരമാണ് ജോസഫിനെ തെരഞ്ഞെടുത്തതെന്നും ജോസ് പക്ഷത്തിന്റെ കത്ത് സ്പീക്കര്‍ തള്ളണമെന്നും അദ്ദേഹം പറഞ്ഞു.


നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്നു കാട്ടി സ്പീക്കര്‍ കഴിഞ്ഞ സമ്മേളനത്തില്‍ എംഎല്‍എമാര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്നു വ്യക്തമാക്കി കട്ടപ്പന കോടതി വിധിച്ചതിനെ തുടര്‍ന്നാണ് പി ജെ ജോസഫ് യോഗം വിളിച്ചു കൂട്ടിയത്. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കാതെ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡോ.എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സ്പീക്കര്‍ക്കു കത്തു നല്‍കിയത് അംഗീകരിക്കാനാകില്ലെന്ന് മോന്‍സ് ജോസഫ് കത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക