ന്യൂഡല്‍ഹി: തിസ് ഹസാരി കോടതി വളപ്പില്‍ നടന്ന പൊലീസ്- അഭിഭാഷക സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഒറ്റകൈയ്യടിച്ചാല് ശബ്ദമുണ്ടാകില്ല. സംഘര്ഷമുണ്ടായതില് ഇരു വിഭാഗത്തിനും പങ്കുണ്ട്. തങ്ങള്‍ അങ്ങനെ പെരുമാറിയപ്പോഴാണ് മറുവിഭാഗം ഇങ്ങനെ പെരുമാറിയത് എന്ന തരത്തിലുള്ള വാഗ്വാദങ്ങള്‍ക്ക് പ്രസക്തിയില്ല. വിഷയത്തില്‍ കോടതി മൗനം പാലിക്കുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലത്. അതില്‍ കൂടുതല്‍ പറയാനില്ലെന്നും അഭിഭാഷകരുടെ ഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
പൊലീസ് ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനന്‍ മിശ്ര നല്കിയ ഹരജി സുപ്രീംകോടതി തള്ളി. സഞ്ജയ് കിഷന് കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
നവംബര്‍ രണ്ടിന് തീസ് ഹസാരി കോടതി പരിസരത്ത് നടന്ന പൊലീസ് -അഭിഭാഷക ഏറ്റുമുട്ടലില്‍ 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.