Image

കുട്ടികള്‍ക്ക്‌ സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; വീട്ടമ്മമാര്‍ക്ക്‌ വന്‍ പിഴ ചുമത്തി പൊലീസ്‌

Published on 08 November, 2019
കുട്ടികള്‍ക്ക്‌ സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; വീട്ടമ്മമാര്‍ക്ക്‌ വന്‍ പിഴ ചുമത്തി പൊലീസ്‌
കാസര്‍കോട്‌: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ചതിന്‌ രണ്ട്‌ വീട്ടമ്മമാര്‍ക്ക്‌ വന്‍ തുക പിഴയിട്ട്‌ പൊലീസ്‌. ബുധനാഴ്‌ച കാസര്‍കോടാണ്‌ സംഭവം. 25,000 രൂപ പിഴയടയ്‌ക്കാനാണ്‌ പൊലീസ്‌ വീട്ടമ്മമാര്‍ക്ക്‌ നല്‍കിയ നിര്‍ദ്ദേശം.

 ഗതാഗത നിയമത്തില്‍ പുതിയ ഭേദഗതി വരുത്തിയതോടെ രാജ്യത്തുടനീളം ലൈസന്‍സ്‌ ഇല്ലാതെയുള്ള ഡ്രൈവിങ്ങിനെതിരേ ശക്തമായ നടപടിയാണ്‌ പോലീസും മോട്ടോര്‍ വാഹന വകുപ്പും സ്വീകരിക്കുന്നത്‌. 

അണങ്കൂരില്‍ വെച്ച്‌ പിടിയിലായ കുട്ടിയുടെ മാതാവ്‌ യമുന, കൂഡ്‌ലുവില്‍ വെച്ച്‌ പിടിയിലായ കുട്ടിയുടെ മാതാവ്‌ ഫാത്തിമ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

ഇരുവരും 25,000 രൂപ വീതം കോടതിയില്‍ പിഴയടക്കണം. സ്‌കൂള്‍പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പോലീസ്‌ നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ചതിനെ തുടര്‍ന്നാണ്‌ സ്‌കൂളും മറ്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ പരിശോധന കര്‍ശനമാക്കിയത്‌. 

കഴിഞ്ഞദിവസവും പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ചതിന്‌ പിടിയിലായിരുന്നു. ഇവരുടെ രക്ഷിതാക്കള്‍ക്കും 25,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക