Image

ഞാന്‍ ഋത്വിക, കൊല്ലപ്പെട്ടതില്‍ മൂത്തവള്‍

ധര്‍മ്മ രാജ് മടപ്പള്ളി Published on 07 November, 2019
ഞാന്‍ ഋത്വിക, കൊല്ലപ്പെട്ടതില്‍ മൂത്തവള്‍
മരണാനന്തരമാണ് ഈ ഭൂമിമലയാളം ഇത്രമേല്‍ കല്ക്കണ്ടമധുരിമയുള്ളതായിരുന്നുവോ എന്നറിയുന്നത്! എത്ര പ്രാര്‍ത്ഥനകള്‍, എന്തെന്ത് നിലവിളികള്‍... അതത്രയും ഞങ്ങളുടെ കാര്യത്തിലാണെന്നറിയുമ്പോള്‍ ഒരു കുളിരൊക്കെ തോന്നുന്നുണ്ട്. ഇത്രമേല്‍ വെറൈറ്റിയാ മറ്റൊരു മരണം വീണുകിട്ടുംവരെ നിങ്ങളിത് ആഘോഷിക്കുമെന്നറിയാം. എന്നാലും ആകാശച്ചെരുവിലിങ്ങനെ തൂങ്ങിനിന്ന് നിങ്ങളെയൊക്കെ കാണാനൊരു ചന്തമൊക്കെയുണ്ട്.

ഉഭയസമ്മതം എന്നൊരു വാക്കും അതിന്റെ അര്‍ത്ഥവും മരണാനന്തരമാണ് കേള്‍ക്കുന്നതും പിടികിട്ടുന്നതും. എന്നിരുന്നാലും ഉഭയസമ്മതവേഴ്ചകളെന്ന് നിരൂപണം കുറിച്ച ഏമാന് ഒരു ശവചുംബനം. ഞങ്ങളിലേറ ശവമായിപ്പോയ അങ്ങയ്ക്ക് മറ്റെന്തു തരാനാണ് ദരിദ്രരില്‍ ദരിദ്രരാം ഞങ്ങള്‍.

ഞങ്ങളുടെ കഥകളില്‍ 'ഉഭയസമ്മതം' എന്നത് മറ്റൊരുതരത്തില്‍ വന്നു തൊടുന്നുണ്ട്. അത് വേഴ്ചകളുടെ കാര്യത്തിലല്ല, മരണത്തിന്റെ കാര്യത്തിലാണ്. ഉഭയസമ്മതമരണങ്ങളാണ് ഞങ്ങളുടേത്. നിരന്തരോപയോഗത്താല്‍ അത്രമേല്‍ പഴുത്തുപോയ അവയവങ്ങളും പേറി അത്രമാത്രം സ്വയം അപമാനപ്പെട്ട്, പല ദിനങ്ങളിലും ക്ലാസുമുറികളില്‍ കൂട്ടുകാര്‍ക്കൊപ്പമൊന്നിരിക്കുവാനാവാതെ... അവര്‍ക്കൊപ്പമുള്ള കളികളില്‍നിന്നും റദ്ദ് ചെയ്യപ്പെട്ട്, എന്നിട്ടുമെന്നിട്ടും പലതായി കൊത്തിവലിക്കപ്പെടുമ്പോളും... വിശക്കുന്ന ചെന്നായക്കുമുന്നില്‍ അനിയത്തിയെ രക്ഷിക്കാന്‍ സ്വയം ബലികൊടുക്കപ്പെട്ട ഏട്ടത്തിയുടെ കഥപോലെ... എന്നിട്ടും ഒരേ മാംസരുചിയുടെ കൗതുകം മാറിയപ്പോള്‍ അനിയത്തിക്കുനേരെ തിരിയുന്ന ചെന്നായയോട് എന്നെ കൊന്നിട്ടുമതി എന്നു പറഞ്ഞത് നേരാണ്. യുവര്‍ ഓണര്‍ ഉഭയസമ്മതം വേഴ്ചയിലായിരുന്നില്ല... മരണത്തിന്റെ തീര്‍പ്പിലായിരുന്നു.

കൈകളില്‍പ്പറ്റിയ ചോര നക്കിത്തുടച്ച് അതേ ചെന്നായ പമ്മിയിരിപ്പുണ്ട്, നിങ്ങളുടെ വാതിലിന്റെ മൂലയിലെ ഇരുളില്‍, കോണിച്ചുവട്ടിലെ ഈര്‍പ്പത്തില്‍, കട്ടിലിനടിയിലെ പാഴ് വസ്തുക്കള്‍ക്കു പിറകില്‍... കാതോര്‍ത്താല്‍ അവന്റെ ഹൃദയമിടിപ്പ് നിങ്ങള്‍ക്കു കേള്‍ക്കാം.

ഇതാണ് സമയമെന്ന്, ഞങ്ങള്‍ മരിച്ചവര്‍ ആണയിടുന്നു. ഞങ്ങള്‍ കൊല്ലപ്പെട്ടതാണ് എന്നതിലേറെ നിങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്നതിനുള്ള തെളിവാണ് മുഖ്യം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക