Image

തലശ്ശേരി രൂപതയില്‍ വിമുക്ഭ ഭടന്മാരെ ഉള്‍പ്പെടുത്തി ഗബ്രിയേല്‍ സേന

Published on 07 November, 2019
തലശ്ശേരി രൂപതയില്‍ വിമുക്ഭ ഭടന്മാരെ ഉള്‍പ്പെടുത്തി ഗബ്രിയേല്‍ സേന

കണ്ണൂര്‍: സിറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സ്വന്തമായി ഒരു സേന രൂപീകരിക്കുന്നു. വിരമിച്ച സൈനികരെയും അര്‍ദ്ധ സൈനികരെയും ഉള്‍പ്പെടുത്തി തലശ്ശേരി അതിരൂപതയാണ് സേന രൂപീരിക്കുന്നത്. ക്രൈസ്തവ വിശ്വാസമനുസരിച്ച് കാവല്‍ മാലാഖയും ദൈവദൂതനുമായി കണക്കാക്കുന്ന 'ഗബ്രിയേലിന്റെ' പേരാണ് സേനയ്ക്ക് നല്‍കിയിരിക്കുന്നത്.

തലശേരി അതിരൂപതയില്‍ കഴിഞ്ഞ മാസം ഗബ്രിയേല്‍ സേന ഔദ്യോഗികമായി നിലവില്‍ വന്നു. സേനയുടെ ആദ്യയോഗം കണ്ണൂര്‍ തളിപ്പറമ്പില്‍ ഈ മാസം 15ന് നടക്കും. ഫാ. മാത്യൂ ആശാരിപ്പറമ്പില്‍ ആണ് ഗബ്രിയേല്‍ സേനയുടെ ഡയറക്ടര്‍. 'വിശ്വാസത്തിന്റെ സംരക്ഷകരും ആദര്‍ശത്തിന്റെ പോരാളികളും' ആയിരിക്കും ഈ സേനാംഗങ്ങളെന്ന് വൈദികന്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ഇവരുടെ സേവനം കൂടുതലും ഉപയോഗിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

സഭയുടെ ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാണ് സേന രൂപീകരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും സ്വകാര്യ സെക്യുരിറ്റി ബിസിനസിലേക്ക് സഭ കടക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സിറോ സഭാനേതൃത്വത്തിനും വൈദികര്‍ക്കുമെതിരെ അടുത്ത കാലത്ത് വിമര്‍ശനങ്ങള്‍ രൂക്ഷമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സേന രൂപീകരണത്തെ നിസാരമായി കാണാന്‍ കഴിയില്ല. വൈദികരുടെ സ്ത്രീ/ബാല പീഡനങ്ങളും മെത്രാന്മാരും സഭാ തലവന്മാരും ഉള്‍പ്പെടുന്ന ഭൂമി കുംഭകോണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ചോദ്യം ചെയ്തുകൊണ്ട് സഭയിലെ ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്. സിറോ മലബാര്‍ സഭ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങള്‍ കഴിഞ്ഞ സിനഡില്‍ വരെയുണ്ടായി. നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യാന്‍ അത്മായര്‍ തയ്യാറായതോടെ കായികമായി ഇവരെ നേരിടാനുള്ള ഒരുക്കമാണോ സേനാ രൂപീകരണമെന്ന സംശയമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക