Image

കുട്ടികള്‍ സിനിമ എടുക്കുകയല്ല വേണ്ടത്, പകരം ചെയ്യേണ്ടത് ഇതാണ്... തുറന്നടിച്ച്‌ പ്രമുഖ സംവിധായകന്‍

Published on 07 November, 2019
കുട്ടികള്‍ സിനിമ എടുക്കുകയല്ല വേണ്ടത്, പകരം ചെയ്യേണ്ടത് ഇതാണ്... തുറന്നടിച്ച്‌ പ്രമുഖ സംവിധായകന്‍

കുട്ടികള്‍ സിനിമ എടുക്കുകയല്ല, കാണുകയും വായിക്കുകയുമാണ് വേണ്ടതെന്ന് ആവര്‍ത്തിച്ച്‌ അടൂര്‍ ഗോപാലകൃഷ്ണന്‍. നല്ല സിനിമകള്‍ കാണിച്ച്‌ കുട്ടികളുടെ മനസില്‍ കാഴ്ചകളും ചിന്തകളും രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം ചലച്ചിത്രോത്സവം എന്ന ആശയവുമായെത്തിയ പി.ആര്‍.ഡിയെ പ്രത്യേകം അഭിനന്ദിക്കുന്നു. സാംസ്കാരിക രംഗത്തെ ഇത്തരം ക്രിയാത്മക ഇടപെടലുകളും പുതിയ കാല്‍വെയ്പുകളും സര്‍ക്കാരിന്റെ അന്തസ് ഉയര്‍ത്തും. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഡല്‍ഹിയിലെ കേരള ഹൗസില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കുട്ടികള്‍ സിനിമ എടുക്കുന്നു എന്നത് മനശാസ്ത്രപരമായി തെറ്റാണ്. അറിവുകളുടെയും കാഴ്ചയുടെയും ഇന്‍ടേക്കിന്റെ സമയമാണ് സ്കൂള്‍ വിദ്യാഭ്യാസ കാലം. ഇത്തരം ഇന്‍ടേക്കുകള്‍ ഉള്ള കുട്ടികളില്‍ നിന്നേ ഭാവിയില്‍ മികച്ച സിനിമകള്‍ പിറക്കൂ. അദ്ധ്യാപകര്‍ ചെയ്യേണ്ടത് നല്ല വായനയ്ക്കുള്ള പ്രേരണ നല്‍കുകയാണ്. എം.ടി.യുടെ കഥ പഠിക്കാനുള്ള കുട്ടി മറ്റ് അദ്ദേഹത്തിന്റെ മറ്റ് കഥകളും തേടിപ്പിടിച്ച്‌ വായിക്കാന്‍ പ്രേരിപ്പിക്കണം. ഇന്നത്തെ കാലത്ത് സിനിമ എടുക്കാന്‍ എളുപ്പമാണ്, നല്ല സിനിമകള്‍ എടുക്കാനാണ് പ്രയാസമെന്നും അടുര്‍ പറഞ്ഞു.


കേരളീയ സംസ്‌കാരവും സാമൂഹിക സ്ഥിതിയും അഭിമാനകരമാണ്. രാജ്യത്തെ ഏതു സംസ്ഥാനത്തെ എടുത്താലും വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, സാമൂഹ്യ നീതി, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ എല്ലാം കേരളം മുന്‍പില്‍ തന്നെ നില്‍ക്കുന്നു. ഇതൊരു അഭിമാനകരമായ നേട്ടമാണ്. അതുകൊണ്ട് തന്നെ പലതിനോടും നമ്മള്‍ പ്രതികരിക്കും. പ്രതികരണമില്ലാത വരുന്ന ഒരു അവസ്ഥ നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അപകടകരമാണ്. നല്ല ഭരണകര്‍ത്താക്കള്‍ എപ്പോഴും അവരുടെ സ്തുതിയല്ല കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്, അവരുടെ വിമര്‍ശനമാണ്. കാരണം ജനങ്ങള്‍ എങ്ങനെയാണ് തങ്ങളുടെ ഭരണം സ്വീകരിക്കുന്നത്, അവരില്‍ എങ്ങനെയാണ് ഭരണത്തിന്റെ ഗുണങ്ങള്‍ എത്തുന്നത് എന്ന് അറിയാനുള്ള ഏക വഴിയാണ് വിമര്‍ശനങ്ങളെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നമ്മുടെ നാടിന്റെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും മഹത്വം നിറഞ്ഞ മൂല്യങ്ങള്‍ എല്ലാം ഉയര്‍ത്തിപിടിച്ച്‌ കൊണ്ടാണ് 63 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഐക്യ കേരളം പിറന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച്‌ സംസാരിച്ച ബിനോയ് വിശ്വം എം.പി പറഞ്ഞു. ഒരു യാന്ത്രികമായ പിറവിയായിരുന്നില്ല കേരളത്തിന്റേത്. അതിന് പിറകില്‍ ലക്ഷ്യ ബോധമുള്ള ഒരുപാട് മനുഷ്യരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക