Image

ശ്രീലങ്കയിലെ കത്തോലിക്ക ദേവാലയം ദേശീയ വിശുദ്ധ സ്ഥലമായി പ്രസിഡന്റ് പ്രഖ്യാപിച്ചു

Published on 06 November, 2019
ശ്രീലങ്കയിലെ കത്തോലിക്ക ദേവാലയം ദേശീയ വിശുദ്ധ സ്ഥലമായി പ്രസിഡന്റ് പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കന്‍ ജനത തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന മാന്നാര്‍ രൂപതയിലെ മധുവിലുള്ള കത്തോലിക്ക ദേവാലയം ഔര്‍ ലേഡി ഓഫ് മധു ‘ദേശീയ വിശുദ്ധ സ്ഥലം’ ആയി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. പ്രസിഡന്റ് പദവിയിലുള്ള തന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ചരിത്രപ്രസിദ്ധമായ ഈ മരിയന്‍ ദേവാലയം വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചുകൊണ്ട് ‘സന്നാസ് പത്രായ’യില്‍ പ്രസിഡന്‍റ് ഒപ്പുവെച്ചത്. ഈ രേഖ പ്രസിഡന്റ് മാന്നാര്‍ മെത്രാനായ റവ. ഡോ. ഫിദെലിസ് ലയണല്‍ ഇമ്മാനുവല്‍ ഫെര്‍ണാണ്ടോക്ക് കൈമാറി.

രൂപതയുടെ വികാരി ജെനറലായ ഫാ. വിക്ടര്‍ സൂസൈ, ടൂറിസം ആന്‍ഡ് ക്രിസ്ത്യന്‍ റിലീജിയസ് അഫയേഴ്‌സ് മന്ത്രി ജോണ്‍ അമരതുംഗ തുടങ്ങിയ പ്രമുഖരും നിരവധി വൈദികരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച ഈ ദേവാലയം ശ്രീലങ്കയിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നാണ്. െ്രെകസ്തവര്‍ക്ക് പുറമേ ബുദ്ധമതക്കാര്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ തുടങ്ങി നാനാജാതിമതസ്ഥരായ ആയിരകണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഈ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. തമിള്‍ പുലികളുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തെ തുടര്‍ന്ന്! ജാഫ്‌നയില്‍ നിന്നും മാന്നാറില്‍ നിന്നും പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ക്ക് അഭയകേന്ദ്രമായിരുന്നു ഈ ദേവാലയം.

എല്‍.ടി.ടി.ഇയുമായുള്ള പോരാട്ടകാലത്ത് 2008ല്‍ ഈ ദേവാലയത്തിലെ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിന്നു. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2010ലെ മാതവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലാണ് ഈ രൂപം തിരികെകൊണ്ടുവന്ന് പ്രതിഷ്ഠിച്ചത്. 19832009 കാലയളവിലെ പോരാട്ടവും, അവഗണനയും കാരണം തീര്‍ത്ഥാടനം അസാധ്യമായ ദേവാലയം കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ മൈത്രിപാല സിരിസേന സന്ദര്‍ശിക്കുകയും, ഇതൊരു വിശുദ്ധ സ്ഥലമായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തൊട്ടടുത്ത മാസം തന്നെ മന്ത്രിസഭാ പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി.

ദേവാലയത്തിന് ചുറ്റുമുള്ള 300 ഏക്കറോളം ഭൂമി തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കായി നല്‍കുവാനും അന്നു തീരുമാനമായി. വാഗ്ദാനം പ്രാവര്‍ത്തികമാക്കിയതിന് പ്രസിഡന്റ് സിരിസേനയോടും, ഭരണതലത്തിലെ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായി റവ. ഡോ. ഫിദെലിസ് ലയണല്‍ പറഞ്ഞു. 2015ലെ തന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. ‘പരിശുദ്ധ കന്യകാ മാതാവിന്റെ ക്ഷമയുടെ വിദ്യാലയം’ എന്നാണ് അന്ന് പാപ്പ ദേവാലയത്തെ വിശേഷിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക