Image

അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെ; ജാമ്യം തള്ളി; യുഎപിഎ നിലനില്‍ക്കുമെന്നും കോടതി

Published on 06 November, 2019
അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെ; ജാമ്യം തള്ളി; യുഎപിഎ നിലനില്‍ക്കുമെന്നും കോടതി

കോഴിക്കോട്‌: മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. യുഎപിഎ ചുമത്തിയിട്ടുള്ള കേസ്‌ കോഴിക്കോട്‌ ജില്ലാ സെഷന്‍സ്‌ കോടതിയാണ്‌ വിധി പറഞ്ഞത്‌. ഇരുവരും മാവോയിസ്റ്റുകളാണെന്നും യുഎപിഎ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

 പ്രിതകളെ പുറത്തുവിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ കോടതി ജാമ്യം തള്ളുകയാണെന്നും അറിയിച്ചു. അറസ്റ്റിലായ അലന്‍ ഷുഹൈബിന്റേയും താഹ ഫസലിന്റേയും മാവോയിസ്റ്റ്‌ ബന്ധം സംബന്ധിച്ച തെളിവുകള്‍ പ്രോസിക്യൂഷന്‍ ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ യുഎപിഎ ചുമത്താന്‍ പോലീസിന്‌ ലഭിച്ച തെളിവുകളൊന്നും മതിയായതല്ലെന്ന്‌ പ്രതിഭാഗം അറിയിച്ചു. സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനും പ്രോസിക്യൂഷന്‍ ശ്രമിച്ചില്ലെങ്കിലും രാജ്യവിരുദ്ധ നിലപാട്‌ സ്വീകരിച്ച വിഷയമായതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

യുഎപിഎ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന്‌ എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന്‌ ആരാഞ്ഞപ്പോള്‍ പ്രത്യേക നിര്‍ദ്ദേശങ്ങമൊന്നും ഇല്ലെന്നാണ്‌ പ്രോസിക്യൂട്ടര്‍ എം.കെ. ജയകുമാര്‍ ചൊവ്വാഴ്‌ച കോടതിയില്‍ നിലപാട്‌ സ്വീകരിച്ചത്‌. അതേ സമയം താഹയെയും അലനെയും പിടികൂടുന്ന സമയത്ത്‌ ഓടി രക്ഷപ്പെട്ട മൂന്നാമനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കായി പോലീസ്‌ തെരച്ചില്‍ നടത്തുകയാണ്‌.

അലനും താഹയ്‌ക്കുമൊപ്പം മൂന്നാമന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചതായി ഇന്നലെ പൊലീസ്‌ അറിയിച്ചിരുന്നു. പ്രതികളുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത തീവ്ര ഇടത്‌ യോഗങ്ങളുടെ മിനുട്‌സില്‍ പേരുള്ള ചിലരുടെ വീടുകളിലും പോലീസ്‌ പരിശോധന നടത്തി. പ്രതികളുടെ കൈയല്‍ നിന്ന്‌ പിടിച്ചെടുത്ത കോഡ്‌ ഭാഷയിലുള്ള നോട്ട്‌ വിദഗ്‌ധരുടെ സഹായത്തോടെ വായിക്കാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌.

മാവോയിസ്റ്റുകള്‍ രഹസ്യ സ്വഭാവത്തോടെ എങ്ങനെ ജീവിക്കണം എന്ന മാര്‍ഗ നിര്‍ദ്ദേശമടങ്ങുന്ന കൈപുസ്‌തകം താഹയുടെ വീട്ടില്‍ നിന്ന്‌ കിട്ടിയെന്ന്‌ പോലീസ്‌ പറയുന്നു. സഖാക്കള്‍ പരസ്‌പരം ഫോണില്‍ സംസാരിക്കരുതെന്നും മീറ്റിങ്ങുകളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ വേണ്ട മുന്‍കരുതലെന്തെന്നും ഇതില്‍ വിവരിക്കുന്നുണ്ട്‌.

പിടിച്ചെടുത്ത ലാപ്‌ടോപ്പ്‌ പെന്‍്രൈഡവ്‌ എന്നിവയുടെ ശാസ്‌ത്രീയ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ്‌ പോലീസിന്റെ പ്രതീക്ഷ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക