Image

(അ)ഭദ്രം (കവിത: രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)

Published on 05 November, 2019
(അ)ഭദ്രം  (കവിത: രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
ആരവങ്ങള്‍ക്കിടയിലെ നിശ്ശബ്ദ
ഭൂമിയായി ഞാന്‍ മാറുന്നിടയ്ക്കിടെ
കോടമഞ്ഞിന്‍ തണുപ്പിലേയ്ക്കായിരം
പൂവരശ്ശീന്റെ പൂക്കള്‍ കൊഴിയുന്നു
ആര്‍ത്തലച്ചുപോകുന്ന നിലവിളി
ക്കാറ്റിലുണ്ടുലത്തീക്കനല്‍ച്ചിറ്റുകള്‍
നീലമേഘമുടഞ്ഞുപോകുമ്പോഴും
ആല്‍മരച്ചില്ല കൂടൊരുക്കുമ്പോഴും
ആമ്പലിന്‍ പൂവിറുക്കുവാന്‍ പോയൊരു
ബാല്യമുണ്ട് പകച്ചു  നിന്നീടുന്നു
പാതിതാഴ്ന്ന പതാകയിലെന്നുടെ
പാഴ്മുളം തണ്ട് പാടാതിരിക്കുന്നു
പോകുവാനേത് ഗ്രാമം ഭയത്തിന്റെ
തേരുരുള്‍ പാഞ്ഞുപോകുന്നു മുന്നിലായ്
കൂരിരുള്‍പടര്‍ന്നേറുന്ന ശാഖയില്‍
പ്രാണനാടുന്നു നിശ്ചലമാകുന്നു
ജീവഗന്ധമൊഴിഞ്ഞ വെണ്‍പ്രാവുകള്‍
കൂടുകള്‍ വിട്ടു യാത്രയായീടുന്നു
രാവുറങ്ങാതിരിക്കുന്ന ദു:സ്വപ്ന
ശാലയേക്കടന്നോടുന്ന കാലമേ!
നില്‍ക്കുക അല്പനേരമിരിക്കുക
നിര്‍ഭയത്തിന്റെ സത്യങ്ങളേറ്റുക
ഭൂപടങ്ങള്‍ വലിച്ചു കീറാത്തൊരു
ഭൂമിയെ തേടി സൂര്യനുണരട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക