Image

കൂടംകുളം സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരെന്ന്

Published on 05 November, 2019
കൂടംകുളം സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരെന്ന്
കൂടംകുളം ആണവനിലയത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സംഘമാണെന്ന് ദക്ഷിണ കൊറിയ. സെപ്റ്റംബര്‍ നാലിനാണ് ആണവപ്ലാന്റിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായത്. ഒക്ടോബര്‍ അവസാന വാരമാണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ വിവരം പുറത്തുവിട്ടത്.

ദക്ഷിണ കൊറിയയിലെ ' ഇഷ്യൂ മേക്കേഴ്‌സ് ലാബ്' എന്ന സൈബര്‍ സുരക്ഷാ കൂട്ടായ്മയാണ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണ് എന്ന വിവരം പുറത്തുവിട്ടത്. ഉത്തരകൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച ഡിട്രാക് എന്ന വൈറസ് ആണ് കൂടംകുളത്തെ കംപ്യൂട്ടറില്‍ കണ്ടെത്തിയതെന്നാണ് സൂചന. 2014 ല്‍ സോണി പിക്‌ചേഴ്‌സിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച സംഘമാണ് ലസാറസ്. 2017 ലെ വാന്നാക്രൈ റാന്‍സം വെയര്‍ ആക്രമണത്തിന് പിന്നിലും ഇവരാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഇന്ത്യയുടെ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (എന്‍.ടി.ആര്‍.ഒ) മുന്‍ സെക്യൂരിറ്റി അനലിസ്റ്റായിരുന്ന പുഖ് രാജ് സിങ് ആണ് ഈ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.

ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നില്ല ഈ ആക്രമണമെന്നും വിലപ്പെട്ട ഗവേഷണ രഹസ്യങ്ങളും വിവരങ്ങളും ചോര്‍ത്തുന്നതിനായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ആണവനിലയങ്ങളില്‍ യുറേനിയം ഉപയോഗിക്കുന്നതിന് പകരം തോറിയം ഉപയോഗിക്കാനുള്ള പദ്ധതിയിലാണ് ഉത്തരകൊറിയ. തോറിയം ഉപയോഗിച്ചുള്ള ഊര്‍ജോല്‍പാദന സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ നിന്നും അത് സംബന്ധിച്ച വിവരങ്ങള്‍ കയ്യടക്കാനാണ് ഹാക്കര്‍മാരുടെ ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആണവ ശാസ്ത്രജ്ഞരായ അനില്‍ കാക്കോദ്കര്‍, എസ്.എ.ഭരദ്വാജ് എന്നിവരുടെ കംപ്യൂട്ടറുകളിലേക്ക് നുഴഞ്ഞു കയറാനും ഡീ ട്രാക്ക് ശ്രമിച്ചിട്ടുണ്ട്. ഇമെയിലുകള്‍ വഴിയാണ് ഹാക്കിങ് നടന്നത്. 

അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനും എന്‍പിസിഐഎലിന്റെ ടെക്‌നിക്കല്‍ ഡയറക്ടറുമായിരുന്ന എസ്.എ.ഭരദ്വാജ് തോറിയം അടിസ്ഥാനമാക്കിയുള്ള എഎച്ച്ഡബ്ല്യൂആര്‍ റിയാക്ടറില്‍ വിദഗ്ദനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക