Image

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍; മാവോവാദികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

Published on 05 November, 2019
മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍; മാവോവാദികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പാലക്കാട് മഞ്ചക്കണ്ടിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. മൃതദേഹം സംസ്‌കരിക്കാമെന്ന പാലക്കാട് സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.


മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കാര്‍ത്തിയുടേയും മണിവാസകത്തിന്റേയും ബന്ധുക്കള്‍ പാലക്കാട് സെഷന്‍സ് കോടതിയെ സമിപിച്ചിരുന്നു. നാല് ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നെങ്കിലും തിങ്കളാഴ്ച പോലീസിന്റെ വാദം സ്വീകരിച്ച്‌ മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദം നല്‍കി. ഇതിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.


മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഈ മരണവുമായി ബന്ധപ്പെട്ട പുകമറ നീങ്ങണമെന്നും കോടതി പരാമര്‍ശിച്ചു.


മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന ആവശ്യവുമായി ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. സി.പി.ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. കേസ് പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക