Image

അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളെന്ന്‌ സമ്മതിച്ചതായി എഫ്‌.ഐ.ആര്‍

Published on 05 November, 2019
അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളെന്ന്‌ സമ്മതിച്ചതായി എഫ്‌.ഐ.ആര്‍

കോഴിക്കോട്‌: പന്തീരാങ്കാവില്‍ നിന്ന്‌ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന്‌ സമ്മതിച്ചതായി എഫ്‌.ഐ.ആര്‍. അലനും താഹയും സി.പി.ഐ മാവോയിസ്റ്റാണെന്ന്‌ സമ്മതിച്ചതായും അലന്‍ ഷുഹൈബിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന്‌ നിരോധിത സംഘടനയുടെ ലഘുലേഖകള്‍ കണ്ടെടുത്തെതെന്നും എഫ്‌.ഐ.ആറില്‍ വ്യക്തമാക്കുന്നു. 

ബാഗില്‍ നിന്നും കോഡ്‌ ഭാഷയിലുള്ള കുറിപ്പുകളും രേഖകളും ലഭിച്ചു. മാവോയിസ്റ്റ്‌ കേന്ദ്രകമ്മിറ്റിയുടെ പുസ്‌തകങ്ങള്‍ കണ്ടെടുത്തു. യു.എ.പി.എ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പുസ്‌തകമാണിതെന്നും പൊലിസ്‌ അറിയിച്ചു.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുക, മാവോയിസ്റ്റ്‌ വേട്ടക്കെതിരേ രംഗത്തിറങ്ങുക തുടങ്ങിയ ആഹ്വാനങ്ങളുള്ള നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖകളും നോട്ടിസുകളും കണ്ടെടുത്തുവെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു. ഇവരുടെ ബൈക്കും ബാഗും ലഘുലേഖകളും കസ്റ്റഡിയിലെടുത്ത്‌ ഇന്ന്‌ കോടതിയില്‍ ഹാജരാക്കിയതായും സൂചിപ്പിക്കുന്നു.

താഹയുടെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്‌. മാവോയിസ്റ്റ്‌ ബാനറുകളും കൊടികളും പിടിച്ചെടുത്തെന്നും വിശദമാക്കുന്നു.
ഒന്നാം തീയതി വൈകീട്ട്‌ പെരുമണ്ണ ടൗണില്‍ നിന്നാണ്‌ പ്രതികളെ പൊലിസ്‌ പിടികൂടുന്നത്‌. ഇവര്‍ക്കൊപ്പമുള്ള ഒരു പ്രതി രക്ഷപ്പെട്ടതായും എഫ്‌.ഐ.ആറില്‍ സൂചിപ്പിക്കുന്നു.

അതേ സമയം അറസ്റ്റിലായവരുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ്‌ നാളെ ഉണ്ടാകാനിരിക്കേ എഫ്‌.ഐ.ആരറിലെ കുരുക്കു മുറുകുകയാണ്‌. കോഴിക്കോട്‌ ജില്ലാ സെഷന്‍സ്‌ കോടതി ജാമ്യാപേക്ഷ പരിഗണിച്ചുവെങ്കിലും കേസില്‍ കോടതി ഉത്തരവ്‌ നാളെയേ ഉണ്ടാകൂ. 

ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും കോടതിയില്‍ എതിര്‍ത്തിട്ടില്ല. നിലവില്‍ യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും അതേസമയം യു.എ.പി.എ ഒഴിവാക്കാന്‍ സര്‍ക്കാരില്‍ നിന്ന്‌ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പൊലിസ്‌ പിടിച്ചെടുത്ത നോട്ടിസുകളും പുസ്‌തകങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇതെന്താണെന്ന്‌ കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ചുള്ള പരിശോധന കൂടി നടത്തേണ്ടതുണ്ട്‌. ഇതിനുശേഷമായിരിക്കും നാളെ കേസില്‍ ഉത്തരവുണ്ടാകുക.

അതേ സമയം പ്രതികള്‍ക്കെതിരേ ഉന്നയിച്ച വാദം നിലനില്‍ക്കില്ലെന്ന്‌ പ്രതിഭാഗം അഭിഭാഷകനായ ദിനേശന്‍ വ്യക്തമാക്കി. ഇവര്‍ വിദ്യാര്‍ഥികളാണ്‌. ഏത്‌ ദിവസവും ഇവര്‍ കോടതിയില്‍ ഹാജരാകുന്നവരാണ്‌. 

ആര്‍ക്കും എപ്പോഴും ലഭ്യമാകുന്ന പുസ്‌തകങ്ങള്‍ മാത്രമാണ്‌ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്‌. നിരോധിത സംഘടനകളുടെ ഭാഗമാണ്‌ ഇവരെന്നതിന്‌ യാതൊരു തെളിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക