Image

'യൂസഫലി, ഒരു സ്വപ്‌ന യാത്രയുടെ കഥ' പ്രകാശനം ചെയ്‌തു

Published on 05 November, 2019
 'യൂസഫലി, ഒരു സ്വപ്‌ന യാത്രയുടെ കഥ' പ്രകാശനം ചെയ്‌തു

ഷാര്‍ജ: വ്യാപാര രംഗത്തും കാരുണ്യരംഗത്തും നിറപ്രഭ ചൊരിയുന്ന ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം എ യൂസുഫലിയെക്കുറിച്ച്‌ മലയാള മനോരമ ദുബൈ ചീഫ്‌ റിപ്പോര്‍ട്ടര്‍ രാജു മാത്യു എഴുതി മനോരമ ബുക്‌സ്‌ പ്രസിദ്ധീകരിച്ച 'യൂസുഫലി ഒരു സ്വപ്‌നയാത്രയുടെ കഥ' ഷാര്‍ജ രാജ്യാന്തര പുസ്‌തകമേളയില്‍ പ്രകാശനം ചെയ്‌തു. 

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു പുസ്‌തകം നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്‌ഖ്‌ സുല്‍ത്താന്‍ ബിന്‍ അഹ്‌ മദ്‌ അല്‍ ഖാസിമിയാണ്‌ പ്രകാശനം ചെയ്‌തത്‌.

രാധാകൃഷ്‌ണന്‍ മച്ചിങ്ങല്‍ പുസ്‌തകം പരിചയപ്പെടുത്തി. 1973 ഡിസംബര്‍ 31ന്‌ മുംബൈയില്‍ നിന്നു ദുബൈയില്‍ എത്തിയ നാട്ടികക്കാരനായ യൂസുഫലി കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യത്രയാണ്‌ ഈ പുസ്‌തകം. 

മാനുഷിക മൂല്യങ്ങളുടെ മഹത്വമറിയുന്ന മനസാണ്‌ എം എ യൂസുഫലിയുടെ വിജയമെന്ന്‌ റാഷിദ്‌ അല്‍ ലീം പറഞ്ഞു. അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വിലപ്പെട്ട അധ്യായങ്ങളാണ്‌. ഇതുപോലെ ഒരുപാട്‌ യൂസുഫലിമാര്‍ ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജീവിതത്തിന്റെ ഓരോ ചുവടിലും ഒപ്പമുള്ളവരെ മറക്കാതിരിക്കുകയെന്ന തിരിച്ചറിവാണ്‌ തനിക്ക്‌ ആത്മവിശ്വാസം പകരുന്നതെന്ന്‌ എം എ യൂസഫലി പറഞ്ഞു. ഭരണാധികാരികളുടെ മുന്നില്‍ പ്രജയായും സാധാരണക്കാര്‍ക്കരികില്‍ അവരിലൊരാളായും സ്വയം കാണണം. മരുഭൂമിയിലെ ജീവിതം വലിയ പാഠങ്ങളാണ്‌ പകര്‍ന്നു നല്‍കിയതെന്നും യൂസഫലി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക