Image

നവീന ആശയങ്ങളുമായ് ജേക്കബ് തോമസ് ഐ.പി.എസ്. രചിച്ച ഉത്തമ കൃതി

രാജു തകരകന്‍ Published on 04 November, 2019
നവീന ആശയങ്ങളുമായ് ജേക്കബ് തോമസ് ഐ.പി.എസ്. രചിച്ച ഉത്തമ കൃതി
ജീവിത വിജയത്തിന് പ്രതിസന്ധികള്‍ ഒഴിവാക്കുവാന്‍ അസാദ്ധ്യമാണെങ്കിലും അതിനെ അഭിമുഖീകരിക്കുവാന്‍ സാധ്യമാണെന്ന് സ്വജീവിതാനുഭവങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് ശ്രീ.ജേക്കബ് തോമസ് ഐ.പി.എസ്. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ജേക്കബ് തോമസ് കഠിനമായ പരിശ്രമത്തില്‍കൂടിയാണ് ഉന്നതമായ പദവികള്‍ സ്വായത്തമാക്കിയത്. തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും  കരസ്ഥമാക്കിയതിന് ശേഷം ന്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റില്‍ രണ്ടാമത്തെ ഡോക്ടേറേറ്റും നേടിയ ജേക്കബ് തോമസ് 1984 ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയാണ് ഐപിഎസില്‍ പ്രവേശിക്കുന്നത്.
ഔദ്യോഗിക ജീവതത്തിലെ നേര്‍കാഴ്ചയാണ് കാര്യവും കാരണവും എന്ന കൃതിയിലൂടെ നമ്മെ നയിക്കുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കാമെന്നും അതോടൊപ്പം ജീവിത വിജയം എങ്ങനെ കരസ്ഥമാക്കാമെന്നുള്ള യാഥാര്‍ത്ഥ്യം ഇവിടെ തുറന്നു കാട്ടുന്നു. മുപ്പത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ പരിശീലനം ലഭിക്കാത്ത അനവധി മേഖലകളില്‍ ജോലി ചെയ്യേണ്ടി വന്ന തനിക്ക് കഠിന പ്രയത്‌നം കൊണ്ടു മാത്രമാണ് ഉയരങ്ങളിലേക്കുള്ള പടികള്‍ കീഴ്‌പ്പെടുത്തുവാന്‍ സാധ്യമായത്.

കാര്യശേഷി വളര്‍ത്തി കൊണ്ടുവരുന്നവര്‍ക്ക് മാത്രമെ തൊഴില്‍ മേഖലകളിലും സാമൂഹ്യ തലങ്ങളിലും വിജയ സാദ്ധ്യതക്ക് വഴി തെളിയിയ്ക്കുകയുളളൂ. പ്രതിസന്ധികളും പുതിയ വെല്ലുവിളികളും അഭിമുഖീകരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പിന്നിലേക്ക് സഞ്ചരിക്കാതെ അതിനെ അഭിമുഖീരിക്കുമ്പോഴാണ് വിജയത്തിലേക്ക് മുന്നേറുന്നത്. സ്വാമി വിവേകാനന്ദന്‍ ജീവിത വിജയത്തിന് ആധാരമായ് ഉപദേശിക്കുന്നത് 'ഹേ മനുഷ്യാ നീ ഒരിയ്ക്കലും ദുര്‍ബലനാകരുത്.' മനുഷ്യന്‍ ദുര്‍ബലനാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. അഴുക്കു കൊണ്ടു അഴുക്കിനെ ഇല്ലാതാക്കാന്‍ സാധിയ്ക്കാത്തതുപോലെ കൂടുതല്‍ ദുര്‍ബലരായി ആ ദൗര്‍ബല്യങ്ങളെ അഭിമുഖീകരിക്കുവാനും സാധ്യമല്ല. കരുത്തുള്ളവരായ് ജീവിക്കുക. ശാരീരിക കരുത്തിനെകുറിച്ചല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഏത് പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള കാര്യശേഷിയാണ് ആവശ്യം. പരിശ്രമം ചെയ്താല്‍ പരിശീലനം കൊണ്ട് ഏത് വ്യക്തികള്‍ക്കും ആര്‍ജ്ജിക്കാവുന്നതാണ് ഈ കാര്യശേഷി. നിങ്ങള്‍ ഒരു പുതിയ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്ക് ഇത് അസാദ്ധ്യമാണ്. പരിചയമില്ല, എന്ന മനോഭാവമാണെങ്കില്‍ പരാജയം ഉറപ്പാണ്.

വിജിലന്‍സ് ഡയറക്ടറായും സിറ്റി പോലിസ് കമ്മീഷ്ണറായും ജോലി ചെയ്തിട്ടുള്ള ജേക്കബ് തോമസ്, ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ജോലി രാഷ്ട്രീയക്കാരന്റെ ദല്ലാള്‍ പണി എന്ന അബദ്ധധാരണ തിരുത്തിക്കുറിച്ചിരിക്കുകയാണ് ഈ കൃതിയില്‍. സ്വാതന്ത്ര്യം, സമത്വം, വികസനം, തുടങ്ങിയ ഭരണഘടന ഉറപ്പു തരുന്ന മൂല്യങ്ങള്‍ക്ക് അധിഷ്ടഠിതമായ സേവനം കാഴ്ചവെച്ച ജേക്കബ് തോമസ് എന്നും സാധാരണക്കാരൊടൊപ്പമാണെന്നുള്ളതാണ് മററുള്ളവരില്‍ നിന്ന് തന്നെ വ്യത്യസ്തനാക്കുന്നത്.

വിവാദങ്ങള്‍ താന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും വിവാദങ്ങളിലൂടെ തനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളതും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അഴിമതി ഒഴിവാക്കുവാന്‍ അഴിമതി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആദര്‍ശമാണ് തനിയ്ക്കുന്നത്. തല്‍ഫലമായി 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 30 പ്രാവശ്യം തനിക്ക് സ്ഥാനചലനം അനുഭവിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്. അനവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ തന്റെ മറ്റൊരു കൃതിയാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം. സ്രാവുകള്‍ സമുദ്രത്തില്‍ അതിന്റെ പല്ലുകള്‍ ഉപയോഗിച്ചാണ് ഇരയെ കടിച്ചുകീറാനും ഞെരിച്ചമര്‍ത്താനും ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള സ്രാവുകള്‍ക്കൊപ്പം നീന്തുക എന്നത് ദുഷ്‌ക്കരമാണ്. ഇതുപോലെ ഭയാനകമാണ് ഉദ്യോഗ തലത്തിലെ പ്രതിസന്ധികളും. നന്മയാലാണ് തിന്മയെ ജയിക്കേണ്ടത്. തന്റെ രചനകളില്‍ അത് വ്യക്തമാക്കുന്നുണ്ട്.
ജീവിതം ഒരിക്കലും വൃഥാവാക്കിക്കളയരുത്. സമയത്തിന്റെ വില അറിഞ്ഞ്  പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടി വരും. നാം ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെക്കാള്‍ ഭേദപ്പെട്ട ഒന്നിലേക്കുള്ള വളര്‍ച്ചയാണ് കപ്പാസിറ്റി ബില്‍ഡിങ്ങ് എന്ന് പറയുന്നത്. അതിലൂടെയാണ് നാം പുതിയത് പലതും പഠിയ്ക്കുകയും, അനുഭവങ്ങളും പരിചയ സമ്പന്നതയും ആര്‍ജ്ജിക്കുകയും ചെയ്യുന്നത്. ജോലി സ്ഥലങ്ങള്‍, നല്ല വ്യക്തി ബന്ധങ്ങള്‍, അസോസിയേഷനുകള്‍, നല്ല സിനിമകള്‍, തുടങ്ങിയ ഘടകങ്ങളെല്ലാം കാര്യാശേഷി വര്‍ദ്ധിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ്.
ഏതു കാര്യത്തിനും പല കാരണങ്ങളുണ്ട്. നിലവിലെ നമ്മുടെ കാര്യശേഷിയനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുവാന്‍ നാം തയ്യാറാകുന്നത്. കാര്യവും കാരണവും എന്ന കൃതിയുടെ ലക്ഷ്യവും വ്യക്തികള്‍, സമൂഹം, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വികസനമാണ്. നാടിന്റെ വികസനത്തിന്റെ അടിസ്ഥാന ഘടകം കാര്യശേഷി വികസനമാണ്.
30 അദ്ധ്യായങ്ങള്‍ അടങ്ങിയ ഈ കൃതി 6 ഭാഗങ്ങളായ് വിഭാഗിച്ചിട്ടുണ്ട്. ഒന്നാം ഭാഗത്തില്‍ അനുവാചകരെ വിജ്്ഞാനത്തിന്റെ വീഥിയിലേക്ക് നയിക്കുന്ന കാര്യശേഷി വികസനം എങ്ങനെ ആര്‍ജ്ജിക്കുവാന്‍ സാധ്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. തുടക്കത്തിലെ ആവര്‍ത്തന വിരസതയില്ലാതെ വിഷയങ്ങള്‍ ്അടുക്കും ചിട്ടയുമായ് അവതരിപ്പിച്ചതുകൊണ്ട് തുടര്‍ന്നുള്ള അദ്ധ്യായങ്ങളിലേക്ക് നാം അറിയാതെ തന്നെ യാത്ര തുടരുക തന്നെ ചെയ്യും. ഭാഷ ലളിതമായതുകൊണ്ട് സാധാരണക്കാര്‍ക്കും വായന ആസ്വാദ്യകരമായ് തീരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിഷയമാണ് ഒന്നാം അദ്ധ്യായത്തില്‍ വിശദീകരിച്ചിരിക്കുന്ന കാര്യശേഷി വികസനം.

കാര്യശേഷി വികസനത്തിന് പല മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ പ്രധാനമാണ് പരിശീലനം, പങ്കാളിത്വം, കൂട്ടായ്മ, ടോപ് ഡൗണ്‍ അപ്രോച്ച്, സ്ഥാപനങ്ങളില്‍ മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ താഴേതട്ടില്‍ ഉള്ളവവര്‍ നടപ്പാക്കിയാല്‍ വിജയമാണ്. അതാണ് ടോപ്പ് ഡൗണ്‍ അപ്രോച്ച്.

അഴിമതി വരുന്ന വഴികളും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ വിശദമായ് പ്രതിപാദിയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി കൊടുക്കാതെ ആവശ്യങ്ങള്‍ സാധിയ്ക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇവിടെയാണ് വിജിലന്‍സിന്റെ പ്രസക്തി. ജനങ്ങള്‍ ഒരിക്കലും അഴിമതിക്ക് കൂട്ടുനില്‍ക്കരുത്. പ്രതിസന്ധികള്‍ നേരിടുന്നതും പ്രതിസന്ധികള്‍ ഉണ്ടാകാതെ നോക്കുന്നതും കാര്യശേഷിയെയാണ് വ്യക്തമാക്കുന്നത്.
വ്യക്തികളില്‍ കാര്യശേഷി വളരെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ വോട്ട് ചെയ്ത് വിടുന്ന ജനപ്രതിനിധികളുടെ കാര്യശേഷി തീരുമാനിക്കേണ്ടത് നാം തന്നെയാണ്. സ്ഥാനാര്‍ത്ഥിയുടെ കാര്യശേഷിയെക്കുറിച്ച് വോട്ടു ചെയ്യുന്ന വ്യക്തിക്ക് നല്ല അവബോധം ഉണ്ടായിരിക്കണം. അഴിമതി എങ്ങനെ പ്രതിരോധിക്കാമെന്നും അതിന്റെ സംവിധാനങ്ങളും പത്താം അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്. അഴിമതി സംഭവിക്കുന്നതിന് മുമ്പേ അതിനെ പ്രതിരോധിക്കണം. അതിനായിട്ട് 2014-ല്‍ വിജിലന്റ് കേരള എന്ന നൂതന പദ്ധതിക്ക് തുടക്കംകുറിച്ചു. ഇത് ഒരു പങ്കാളിത്വ അഴിമതി നിരോധിത സംവിധാനമാണ്. നിയമം പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വ്യത്യസ്ത തലങ്ങളിലാണ് പ്രതിഫലിയ്ക്കുന്നത്. അതിനൊരു ഉദാഹരണമാണ് 2015-ല്‍ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ് തോമസ് മൂന്നുനിലകളുള്ള ഫഌറ്റുകളിലും, ആശുപത്രികളിലും, ഷോപ്പിങ്ങ് കോംപ്ലക്‌സുകളിലും ആവശ്യാനുസരണം ജീവന്‍ സുരക്ഷാ സംവിധാനങ്ങളുണ്ടോ എന്നുള്ള ടെക്‌നിക്കല്‍ പരിശോധനക്ക് തുടക്കം കുറിച്ചത്. പരിശോധനയില്‍ ഭൂരിപക്ഷം കെട്ടിടങ്ങളിലും സുരക്ഷാ സംവിധാനം ഇല്ലാത്ത കാരണത്താല്‍ നടപടി ആരംഭിച്ചു. അവിചാരിതമായ് ഉണ്ടാകുന്ന തീ പിടുത്തത്തില്‍ ഒരു വ്യക്തി പോലും മരണപ്പെടരുത് എന്നതാണ് ലക്ഷ്യം. കെട്ടിടങ്ങളില്‍ തീപിടുത്തത്തിനുള്ള സാഹചര്യങ്ങള്‍ കുറയ്ക്കുവാനും തീപിടുത്തം ഉണ്ടായാല്‍ മരണം സംഭവിയ്ക്കാതെ എത്രയും പെട്ടെന്ന് അവരെ രക്ഷപ്പെടുത്താനുള്ള മുന്‍കരുതലുകളുടെ കാര്യശേഷി വികസനമാണ് പ്രാബല്യത്തില്‍ വരുത്തിയത്. ഇത്തരത്തിലുള്ള പ്രവര്‍ത്തന ശൈലി ഇഷ്ടപ്പെടാതിരുന്നവരാണ് 83-മത്തെ ദിവസം ജേക്കബ് തോമസിനെ മറ്റൊരു സ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

കേരള രാഷ്ട്രീയ ഭരണ രംഗത്ത് വിവാദങ്ങള്‍ സൃഷ്ടിച്ച ഈ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ഇന്നും തന്റെ ജൈത്രയാത്ര തുടരുകയാണ്. തന്റെ ജീവിതവിജയത്തിന്റെ അണിയറി രഹസ്യങ്ങള്‍ തുറന്നു കാട്ടുന്ന കാര്യവും കാരണവും എന്ന കൃതി അനുവാചകര്‍ക്ക് വിലപ്പെട്ടതായ് തീരുമെന്നത് നിസ്തകര്‍ക്കമാണ്. ഡി.സി.ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

നവീന ആശയങ്ങളുമായ് ജേക്കബ് തോമസ് ഐ.പി.എസ്. രചിച്ച ഉത്തമ കൃതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക