Image

അഭയ കേസ്; രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി, ആത്മഹത്യയാകാമെന്ന് സാക്ഷി, ഇതുവരെ കൂറുമാറിയത് 10 സാക്ഷികള്‍!

Published on 04 November, 2019
അഭയ കേസ്; രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി, ആത്മഹത്യയാകാമെന്ന് സാക്ഷി, ഇതുവരെ കൂറുമാറിയത് 10 സാക്ഷികള്‍!
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി. കന്യാസ്ത്രീയായ ഇലിസിറ്റയും കോണ്‍വെന്‍റിലെ ജോലിക്കാരിയായ ത്രേസ്യാമ്മയുമാണ് തിങ്കളാഴ്ച കൂറുമാറിയത്. കോണ്‍വെന്റിന്റെ അടുക്കളയില്‍ അസ്വാഭാവികമായി പലതും കണ്ടിരുന്നുവെന്ന് സിബിഐക്ക് ഇവര്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ തിങ്കളാഴ്ച കോടതിയില്‍ തിരുത്തി പറഞ്ഞു. അഭയ മരിക്കുന്ന സമയം പയസ് ടെന്‍ത് കോണ്‍വെന്‍റിലുണ്ടായിരുന്നവരാണ് ഇവര്‍ രണ്ട് പേരും. മൃതദേഹം കിണറ്റില്‍ നിന്ന് പൊക്കിയെടുക്കുന്നത് പോലും കണ്ടില്ലെന്നാണ് ഇപ്പോള്‍‌ ഇവര്‍ രണ്ട് പേരും കോടതിയില്‍ വ്യക്തമാക്കിയത്. അത് മാത്രമല്ല അഭയയുടെ മരണം ആത്മഹത്യയാകാമെന്ന് കന്യാസ്ത്രീയായ ഇലിസിറ്റ് കോടതിയില്‍ പറഞ്ഞു.

സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ സാക്ഷിമൊഴി നല്‍കിയിരുന്നു. സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരായ ഗീതയും ചിത്രയുമാണ് തിരുവനന്തപുരം സിബിഐ കോടതിക്ക് മുമ്ബാകെ ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നത്.


മരണം 1992ല്‍

1992 മാര്‍ച്ച്‌ 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച്‌ ഉയര്‍ന്ന സംശയം തീപ്പൊരിയായി പടര്‍ന്നു. അഭയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്, കേസില്‍ വഴിത്തിരിവാകുകായിരുന്നു. 1993 മാര്‍ച്ച്‌ 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു.


എഎസ്‌ഐയുടെ ആത്മഹത്യ

15 വര്‍ഷം മുമ്ബ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്. 2008 ലാണ് കേസിലെ മുഖ്യപ്രതികളായ ഫാദര്‍ തോമസ് എം. കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ അറസ്റ്റിലാകുന്നത്. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എഎസ്‌ഐ വിവി അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.

കുറ്റപത്രം നല്‍കിയത് 2019ല്‍

2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കി. കേസിലെ മുഖ്യ പ്രതി ഫാ. തോമസ് കോട്ടൂരണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്നും സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ സിബിഐ ലിസ്റ്റിലുള്ള പല സാക്ഷികളും കൂറുമാറുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

Join WhatsApp News
CID Moosa 2019-11-04 22:43:02
ബിഷപ്പ് ഫ്രാൻകോ അംശ വടികൊണ്ട് അടിച്ചു കാണും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക