Image

മാന്‍ ഓണ്‍ ഫയര്‍ (ലോക സിനിമകള്‍-അഭി)

Published on 03 November, 2019
മാന്‍ ഓണ്‍ ഫയര്‍ (ലോക സിനിമകള്‍-അഭി)
മാന്‍ ഓണ്‍ ഫയര്‍ (MAN ON FIRE) (2004)
ഡ്രാമ /ക്രൈം
സംവിധായകന്‍: ടോണി സ്‌കോട്ട്
അഭിനേതാക്കള്‍: ടെന്‍സെല്‍ വാഷിംഗ്ടണ്‍, ഡക്കോട്ട ഫണ്ണിങ്,  രാധാ മിച്ചല്‍,  ക്രിസ്റ്റഫര്‍ വോക്കെന്‍,  മാര്‍ക് ആന്റണി, ജിയാന്‍കാര്‍ലോ ജിയാനി,  റേച്ചല്‍ റ്റിക്കോട്ടിന്‍,  മിക്കെ റൂര്‍ക്കേ
രാജ്യം: യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുണൈറ്റഡ് കിങ്ഡം.
സമയം: 146  മിനിറ്റ്
ഭാഷ: ഇംഗ്ലീഷ്

1980 ല്‍ ഇറങ്ങിയ
A. J. Quinnell ന്റെ 'മാന്‍ ഓണ്‍ ഫയര്‍' എന്ന ത്രില്ലര്‍ നോവലിനെ ആസ്പദമാക്കി,  പ്രമുഖ ഇംഗ്ലീഷ് സംവിധായകന്‍ ടോണി സ്‌കോട്ടിന്റെ സംവിധാനത്തില്‍ 2004 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍  െ്രെകംത്രില്ലറാണ് ‘മാന്‍ ഓണ്‍ ഫയര്‍’ എന്ന ഈ ഡെന്‍സല്‍ വാഷിംഗ്ടണ്‍ ചിത്രം.

മെക്‌സിക്കോ നഗരം,  എല്ലാത്തരം കുറ്റകൃത്യങ്ങളുടെയും വിളനിലമാണ്. പോലീസ് ഡിപ്പാര്‍ട്‌മെന്റിലും എന്തിനു ജുഡീഷ്യറിയില്‍ പോലും ഏജന്റുമാരുള്ള അധോലോകസംഘങ്ങള്‍  ആരെയും പേടിക്കാനില്ലാതെയാണ്  അരങ്ങു വാഴുന്നത്.  മെക്‌സിക്കോ നഗരത്തില്‍ ഒരു ദിവസം കുറഞ്ഞത് നാല് പേരെയെങ്കിലും തട്ടിക്കൊണ്ട് പോകുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. സമ്പന്നരെയാണ് അവര്‍ ഏറ്റവും കൂടുതല്‍ നോട്ടമിടുന്നത്.  അതുകൊണ്ടു തന്നെ സാമ്പത്തിക ശേഷി കൂടുതലുള്ള ആളുകള്‍ തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷക്കായി  ബോഡിഗാര്‍ഡിനെ നിയമിക്കുക എന്നത് മെക്‌സിക്കോയില്‍ സര്‍വസാധാരണമാണ്.

ജോണ്‍ ക്രീസി! ആറടിയില്‍ കൂടുതല്‍ ഉയരം! പരുക്കന്‍ മുഖഭാവം! നീണ്ട കാലത്തെ സി.ഐ.എ  ഉദ്യോഗം ജോണ്‍ ക്രീസിയുടെ ശരീരത്തെയും മനസ്സിനെയും വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ജീവിതത്തില്‍ എന്നും അയാള്‍ ഏകനായിരുന്നു! വിരലിലെണ്ണാവുന്ന സുഹൃത്തുക്കളല്ലാതെ കാത്തിരിക്കാന്‍ ഒരു കുടുംബമോ ബന്ധുജനങ്ങളോ ആരും ഇന്ന് അയാള്‍ക്കില്ല. അതുകൊണ്ട് തന്നെ മദ്യപാനത്തിലാണ് അയാളിന്നു ഏറ്റവും കൂടുതല്‍ ആശ്രയം കണ്ടെത്തുന്നത്! സ്വബോധമുള്ള സമയം വളരെ കുറവ്! സര്‍വീസിലുണ്ടായിരുന്ന സമയത്തു ലഭിച്ച അവാര്‍ഡുകള്‍ പോലെ അയാളുടെ ശരീരത്തെങ്ങും  മായാത്ത മുറിവുകള്‍!

അങ്ങനെ ഇരുപത്തിനാലു മണിക്കൂറും മദ്യത്തെ ശരണം പ്രാപിച്ചിരുന്ന ജോണ്‍ ക്രീസിയെ തേടി പുതിയ ഒരു ദൗത്യമെത്തുന്നു. മെക്‌സിക്കോ സിറ്റിയിലെ ബിസിനസുകാരനായ സാമുവേല്‍ റാമോസിന്റെ മകളുടെ ബോഡിഗാര്‍ഡാകുക എന്നതായിരുന്നു അത്. ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജോണ്‍ ക്രീസി ആ ജോലി ഏറ്റെടുക്കുന്നു. അല്ലെങ്കിലും മുകളിലാകാശവും താഴെ ഭൂമിയുമായി ജീവിക്കുന്ന ജോണ്‍ ക്രീസിക്കു ഇനി എന്ത് നോക്കാന്‍? പീറ്റ എന്ന വിളിപ്പേരുള്ള ആ കുഞ്ഞുസുന്ദരിയുടെ ബോഡി ഗാര്‍ഡായി ജോണ്‍ ക്രേസി തന്റെ ഔദ്യോഗിക ജീവിതത്തിന്റെ രണ്ടാമിന്നിംഗ്‌സ് ആരംഭിക്കുന്നു. ആദ്യമൊക്കെ തന്റെ പരുക്കന്‍ സ്വഭാവം വെച്ച് കുഞ്ഞു പീറ്റയോട് സംസാരിക്കാന്‍ ജോണ്‍ ക്രീസി മടി കാണിക്കുന്നു. എന്നാല്‍ പതിയെ  പീറ്റ അയാളുടെ മനസ്സ് കീഴടക്കുന്നു. പിന്നീടങ്ങോട്ട് അയാള്‍ കര്‍മം കൊണ്ട് അവളുടെ ആരെല്ലാമോ ആയി മാറുകയായിരുന്നു.

ജീവിതം നേരായ വഴിയിലെത്തി എന്ന് ക്രീസി ചിന്തിച്ചിരുന്ന സമയത്താണ് അയാള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്ന ആ സംഭവം നടക്കുന്നത്! പിന്നീടങ്ങോട്ടുള്ള ജോണ്‍ ക്രീസിയുടെ ജീവിതമാണ് വയലന്‍സും  ത്രില്ലിങ്ങും  സെന്റിമെന്‍റ്‌സും  ചേര്‍ന്ന ‘മാന്‍ ഓണ്‍ ഫയര്‍’ എന്ന ഈ സിനിമയുടെ ആകെത്തുക. ശ്വാസം പിടിച്ചിരുന്നു കാണേണ്ട സംഘട്ടനരംഗങ്ങള്‍ ആണ് സിനിമയുടെ ഹൈലൈറ്റ്.  ഈ സിനിമ കണ്ടു കഴിയുമ്പോള്‍  പരുക്കന്‍ ജോണ്‍ ക്രീസിയായി വേഷമിട്ട ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്ന നടന്‍  നമ്മളുടെ മനസ്സില്‍ കയറിക്കൂടിയിട്ടുണ്ടാകും!

മാന്‍ ഓണ്‍ ഫയര്‍ (ലോക സിനിമകള്‍-അഭി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക