Image

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി 'അവനി'; നൃത്ത ശില്പം നവംബര്‍ 9 ശനിയാഴ്ച

Published on 02 November, 2019
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി 'അവനി'; നൃത്ത ശില്പം നവംബര്‍ 9 ശനിയാഴ്ച
മിസ്സിസ്സാഗ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ട് ഭൂമി ദേവിക്ക് ഒരു സ്‌നേഹ സമര്‍പ്പണവുമായി നൂപുര ക്രിയേഷന്‍സ് ഒരുക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും പുതുമയാര്‍ന്ന നൃത്താവതരണം - 'അവനി ' നവംബര്‍ 9 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് മിസ്സിസ്സാഗയിലുള്ള മെഡോവയില്‍ തീയേറ്ററില്‍ അരങ്ങേറും .

ഇന്ന് നാം ഭൂമിയില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, വിവിധ തരം മലനീകരണങ്ങള്‍, മലയിടിച്ചില്‍, ഭൂകമ്പങ്ങള്‍, പ്രളയങ്ങള്‍ തുടങ്ങിയവയുടെ ഭീകരാവസ്ഥ ഒരു നൃത്താവിഷ്‌കാരത്തിലൂടെ തുറന്നുകാട്ടി, അതിലേക്ക് നമ്മെ തള്ളി വിടുന്ന വനനശീകരണം, കായല്‍ നിരത്തല്‍, പാറഖനനം , മണല്‍ വാരല്‍ തുടങ്ങീ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം വരെ ഒരു ബോധവല്‍ക്കരണമെന്നോണം ആസ്വാദകരില്‍ എത്തിക്കുവാനുള്ള എളിയ ശ്രമമാണ് 'അവനി' യിലൂടെ നടത്തുന്നത്.

ഇന്‍ഡോ -കനേഡിയന്‍ കള്‍ച്ചറല്‍ ഇനീഷ്യേറ്റീവ് വിമന്‍ ഹീറോ, വാട്ടര്‍ ഫ്രണ്ട് അവാര്‍ഡ് തുടങ്ങിയ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള , കാനഡയിലെ അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമായ ഗായത്രി ദേവി വിജയകുമാറാണ് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ നൃത്താവിഷ്‌കാരത്തിന്റെ ശില്പി .

നൂപുര സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിലെ- സാര്‍ണിയ, ലണ്ടന്‍, സ്‌കാര്‍ബൊറോ, മിസ്സിസ്സാഗ, ബ്രാംപ്ടന്‍ , കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് ഇതില്‍ പങ്കെടുക്കുന്നത് .

ആശയാവിഷ്‌ക്കാരവും കോറിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നത് ഈ വര്‍ഷത്തെ സംസ്ഥാന സംഗീത-നാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ നര്‍ത്തകിയും കോറിയോഗ്രാഫറുമായ അശ്വതി വി നായരാണ് .

പ്രമുഖരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി , എന്‍.കെ മധുസൂദനന്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന 'അവനി' യിലെ സംഗീതം പൂര്‍ണ്ണമായും പ്രീ-റെക്കോര്‍ഡ് ചെയ്തത് ഇന്ത്യയിലാണ്.

സി.ഐ.ബി.സി. മൊബൈല്‍ മോര്‍ട്‌ഗേജ് അഡൈ്വസര്‍ അനില്‍ കരിപ്പൂര്‍, യോഗി ആന്‍ഡ് പാര്‍ട്ട്‌ണെസ് , വിബിന്‍ വിന്‍സെന്റ് (റിയല്‍ എസ്റ്റേറ്റ് ) എന്നിവരാണ് 'അവനി' യുടെ പ്രധാന സ്പോണ്‍സര്‍മാര്‍.

നൂപുര സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന 'നുപൂരോത്സവ'ത്തിന്റെ ഭാഗമായാണ് 'അവനി ' അവതരിപ്പിക്കുന്നത്. ഈ കലാ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കാനഡയിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ എത്തിച്ചേരും.

നുപൂരോത്സവത്തില്‍, സംഗീത വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അന്നേദിവസം മൂന്ന് മണിക്ക് അതേ തീയേറ്ററില്‍ വച്ച് നടക്കും. അഞ്ചു മണി മുതല്‍ ഏഴു മണിവരെ നൃത്ത വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന 'അവനി' ക്ക് ശേഷം സമ്മാന വിതരണത്തോടെ പരിപാടികള്‍ അവസാനിക്കും.
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി 'അവനി'; നൃത്ത ശില്പം നവംബര്‍ 9 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക