Image

സൗന്ദര്യത്തില്‍ ശ്രദ്ധിക്കാറില്ലെന്ന് ഹിലരി;ഇന്ത്യയുടെ സുഹൃത്ത് സെനറ്റര്‍ ലൂഗര്‍ തോറ്റു

Published on 10 May, 2012
സൗന്ദര്യത്തില്‍ ശ്രദ്ധിക്കാറില്ലെന്ന് ഹിലരി;ഇന്ത്യയുടെ സുഹൃത്ത് സെനറ്റര്‍ ലൂഗര്‍ തോറ്റു
ലണ്ടന്‍: തന്റെ ഫാഷനെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ രംഗത്ത്. സൗന്ദര്യം കൂട്ടാനായി മേയ്ക്കപ്പ് ധരിക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ഹിലരി പറഞ്ഞു. അടുത്തിടെ നടത്തിയ ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനത്തിനിടെ സ്വാഭാവിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഹിലരി ക്ഷീണിതായായാണ് കാണപ്പെട്ടതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനായി ഒരുപാട് സമയം ചെലവഴിക്കേണ്ടതുണ്‌ടെന്നും ഇതിന് തനിക്ക് സമയമില്ലെന്നും ഹിലരി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ഇപ്പോഴത്തെ ജീവിതരിതിയില്‍ സംതൃപ്തയാണെന്നും തന്റെ സൗന്ദര്യത്തെപ്പറ്റി ആശങ്കപ്പെടുന്നവര്‍ ആശങ്കപ്പെട്ടോട്ടെയെന്നും ഹിലരി പറഞ്ഞു.

ഇന്ത്യയുടെ സുഹൃത്ത് സെനറ്റര്‍ ലൂഗര്‍ തോറ്റു

വാഷിംഗ്ടണ്‍: ഇന്ത്യയുടെ സുഹൃത്ത് എന്നറിയപ്പെടുന്ന യുഎസ് പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് ലൂഗര്‍ (80) ഇന്ത്യാനയില്‍ സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ലൂഗര്‍ മുപ്പത്തഞ്ചു വര്‍ഷമായി യുഎസ് സെനറ്റ് അംഗമാണ്. ഇന്ത്യ-യുഎസ് ആണവ കരാര്‍ പാസാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇന്ത്യാന സ്‌റ്റേറ്റ് ട്രഷറര്‍ റിച്ചാര്‍ഡ് മര്‍ഡോക്ക് ആണ് ലൂഗറെ പരാജയപ്പെടുത്തിയത്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മര്‍ഡോക്ക് ആയിരിക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി. ലൂഗറുടെ സേവനങ്ങളെ പ്രസിഡന്റ് ബറാക് ഒബാമ ഒരു പ്രസ്താവനയിലൂടെ പരാമര്‍ശിച്ചു. ലൂഗറുടെ തോല്‍വി സെനറ്റിന് ദുരന്തമാണെന്ന് സെനറ്റ് വിദേശബന്ധ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ കെറി പറഞ്ഞു.

പ്രൈമറികളില്‍ ജയം തുടര്‍ക്കഥയാക്കി റോംനി

വാഷിംഗ്ടണ്‍: മൂന്നു സ്റ്റേറ്റുകളിലെ പ്രൈമറികളില്‍ക്കൂടി വിജയിച്ചതോടെ മുന്‍ മാസച്യൂസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായി. ഇന്ത്യാന, നോര്‍ത്ത് കരോളൈന, വെസ്റ്റ് വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലെ പ്രൈമറികളിലാണ് ഏറ്റവും ഒടുവില്‍ റോംനി വിജയിച്ചത്. സിബിഎസ് ന്യൂസിന്റെ കണക്കുപ്രകാരം ഇതോടെ റോംനിയെ പിന്തുണയ്ക്കുന്ന ഡലിഗേറ്റുകളുടെ എണ്ണം 934 ആയി. 1,144 ഡലിഗേറ്റുകളുടെ പിന്തുണയാണു പാര്‍ട്ടി നോമിനേഷനു വേണ്ടത്.

ന്യൂട്ട് ഗിന്‍ഗ്രിച്ചും റിക് സാന്റോറവും മത്സരത്തില്‍നിന്നു പിന്മാറി. റോംനിക്ക് പിന്തുണ നല്‍കുകയാണെന്ന് സാന്റോറം കഴിഞ്ഞദിവസം ഇ-മെയില്‍ സന്ദേശത്തില്‍ അനുയായികളെ അറിയിച്ചു. ഇനി 92 ഡലിഗേറ്റുകളുടെ പിന്തുണ മാത്രമുള്ള റോണ്‍പോള്‍ മാത്രമേ മത്സരരംഗത്തുള്ളു.ഓഗസ്റ്റില്‍ ഫ്‌ളോറിഡയിലെ ടാമ്പയില്‍ നടക്കുന്ന റിപ്പബ്‌ളിക്കന്‍ കണ്‍വന്‍ഷന്‍ റോംനിയെ യുഎസ് പ്രസിഡന്റ് ഇലക്ഷനിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നു കരുതപ്പെടുന്നു. ഇതേസമയം, ഡെമോക്രാറ്റ് ടിക്കറ്റില്‍ മത്സരിക്കുന്ന ഒബാമയുമായുള്ള പോരാട്ടത്തില്‍ റോംനിക്ക് ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടിവരുമെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചന.

ജോണ്‍ ട്രവോള്‍ട്ട ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരാള്‍ കൂടി രംഗത്ത്

ലോസ് ഏയ്ഞ്ചല്‍സ്: പ്രശസ്തഹോളിവുഡ് നടനും ഗായകനുമായ ജോണ്‍ ട്രവോള്‍ട്ട ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരാള്‍ കൂടി രംഗത്ത്. ബെവര്‍ലി ഹില്‍സിലെ ഹോട്ടലില്‍ തിരുമ്മുചികിത്സയ്ക്കിടെ പീഡിപ്പിച്ചുവെന്നാരോപിച്ച് ടെക്‌സാസ് സ്വദേശി കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. ഇരുപതു ലക്ഷം ഡോളര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ടുള്ള കേസില്‍ ജോര്‍ജിയയിയില്‍ നിന്നുള്ളയാളും പങ്കുചേരുകയായിരുന്നു.

ജനവരി 16നാണ് ടെക്‌സാസ് സ്വദേശി പീഡനത്തിനിരയായത്. ജനുവരി 28ന് അറ്റ്‌ലാന്റയിലെ ഹോട്ടലിലെ മുറിയില്‍ വെച്ചാണ് ട്രവോള്‍ട്ട പീഡനത്തിനു ശ്രമിച്ചതെന്നാണ് ജോര്‍ജിയക്കാരന്റെ പരാതി. രണ്ടു പരാതികളും അസംബന്ധമാണെന്ന് ട്രവോള്‍ട്ടയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. സാറ്റര്‍ഡേ നൈറ്റ് ഫീവര്‍, പള്‍പ്പ് ഫിക്ഷന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനികളിലൂടെ ശ്രദ്ധേയനായ നടനാണ് 58 കാരനായ ട്രവോള്‍ട്ട. രണ്ടു തവണ ഓസ്കര്‍ നാമനിര്‍ദേശം നേടിയിട്ടുണ്ട്.

പാക്കിസ്ഥാനുള്ള യുഎസ് സഹായം വെട്ടിക്കുറച്ചു

വാഷിംഗ്ടണ്‍: തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതു വരെ സാമ്പത്തിക, സുരക്ഷാ സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ യുഎസ് തീരുമാനം. ഇതിന്‍റെ പശ്ചാത്തലത്തില്‍ പാക് സൈനിക പരിശീലനത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും വേണ്ടി നല്‍കുന്ന പ്രത്യേക ഫണ്ടില്‍ നിന്ന് 800 മില്യന്‍ ഡോളര്‍ യുഎസ് കോണ്‍ഗ്രസ് വെട്ടിക്കുറച്ചു. ഇതോടെ യുഎസ്പാക് ബന്ധം കൂടുതല്‍ വഷളാകുമെന്നു സൂചന. പാക് അനുവാദമില്ലാതെ അബോട്ടാബാദില്‍ യുഎസ് സൈനികര്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യുഎസ് കോണ്‍ഗ്രസില്‍ ഉയര്‍ന്ന അഭിപ്രായം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക