Image

കെ.സി.വൈ.എല്‍. സുവര്‍ണ്ണജൂബിലിക്ക് ആശംസകള്‍ (രാജു ആലപ്പാട്ട്)

Published on 30 October, 2019
കെ.സി.വൈ.എല്‍. സുവര്‍ണ്ണജൂബിലിക്ക് ആശംസകള്‍ (രാജു ആലപ്പാട്ട്)
1982 ഫെബ്രുവരി മാസത്തിലെ ഒരു ഞായറാഴ്ച കിഴക്കേനട്ടാശ്ശേരി വികാരിയായിരുന്ന ബഹു. ചാഴികാട്ട് ജോസച്ചന്‍ കുര്‍ബാന കൂടുന്നതിനുവേണ്ടി രാവിലെ പള്ളിയില്‍ ചെന്ന എന്നോട് പറഞ്ഞു - ""നമ്മുടെ ഇടവകയില്‍ കെ.സി.വൈ.എല്‍. യൂണിറ്റ് ആരംഭിക്കുന്നതിനുവേണ്ടി രൂപതാ ഭാരവാഹികള്‍ വരുന്നുണ്ട്. അവര്‍ക്ക് പള്ളിയിലേക്ക് വരുവാന്‍ വഴി അറിയില്ല. കൂട്ടിക്കൊണ്ടുവരാന്‍ ജംഗ്ഷന്‍ വരെ പോകാമോ? '' ഞാന്‍ അവരെ സന്തോഷത്തോടെ സ്വീകരിക്കുന്നതിനുവേണ്ടിപോയി. ഇടയ്ക്ക് വഴിയില്‍വെച്ച് ബസ്സ് കിട്ടാതെ രണ്ട് ചെറുപ്പക്കാര്‍ നടന്നുവരുന്നത് കണ്ടു. ഇന്ന് ഞങ്ങളില്‍ ഒരു സ്മരണയായി ജീവിക്കുന്ന ബാബു ചാഴികാടനും അമേരിക്കയിലെ വിവിധ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയ ജോസ് കണിയാലിയുമായിരുന്നു അവര്‍. ആ സുഹൃത്തുക്കള്‍ ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും  തുടരുന്നു...

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍വെച്ച് നടത്തിയ നേതൃത്വപരിശീലനക്യാമ്പില്‍ ഞാന്‍ പങ്കെടുത്തു. ആരാലും ശ്രദ്ധിക്കപ്പെടാതെ ഏറ്റവും പിറകിലായിരുന്നു ഞാന്‍ ഇരുന്നത്. ക്യാമ്പില്‍ 2-ാം ദിവസം ബാബു പൂഴിക്കുന്നേല്‍ സാറിന്റെ പ്രസംഗപരിശീലന ക്ലാസ്സ് എന്നെ വളരെ ആകര്‍ഷിച്ചു. പ്രസംഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചത് ഇന്നും ഓര്‍ക്കുന്നു. വാശിയേറിയ രൂപതാ തെരഞ്ഞെടുപ്പിനുശേഷം ഫൊറോനാ തെരഞ്ഞെടുപ്പില്‍ ഇടയ്ക്കാട്ട് ഫൊറോന പ്രസിഡന്റായി ഒരു വോട്ടിനാണ് ഞാന്‍ വിജയിച്ചത്. ബാംഗ്ലൂരില്‍ ബി.എഡ്. വിദ്യാര്‍ത്ഥിയായിരുന്ന ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍ വോട്ട് ചെയ്യുന്നതിനുവേണ്ടി മാത്രം നാട്ടില്‍ വന്നതും, അന്നുതന്നെ തിരികെ പോയതും ഇന്ന് എനിക്ക് അത്ഭുതമാണ്. ഈ കാലഘട്ടത്തില്‍ കിഴക്കേനട്ടാശ്ശേരി വികാരിമാരായിരുന്ന മണക്കാട്ടച്ചനും, ഇളപ്പാനിക്കല്‍ അച്ചനും, മഞ്ഞാങ്കല്‍ ജോര്‍ജ് അച്ചനും നല്‍കിയ പ്രോത്സാഹനം എന്നെ ഒത്തിരി വളര്‍ത്തി.

ഫൊറോനാ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ കുറവായ കാലഘട്ടത്തില്‍ ഇടയ്ക്കാട്ട് ഫൊറോനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം താല്പര്യം കാണിക്കുകയും ഏറ്റവും നല്ല ഫൊറോനയ്ക്കായി ട്രോഫി  ഏര്‍പ്പെടുത്തുകയും അത് ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്ത ബഹു. തറയില്‍ തോമസ് അച്ചനെയും പുല്ലാപ്പള്ളില്‍ ജോണിച്ചായനെയും ഞാന്‍ സ്മരിക്കുന്നു. പീരുമേട്ടില്‍ നടന്ന ഇലക്ഷന്‍ ക്യാമ്പില്‍ പാനല്‍ അടിസ്ഥാനത്തില്‍ ഇലക്ഷനു ഒരുങ്ങിവന്ന പ്രവര്‍ത്തകരെ ആ ഇലക്ഷന്‍ രീതി മാറ്റിക്കൊണ്ട് പോയിന്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പരസ്പരം പരിചയമില്ലായിരുന്ന ജിമ്മി കണിയാലിയും, ഫിലിപ്പ് പെരുമ്പളത്തുശ്ശേരിയും, ഉഴവൂര്‍ ബേബിയും, സീമാ സൈമണും, ഞാനും ആദ്യമായി രൂപതാ ഭാരവാഹികളായി തെരഞ്ഞെടുത്തതും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പ്രവര്‍ത്തിച്ചതും ഇന്നും ഓര്‍ക്കുന്നു. ഇന്നുള്ളതുപോലെ ഭാരവാഹികള്‍ക്ക് ഭവനങ്ങളില്‍ ഫോണോ സ്വന്തമായി വാഹനങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തില്‍ അന്നത്തെ പ്രവര്‍ത്തനങ്ങള്‍ ക്ലേശകരമായിരുന്നു. മഹത്വമാര്‍ന്ന സ്ത്രീ സങ്കല്പത്തെക്കുറിച്ച് നടത്തിയ സിമ്പോസിയവും റാലിയും അതിന്റെ ഭാഗമായി വിവിധ ഇടവകകളില്‍ നോട്ടീസുമായി ജിമ്മി കണിയാലിയുമായി ബൈക്കില്‍ യാത്ര ചെയ്തതും ഇന്നും ഓര്‍മ്മിക്കുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അയ്യായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്ത റാലിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ പുളകമണിയിക്കുന്നു. ഈ പരിപാടികള്‍ക്ക് അന്ന് റീജന്‍സി ബ്രദറും ഇന്ന് കടുത്തുരുത്തി ഫൊറോന വികാരിയുമായ ബഹു. കെന്നഡി അച്ചന്‍ രൂപതാഭാരവാഹികളെപ്പോലെ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചതും ഓര്‍ക്കുന്നു.

തൂവാനിസയില്‍ നടന്ന ഇലക്ഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കിയ ബഹു. തോമസ് ആദോപ്പള്ളില്‍ അച്ചന്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചതും തെരഞ്ഞെടുപ്പില്‍  ജിമ്മി കണിയാലിയും, ഫിലിപ്പ് പെരുമ്പളത്തുശ്ശേരിയും, സൈമണ്‍ ആറുപറയും, സീമാ സൈമണും, ഞാനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ഇന്നും ഓര്‍മ്മിക്കുന്നു. ബാബു സാറിന്റെ മനസ്സിലുദിച്ച ആശയമായ കമ്മ്യൂണിസത്തിന്റെ പരാജയം സിദ്ധാന്തത്തിലോ പ്രയോഗത്തിലോ എന്ന സിമ്പോസിയത്തില്‍ മന്ത്രി എം.വി. രാഘവന്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.

കെ.സി.വൈ.എല്‍. രൂപതാ ഭാരവാഹികളായ ഞങ്ങളെയാണ് എല്ലാ പരിപാടികള്‍ക്കും വിശിഷ്ടവ്യക്തികളെ ക്ഷണിക്കുന്നതിനുവേണ്ടി ഏല്പിച്ചത്. അവരുമായി ഉണ്ടാക്കിയ വ്യക്തിബന്ധങ്ങള്‍ ഇന്നും ഒരു മുതല്‍ക്കൂട്ടാണ്. രൂപതാഭാരവഹികള്‍ ആയിരുന്ന കാലഘട്ടത്തില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ച തോമസ് കോട്ടൂരച്ചനെയും, മുത്തോലത്തച്ചനെയും, ചീക്കപ്പാറ അച്ചനെയും, കന്നുവെട്ടിയേല്‍ അച്ചനെയും, കുര്യത്തറ അച്ചനെയും, ബിഷപ്പ് ഹൗസില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ച പരേതരായ മോണ്‍. പുലിക്കൂട്ടിലച്ചനെയും, കൊട്ടാരത്തിലച്ചനെയും സ്മരിക്കുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി ബാബു ചാഴികാടനെ തെരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം എന്നെ കോട്ടയം നിയോജമണ്ഡലം പ്രസിഡന്റാക്കിയതും എല്ലാ പ്രവര്‍ത്തനങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയതും എനിക്ക് ഇന്ന് വേദനിക്കുന്ന ഓര്‍മ്മകളായി നിലനില്‍ക്കുന്നു. ബാബു ഇന്ന് ടോമിച്ചേട്ടന്റെ (തോമസ് ചാഴികാടന്‍ എംപി.) രൂപത്തില്‍ ഞങ്ങളുടെ ഇടയില്‍ സജീവസാന്നിദ്ധ്യമായി നിലനില്‍ക്കുന്നു.

കെ.സി.വൈ.എല്‍. ലില്‍ ഒന്നിച്ച്  പ്രവര്‍ത്തിച്ച് ഇന്ന് വിവിധ രാജ്യങ്ങളില്‍ ജോലിയും ബിസിനസ്സും ചെയ്ത സുഹൃത്തുക്കള്‍ നാട്ടിലെത്തുമ്പോള്‍ പൂഴിക്കുന്നേല്‍ ബാബു സാറിനോടും ടോമിച്ചേട്ടനോടുമൊപ്പം സ്‌നേഹബന്ധങ്ങള്‍ പുതുക്കുന്നതും, യാത്രകള്‍ക്ക് പോകുന്നതും കെ.സി.വൈ.എല്‍. സമ്മാനിച്ച അനശ്വര സൗഹൃദം മൂലമാണ്.

കെ.സി.വൈ.എല്‍.  പ്രവര്‍ത്തിക്കുന്നത് എന്തിന് എന്ന് ചോദിക്കുന്ന സുഹൃത്തുക്കളോട് എനിക്ക് പറയുവാനുള്ളത് കെ.സി.വൈ.എല്‍. ലുള്ള വ്യക്തി ബന്ധങ്ങളും സ്‌നേഹബന്ധങ്ങളും അനശ്വരമാണ് എന്നും....

രാജു ആലപ്പാട്ട്
(കെ.സി.വൈ.എല്‍. മുന്‍ അതിരൂപതാ ട്രഷറര്‍, വൈസ് പ്രസിഡന്റ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക