Image

കേരളം കേരളം സ്ത്രീകളുടെയും കുട്ടികളുടെയും അപായമേഖല: കുമ്മനം രാജശേഖരന്‍

Published on 30 October, 2019
കേരളം കേരളം സ്ത്രീകളുടെയും  കുട്ടികളുടെയും അപായമേഖല: കുമ്മനം രാജശേഖരന്‍
കേരളം സ്ത്രീകളുടെയും  കുട്ടികളുടെയും പട്ടികജാതി സഹോദരങ്ങളുടെയും അപായമേഖലയായി (ഡേഞ്ചര്‍ സോണ്‍)തീര്‍ന്നിരിക്കുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍.

വാളയാര്‍ അട്ടപ്പള്ളത്ത് രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ പ്രോസിക്യുഷനും പോലീസും അനാസ്ഥ കാട്ടി. പ്രോസിക്യുഷനും പ്രതികളും ഒത്തുചേര്‍ന്ന് ഗൂഡാലോചന നടത്തിയും അട്ടിമറിച്ചും ഇരകള്‍ക്ക് സാമൂഹ്യനീതി  നിഷേധിച്ചു. പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ അതീവ ഗൗരവത്തോടും ഉന്നത സര്‍ക്കാര്‍ മേലധികാരികളുടെ കര്‍ശനമായ നിരീക്ഷണത്തിലും അന്വേഷണം നടത്തിയും തുമ്പുണ്ടാക്കിയും പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ് . പക്ഷെ വാളയാര്‍ കേസില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട നാള്‍ മുതല്‍ പ്രതികളെ രക്ഷപ്പെടുത്താനായിരുന്നു പോലീസിന്റെ ശ്രമം.

കൊലപാതകമായിരുന്നു എന്നതിന് ഒട്ടേറെ തെളിവുകള്‍ ലഭിച്ചു. പ്രതികളെല്ലാം സിപിഎമ്മുകാര്‍. അവരെ ജാമ്യത്തിലിറക്കാന്‍ എത്തിയത് സിപിഎം നേതാക്കള്‍. മുന്‍ സിപിഎം എംപിയുടെ  ഭാര്യാസഹോദരന്‍ തന്നെ നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് പ്രതികളെ ഇറക്കിക്കൊണ്ടുപോയത്.

 ആദ്യ മരണ സ്ഥലത്ത് മുഖം മറച്ച രണ്ടുപേരെ കണ്ടുവെന്ന രണ്ടാമത്തെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല. അമ്മയോടും ബന്ധുക്കളോടും വേണ്ട തെളിവുകള്‍ ആരാഞ്ഞില്ല. ഒരു കൊച്ചു കുട്ടിക്ക് 12 അടി പൊക്കമുള്ളിടത്ത് കെട്ടിത്തൂങ്ങി എങ്ങനെ   മരിക്കാനാകും?? കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള പോലീസിന്റെ വ്യാഖ്യാനങ്ങള്‍ കെട്ടിച്ചമച്ചതും ദുരുപദിഷ്ടവുമാണ്. കൊലയാണെന്ന് തെളിയിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും പരിഗണിക്കപ്പെട്ടില്ല.

കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ കുട്ടികള്‍ക്കെതിരെ 24,562 പീഡന കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പറയുന്നു. പോക്‌സോ കോടതീയില്‍ മാത്രം കഴിഞ്ഞ 4 മാസത്തിനിടയില്‍ 1156 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കാലത്ത് പാലക്കാട് ജില്ലയില്‍ 82 കേസുകളാണ് ഉള്ളത്. അതായത് ഓരോ 36 മണിക്കൂറിലും ഒരു കുട്ടി വീതം  പീഡിപ്പിക്കപ്പെടുന്നു. 2018 ഇല്‍ മൊത്തം കേസ് 3,174 ആണ്.

കേരളത്തില്‍ അമ്മപെങ്ങന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ജീവിക്കാന്‍ വയ്യെന്ന സ്ഥിതിവിശേഷമാണുള്ളത്. ഇരകളായി തീരുന്നവരുടെ ഇടയിലേക്ക് വേട്ടക്കാരോടൊപ്പം എത്തുന്ന പോലീസും വിവിധ കമ്മീഷനുകളും സര്‍ക്കാരും നീട്ടുന്നത് സഹായ ഹസ്തമല്ല, നീതി നിഷേധത്തിന്റെ ഉരുക്കു മുഷ്ടികളാണ്.

കുട്ടികളുടെയും സ്ത്രീകളുടെയും പട്ടികജാതി സഹോദരങ്ങളുടെയും സംരക്ഷണത്തിന് ഉണ്ടാക്കിയിട്ടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഈ സന്ദര്‍ഭത്തില്‍ നോക്കുകുത്തികളായിരിക്കുന്നു.
പഞ്ചായത്ത് ജാഗ്രതാസമിതികള്‍ നേരിട്ട് ഇടപെട്ട് പീഡിതരായ കുട്ടികളെ സംരക്ഷിക്കണമെന്നാണ് പഞ്ചായത്ത് രാജ് ആക്ട് അനുശാസിക്കുന്നത്. സിപിഎമ്മിന്റെ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് അട്ടപ്പള്ളത്തേക്ക് എത്തിനോക്കിയതേയില്ല.

ബാലസൗഹൃദ പഞ്ചായത്ത് ആക്കാനാണ് യൂണിസെഫ് കോടികള്‍ ചെലവഴിക്കുന്നത്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സ്കീമില്‍ കൗമാര ക്ലബ്ബ് രൂപീകരിച്ച്  പീഡനങ്ങളെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടികള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നു. ഓരോ അംഗനവാടിയും കേന്ദ്രീകരിച്ച് പ്രൊജക്റ്റ് ഓഫീസര്‍മാരെ നിയമിച്ച് സാമൂഹ്യനീതിവകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി, ബാലാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ , പട്ടികജാതി കമ്മീഷന്‍ ഇങ്ങനെ എത്ര എത്ര സംവിധാനങ്ങള്‍ !!

ഇവയെല്ലാം അട്ടപ്പള്ളത്ത് നിഷ്ക്രിയവും നിശബ്ദവും നോക്കുകുത്തികളുമായി നിന്നത് യാദൃശ്ചികമെന്നോ ഒറ്റപ്പെട്ടതെന്നോ പറയാനാവില്ല.

മനഃപൂര്‍വ്വം പ്രതികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഡാലോചനയും കരുനീക്കങ്ങളും കേസിനെ പരിതാപകരമായ നിലയിലാക്കി.

സര്‍ക്കാരിന്റെ വീഴ്ച മൂലമാണ് ഈ വിധത്തില്‍ പ്രതികളെല്ലാം രക്ഷപെട്ടത്. അതേ പോലീസിനെത്തന്നെ പുനരന്വേഷണം ഏല്‍പ്പിച്ചാല്‍ നീതി ഒരിക്കലും ഇരകള്‍ക്ക് കിട്ടില്ല. സിബിഐയെയോ വിദഗ്ധ കുറ്റാന്വേഷണ സംഘത്തെയോ കേസന്വേഷണം ഏല്‍പ്പിക്കുകയാണ് വേണ്ടത്.

കേരളം കേരളം സ്ത്രീകളുടെയും  കുട്ടികളുടെയും അപായമേഖല: കുമ്മനം രാജശേഖരന്‍
കേരളം കേരളം സ്ത്രീകളുടെയും  കുട്ടികളുടെയും അപായമേഖല: കുമ്മനം രാജശേഖരന്‍
കേരളം കേരളം സ്ത്രീകളുടെയും  കുട്ടികളുടെയും അപായമേഖല: കുമ്മനം രാജശേഖരന്‍
കേരളം കേരളം സ്ത്രീകളുടെയും  കുട്ടികളുടെയും അപായമേഖല: കുമ്മനം രാജശേഖരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക