Image

വാളയാർ സംഭവം കേരളസമൂഹത്തിന് അപമാനം : നവയുഗം വനിതാവേദി

Published on 28 October, 2019
വാളയാർ സംഭവം കേരളസമൂഹത്തിന് അപമാനം : നവയുഗം വനിതാവേദി
ദമ്മാം: വാളയാറിൽ പതിമ്മൂന്നും,ഒൻപതും  വയസ്സ് മാത്രമുണ്ടായിരുന്ന കുട്ടികളുടെ കൊലപാതകകേസിൽ പ്രതികളായവരെ കോടതി വെറുതെ വിട്ട സംഭവം, പ്രബുദ്ധകേരളസമൂഹത്തിനേറ്റ തീരാകളങ്കമാണെന്ന് നവയുഗം സാംസ്ക്കാരികവേദി വനിതാവേദി കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

സാമ്പത്തികമായി പാർശ്വവൽക്കരിയ്ക്കപ്പെട്ട, ജാതീയമായി പിന്തള്ളപ്പെട്ട കുടുംബത്തിൽ നിന്നുള്ള രണ്ടു കുഞ്ഞുങ്ങളാണ് കൊല ചെയ്യപ്പെട്ടത്. ആദ്യത്തെ കുട്ടി ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ ശേഷം 52 ദിവസങ്ങൾക്ക് ശേഷമാണ് ഇളയകുട്ടി മരണമടയുന്നത്. ആദ്യത്തെ കുട്ടിയുടെ മരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികളെ ജയിലിൽ ആക്കിയിരുന്നുവെങ്കിൽ രണ്ടാമത്തെ കുഞ്ഞ് മരിയ്ക്കില്ലായിരുന്നു.  വേണ്ട രീതിയിൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച്, നീതി ഉറപ്പാക്കാനുള്ള ശ്രമം ഈ കേസിൽ പോലീസ് നടത്തിയിട്ടില്ല എന്നത് വ്യക്തമാണ്. ഇതിനെ ഏതാനും പോലീസുകാരുടെ മാത്രം  വീഴ്ചയായി മാത്രം  കാണാൻ കഴിയില്ല. പണവും സാമൂഹികമായി സ്ഥാനവും ഇല്ലാത്ത പാവപ്പെട്ടവർക്ക്, നീതി ഇത്രയൊക്കെ മതി എന്ന ഒരു സാമൂഹ്യവിരുദ്ധമായ സമീപനത്തിന്റെ ഫലമാണിത്. മുളയിലേ നുള്ളേണ്ട ഒരു മഹാരോഗത്തിന്റെ ലക്ഷണമാണത്.

കോടതിവിധിയ്ക്കെതിരെ സർക്കാർ അപ്പീൽ കൊടുക്കണം. കേസ് വാദിച്ച സർക്കാർ വക്കീലന്മാർക്കെതിരെയും,ഈ കേസ് ഇമ്മാതിരി അന്വേഷിച്ച കഴിവുകെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണവും, സർവ്വീസ്  നടപടികളും ഉണ്ടാകണം. ഐ.ജി റാങ്കിലുള്ള സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ,  പുതിയൊരു അന്വേഷണസംഘത്തിനെ വെച്ച് കൊണ്ട് ഈ കേസ് വീണ്ടും അന്വേഷിയ്ക്കണം. കൃത്യമായും സമയബന്ധിതമായും ആ അന്വേഷണം ആഭ്യന്തരവകുപ്പ് പൂർത്തിക്കി, യഥാർത്ഥ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തു എന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി സെക്രട്ടറി മിനി ഷാജിയും, പ്രസിഡന്റ് അനീഷ കലാമും പത്രപ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക