Image

ഹരിയാന, കേരളം: ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണങ്ങള്‍-2 (വെള്ളാശേരി ജോസഫ്)

Published on 28 October, 2019
ഹരിയാന, കേരളം:  ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണങ്ങള്‍-2 (വെള്ളാശേരി ജോസഫ്)
ഹരിയാന

ബി.ജെ.പി. തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വേകളും, എക്‌സിറ്റ് പോളുകളും പ്രവചിച്ച ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ കാലുപിടിച്ചാണ് മന്ത്രിസഭയുണ്ടാക്കാന്‍ പോകുന്നത്. ഈ തട്ടിക്കൂട്ടുമന്ത്രിസഭയില്‍ ജനങ്ങള്‍ തൃപ്തരല്ല. കാരണം അടിസ്ഥാനപരമായി ഈ തിരഞ്ഞെടുപ്പ് ഫലം ഭരണ വിരുദ്ധ വികാരമാണ് പ്രതിഭലിപ്പിച്ചത്. രൂക്ഷമായി കൊണ്ടിരിക്കുന്ന കാര്‍ഷിക പ്രശ്‌നങ്ങളും, പൊതു സാമ്പത്തിക മാന്ദ്യവും ഹരിയാന രാഷ്ട്രീയത്തെ താമസിയാതെ ഇളക്കിമറിക്കാന്‍ സാധ്യതയുണ്ട്. പിന്നീട് ഡല്‍ഹി വഴി ആ രാഷ്ട്രീയം ഉത്തര്‍ പ്രദേശിലേക്കും പടര്‍ന്ന് കയറിയാല്‍ ബി.ജെ.പി. - ക്ക് ആശങ്കപ്പെടാതെ വയ്യാ. ഹിന്ദുത്വ പ്രസംഗങ്ങളും, റാം മന്ദിരവും, ജയ് ശ്രീറാം വിളികളുമൊന്നും മഹാ ഭുരിപക്ഷം ഹിന്ദുക്കളേയും സമ്പദ് വ്യവസ്ഥ ഈ രീതിയില്‍ പോയാല്‍ ഇനി ആവേശം കൊള്ളിക്കില്ല. നോട്ടു നിരോധനം, ദളിത് പീഡനം, മുസ്ലിം-ക്രിസ്ത്യന്‍ പീഢനങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍, കോര്‍പ്പറേറ്റ് പ്രീണനങ്ങള്‍, വ്യാപാര-വ്യാവസായിക തകര്‍ച്ചകള്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വില്‍പ്പനകളും, പിരിച്ചുവിടലുകളും - എല്ലാമെല്ലാം ബി.ജെ.പി.നേതൃത്യത്തിന്ന് ഉത്തരമില്ലാ പ്രശ്‌നങ്ങളാണ് . ഈ രീതിയില്‍ പോയാല്‍ ബി.ജെ.പി.- യുടെ പടിയിറക്കത്തിന്റ്റെ കാലമാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ പോകുന്നത്.

ആകെയുള്ള 90 സീറ്റുകളില്‍ 40 സീറ്റുകളാണ് ബി.ജെ.പി. വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നേടിയതിലും ഏഴു സീറ്റുകള്‍ കുറവ്. കഴിഞ്ഞ തവണ 15 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 16 സീറ്റുകള്‍ കൂടുതല്‍ നേടി 31 സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയ ഓംപ്രകാശ് ചൗതാലയുടെ ഐ.എന്‍.എല്‍.ഡി. ഇത്തവണ ഒരു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ചൗതാല കുടുംബത്തില്‍ നിന്നു തന്നെയുള്ള ദുഷ്യന്ത് ചൗതാലായുടെ ജനനായക് ജനതാ പാര്‍ട്ടി 10 സീറ്റുകള്‍ പിടിച്ചെടുത്തു. ഏഴു സ്വതന്ത്രരും ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ ഗോപാല്‍ കാണ്ഡയും വിജയിച്ചു. ഇവരെ ചേര്‍ത്ത് ബി.ജെ.പി. ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. 

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഗോപാല്‍ കാണ്ഡ. എന്നാല്‍ 2012-ല്‍ അറസ്റ്റിലായതോടെ രാജി വയ്ക്കേണ്ടി വന്നു. കാണ്ഡയുടെ എം.ഡി.എല്‍.ആര്‍. എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു ഇത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ കാണ്ഡയില്‍ നിന്നുണ്ടായത് വ്യക്തമാക്കി കത്തെഴുതി വച്ചിട്ടായിരുന്നു ഗീതിക ആത്മഹത്യ ചെയ്തത്. ഇതേ വിധത്തില്‍ ഗീതികയും അമ്മയും പിന്നീട് ആത്മഹത്യ ചെയ്തു. എന്നാല്‍ ബലാത്സംഗ കുറ്റം പിന്നീട് ഡല്‍ഹി കോടതി റദ്ദാക്കിയെങ്കിലും കേസില്‍ ഇപ്പോഴും വിചാരണ നേരിടുന്നുണ്ട് കാണ്ഡ. കാണ്ഡയെ ബി.ജെ.പി. നേതൃത്വം പ്രത്യേക വിമാനം നല്‍കി ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു എന്നു പറയുമ്പോള്‍ തന്നെ രാഷ്ട്രീയ ധാര്‍മികതയെക്കാളേറെ കേവലം അധികാര മോഹമാണ് ബി.ജെ.പി. - യെ നയിക്കുന്നത് എന്ന് കാണാം.

75 സീറ്റുകളിലേറെ നേടും എന്നു പ്രഖ്യാപിച്ച് തെഞ്ഞെടുപ്പിനെ നേരിട്ട മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭയില്‍ ഖട്ടറും ആരോഗ്യ മന്ത്രി അനില്‍ വിജും മാത്രം വിജയിച്ചപ്പോള്‍ അഞ്ച് മന്ത്രിമാരും സംസ്ഥാന ബിജെപി അധ്യക്ഷനും ഒരു സഹമന്ത്രിയും പരാജയപ്പെട്ടു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ 79 നിയമസഭാ സീറ്റുകളിലും ബിജെപിയായിരുന്നു മുന്നില്‍. അവിടെ നിന്നാണ് അത് 40-ലേക്ക് ചുരുങ്ങിയത്.

സൈന്യത്തില്‍ ആളുകള്‍ ധാരാളം ഉള്ള സംസ്ഥാനമാണ് ഹരിയാന. അവിടെ അതിര്‍ത്തിയിലെ പ്രശ്നങ്ങളും പാക്കിസ്ഥാനും രാജ്യസുരക്ഷയുമൊക്കെ ഉയര്‍ത്തി മോദിയും അമിത് ഷായും പ്രചരണം നടത്തിയെങ്കിലും അതൊന്നും പക്ഷേ, വേണ്ട വിധത്തില്‍ ഏശിയില്ല എന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി കൂറ് മാറിയവരെ മല്‍സരിപ്പിച്ചതുകൊണ്ടാണെന്നാണ് ബി.ജെ.പി. - ക്കാരും സംഘ പരിവാറുകാരും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പക്ഷെ അതൊന്നുമല്ല കാര്യം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ രീതിയില്‍ പോകുകയാണെങ്കില്‍ ബി.ജെ.പി.-ക്ക് വലിയ ഭാവിയില്ല. പലരും കരുതുന്നത് പോലെ ഹിന്ദു ഏകീകരണം കൊണ്ടൊന്നുമല്ല ബി.ജെ.പി. ഇന്ത്യയില്‍ വളര്‍ന്നത്. അത് ഒരു ഫാക്റ്റര്‍ ആയെന്നു മാത്രം. ബി.ജെ.പി. ഇന്ത്യയില്‍ വളര്‍ന്നത് പണത്തിന്റ്റെ ശക്തി കൊണ്ടായിരുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആര്‍.എസ്.എസ്.- നെ കാര്യമായി മൈന്‍ഡ് ചെയ്തിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. സംഘ പരിവാറിന്റ്റെ പ്രധാന വിഷയങ്ങളായ ഗോ സംരക്ഷണത്തോടും, അമ്പലം സംരക്ഷണത്തോടും മോഡിക്ക് വലിയ യോജിപ്പൊന്നും ഇല്ലായിരുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അവിടെ റോഡ് വികസനത്തിനായൊക്കെ ആയി അനേകം അമ്പലങ്ങള്‍ പൊളിച്ചിട്ടുണ്ട്. പശുവിനോടും പുള്ളി അന്ന് കാര്യമായ സ്‌നേഹം ഒന്നും കാണിച്ചിട്ടില്ല. പക്ഷെ ഇതൊക്കെയാണെങ്കിലും ആര്‍.എസ്.എസ്സുമായി മോഡിക്ക് നല്ല ബന്ധമായിരുന്നു. അതിനു കാരണമായി ചിലരൊക്കെ ചൂണ്ടി കാട്ടിയുള്ള ഫാക്റ്റര്‍ ഒന്ന് മാത്രമാണ് - പണം.

പണ്ട് മുളവടിയും, കാക്കി ട്രൗസറും ആയി നടന്നിരുന്ന ആര്‍.എസ്.എസ്സുകാര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടായപ്പോള്‍ ഒരുപാട് മാറി. ഇപ്പോള്‍ അവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ടെക്നോളജിയുടെ ഭാഗമാണ്. ഇന്റ്റര്‍നെറ്റും, കംപ്യൂട്ടറും, സ്മാര്‍ട്ട് ഫോണും ഒക്കെയായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കും പണം വേണം. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോഡിക്ക് മാത്രമേ അന്ന് പണം മൊബിലൈസ് ചെയ്യാന്‍ സാധിച്ചിരിന്നുള്ളൂ. പ്രമോദ് മഹാജന്റ്റെ കൊലപാതകത്തിന് ശേഷം മോഡിക്ക് ബി.ജെ.പി.- യില്‍ ഉയരാന്‍ സാധിച്ചതും പണം സംഘടിപ്പിക്കാനുള്ള കഴിവായിരുന്നു. മോഡിക്ക് മുമ്പ് പ്രമോദ് മഹാജനായിരുന്നു ആ ചുമതല എന്നാണ് കേട്ടിട്ടുള്ളത്. പ്രമോദ് മഹാജന്റ്റെ കൊലപാതകത്തിന്റ്റെ കാരണം ഇന്നും അജ്ഞാതമാണല്ലോ.

പക്ഷെ ഇനിയിപ്പോള്‍ കേന്ദ്ര ഭരണം തുലാസിലാകാന്‍ പോവുകയാണ് എന്നതിന്റ്റെ സൂചനകളൊക്കെ വന്നു തുടങ്ങി കഴിഞ്ഞു. ഡല്‍ഹിയിലൊക്കെ ബിസിനസ് പഴയ പോലെ ഇല്ലാ. ഉത്തരേന്ത്യയിലെ ജനം ദീപാവലി സമയത്താണ് കാര്യമായ ഷോപ്പിംഗ് നടത്തുന്നത്. ഫ്രിഡ്ജ്, T.V., വാഷിംഗ് മെഷീന്‍ - ഇവയൊക്കെ കൂടുതലും ചിലവാകുന്നത് ദീപാവലി സമയത്താണ്. 2019 - ലെ കാര്യം നോക്കുമ്പോള്‍ ഇത്രയും കച്ചവടം കുറഞ്ഞ ദസറാ, ദീപാവലി സീസണ്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സുപ്രീം കോടതി നിരോധിച്ചതുകൊണ്ട് പടക്ക വില്‍പ്പനയും നടക്കുന്നില്ല. അതല്ലെങ്കില്‍ ദീപാവലിക്ക് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ രാത്രി മുഴുവന്‍ പടക്കം പൊട്ടേണ്ടതല്ലേ? കോടികണക്കിന് രൂപയുടെ കച്ചവടം ആണ് ആ വകുപ്പില്‍ തന്നെ നഷ്ടമാകുന്നത്. തങ്ങളുടെ സാധനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ മോഡിയെ വളര്‍ത്തിയ ബിസ്‌നസ് ക്ലാസ് തന്നെ മോഡിയെ വലിച്ചു താഴെയിടും.

ബി.ജെ.പി.- യെ പണ്ടേ 'ഷോപ്പ് കീപ്പേഴ്സ് പാര്‍ട്ടി' എന്നാണ് വിളിച്ചിരുന്നത്. അപ്പോള്‍ കടക്കാര്‍ക്ക് നഷ്ടം സംഭവിക്കുകയാണെങ്കില്‍ പിന്നെ ബി.ജെ.പി.- യുടെ നിലനില്‍പ്പ് എങ്ങനെ ഭദ്രമാകും? ഉത്തരേന്ത്യന്‍ 'ബനിയാ പാര്‍ട്ടിക്ക്' പിന്നെ വളരാന്‍ വലിയ സ്‌കോപ്പില്ല. ഈ വസ്തുത ചൂണ്ടി കാണിക്കുമ്പോള്‍ സംഘ പരിവാറുകാര്‍ ഓണ്‍ലൈന്‍ ബിസ്‌നസ് ചൂണ്ടി കാട്ടും. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, സ്‌നാപ്പ്ഡീല്‍ - തുടങ്ങിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ തകര്‍പ്പന്‍ ബിസ്‌നസ് ആണ് നടത്തുന്നതെന്ന് അവര്‍ പറയും. ഓണ്‍ലൈന്‍ വ്യാപാരം ഇന്ത്യയിലെ അപ്പര്‍ മിഡില്‍ ക്ലാസിനും, എലീറ്റ് ക്ലാസിനും ആണ് പഥ്യം; സാധാരണകാര്‍ക്കല്ല. സാധാരണകാരന്റ്റെ കൂടെ ക്രയ വിക്രയ ശേഷി ഉയര്‍ന്നില്ലെങ്കില്‍ ഒരു മാന്ദ്യ സമയത്ത് സമ്പദ് വ്യവസ്ഥ ഉണരില്ല. അത്തരത്തില്‍ സാധാരണക്കാരന്റ്റെ ക്രയ വിക്രയ ശേഷി ഉയരുന്ന ഒരു ട്രെന്‍ഡും ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നുമില്ല.

കേരളം

2019 ഒക്‌റ്റോബര്‍ നിയമസഭാ തിരഞ്ഞെടുപിന് മുമ്പും അതിനു ശേഷവും കേരളത്തിലെ ബി.ജെ.പി. - യുടെ കാര്യം വളരെ രസകരമാണ്. യുവതീ ദര്‍ശനം കാണാനിരുന്ന അയ്യപ്പന്റ്റെ ശാപം കേരളത്തിലെ ബി.ജെ.പി.-യെ ഇനി ഒരു കാലത്തും വിട്ടു പോകുമെന്ന് തോന്നുന്നില്ല. 2019 ഒക്‌റ്റോബര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത് അതാണ്. കേന്ദ്രത്തിലുള്ള ബി.ജെ.പി.-ക്കാര്‍ യുവതികള്‍ കയറുന്നതിന് അനുകൂലമാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു സ്വാമി അയ്യപ്പന്‍ അവരെ 2014 -ലും, 2019 -ലും അധികാരത്തിലേറ്റിയത്. മരിച്ചു പോയ സീനിയര്‍ അഭിഭാഷകരായ അരുണ്‍ ജെയ്റ്റ്ലി യുവതീ പ്രവേശനത്തിനെതിരെ നിയമം കൊണ്ടുവരുന്നതിനോട് കേരളത്തിലെ ബി.ജെ.പി.-ക്കാര്‍ക് ഒരു ഉറപ്പും നല്‍കാന്‍ തയാറല്ലായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന രവിശങ്കര്‍ പ്രസാദിന്റ്റെ നിലപാടും അങ്ങനെ തന്നെ. ശബരിമല വിഷയത്തിലെ നിലപാട് ആണെന്ന് തോന്നുന്നു, പിന്നീട് വന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. കേരളത്തില്‍ എട്ടു നിലയില്‍ പൊട്ടാന്‍ കാരണം. കേരളത്തിലെ ബി.ജെ.പി.-ക്കാര്‍ക് വിവരമില്ലാ. ഇനിയെങ്കിലും അവര്‍ ദൈവങ്ങളുടെ അഭീഷ്ടം അനുസരിച്ചു പ്രവര്‍ത്തിക്കണം.

പണ്ട് തിരുവിതാംകൂറിലും, കൊച്ചിയിലും നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മലബാറിലേക്കായിരുന്നു പണിഷ്‌മെന്റ്റ് ട്രാന്‍സ്ഫര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മലബാറില്‍ നിര്‍ബന്ധിത സേവനവും ഉണ്ടായിരുന്നു. ചിലപ്പോള്‍ അട്ടപ്പാടിയിലേക്കും ഉണ്ടായിരുന്നു പണിഷ്‌മെന്റ്റ് ട്രാന്‍സ്ഫര്‍. അങ്ങനെ കോഴിക്കോട്ടും, മലപ്പുറത്തും, കാസര്‍കോട്ടും, അട്ടപ്പാടിയിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോയത് പോലെയാണെന്ന് തോന്നുന്നു ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി. നേതാക്കളുടെ മിസോറാമിലേക്കുള്ള പോക്ക്. ബ്രട്ടീഷുകാരുടെ കാലത്ത് നാടു കടത്തിയിരുന്നത് ആന്‍ഡമാനിലേക്കായിരുന്നു; അവിടെ സെല്ലുലാര്‍ ജയിലില്‍ പിന്നെ ഇടുമായിരുന്നു. ഇപ്പോള്‍ ശിക്ഷ സുഖ സൗകര്യങ്ങളും സെക്യൂരിറ്റിയും ഉള്ള രാജ്ഭവനുകളിലേക്കാണെന്ന വിത്യാസമേയുള്ളൂ. കേരളം ഏറ്റവും അധികം മിസ്സോറാം ഗവര്‍ണര്‍മാരെ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം ആയി മാറിയിരിക്കുന്നു. ഇതിന് മാത്രം എന്ത് തെറ്റാണ് മിസോറാം ജനം കേരളത്തിനോട് ചെയ്തത്? കേരളത്തിലെ ബി.ജെ.പി. -യുടെ സംഘടനാ തലത്തിലുള്ള ഭൂലോക പരാജയങ്ങളായ നേതാക്കളെ ഇരുത്താന്‍ മാത്രം ഉള്ള ഒരു കസേര ആയി മിസോറാമിനെ അവര്‍ മാറ്റി. മിസോറാം ജനതയുടെ ദുഃഖത്തില്‍ ഇതെഴുതുന്നയാളും പങ്കു ചേരുന്നു.

ഇപ്പോള്‍ ശ്രീധരന്‍ പിള്ളയെ മിസോറാമിലേക്ക് വിടുബോള്‍ അത് ഒരു പണിഷ്‌മെന്റ്റ് ട്രാന്‍സ്ഫര്‍ ആണെന്ന് സുബോധമുള്ളവര്‍ക്കൊക്കെ മനസ്സിലായി. മിസോറം ഗവര്‍ണ്ണര്‍മാര്‍ മലയാളികള്‍ ആയിരിക്കണം എന്നൊരു നിര്‍ബന്ധ ബുദ്ധി ബി.ജെ.പ്പി.-ക്ക് ഉണ്ട് എന്ന് തോന്നുന്നു. പണീഷ്‌മെന്റ്റ് ആയി മിസോറാമില്‍ വിട്ട് പട്ടി ഇറച്ചി തീറ്റിപ്പിക്കാനുള്ള ഈ ശ്രമം എന്തായാലും വളരെ ക്രൂരമായിപ്പോയി. എന്തായാലും പട്ടി ഇറച്ചി ഒക്കെ തിന്ന് ഒന്ന് കൊഴുത്ത് മിനുത്ത് ശ്രീധരന്‍ പിള്ള സാര്‍ തിരിച്ചു വരുമ്പോള്‍ അദ്ദേഹത്തിന് ബി.ജെ.പി.നല്ല എന്തെങ്കിലും പദവി കൊടുക്കുമെന്ന് പ്രത്യാശിക്കാം.

പക്ഷെ ഇതുകൊണ്ടൊന്നും കേരളത്തിലെ ബീ.ജെ.പി. രക്ഷപെടാന്‍ പോകുന്നില്ലെന്നുള്ളത് വേറെ കാര്യം. ടാന്‍സാനിയായിലും ഉഗാണ്ടയിലും വെല്ലോ പോസ്റ്റ് ഉണ്ടാക്കി ആ കൃഷ്ണദാസിനേയും, ശശികല ടീച്ചറിനേയും, എം. ടി. രമേശിനേയും, ഗോപാലകൃഷ്ണനേയും, ശോഭാജിയേയും കൂടി നാട് കടത്തിയാല്‍ കേരളത്തിലെ ബി.ജെ.പി. രക്ഷപ്പെടുമെന്ന് പ്രത്യാശിക്കാം. അവരെ ഒക്കെ കൂടി ഇവിടുന്ന് ഒന്ന് കെട്ടി എടുത്താല്‍ ചിലപ്പോള്‍ കേരളത്തിലെ ബീ.ജെ.പി.-ക്ക് പോയ മാനം തിരിച്ചു പിടിക്കാനും സാധിക്കും. അല്ലെങ്കില്‍ കല്‍പാന്തകാലത്തോളം കേരളത്തില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേട് വരും. കേരളത്തില്‍ ആരാ നിങ്ങളുടെ നേതാവ് എന്ന ചോദ്യത്തിനും, എന്താ നിങ്ങളുടെ രാഷ്ട്രീയ പരിപാടികള്‍ എന്ന ചോദ്യത്തിനും തമ്മില്‍ തല്ലുന്ന അണികള്‍ക്കും നേതാക്കള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയുന്നില്ലാത്തിടത്തോളം കാലം കേരളത്തില്‍ ബീ.ജെ.പി.-ക്ക് പ്രതീക്ഷ വേണ്ടാ. പി.സി. ജോര്‍ജിറ്റേന്‍യും, ദേശീയ മുസ്ലീം ആയ അബ്ദുള്ളക്കുട്ടിയുടേയും, അല്‍ഫോണ്‍സ് കണ്ണന്താനത്തിറ്റേന്‍യും കഷ്ടകാലം. അല്ലാതെന്തു പറയാന്‍?

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
ഹരിയാന, കേരളം:  ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണങ്ങള്‍-2 (വെള്ളാശേരി ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക