Image

ബോണ്‍സായ് (കവിത: രാജേശ്വരി തുളസി)

Published on 26 October, 2019
ബോണ്‍സായ് (കവിത: രാജേശ്വരി തുളസി)
ലജ്ജകൊണ്ട്
തലകുമ്പിട്ടൊരു
ബോണ്‍സായ് മരത്തിന്റെ
ആപാദചൂഡ നഗ്‌നത
ശ്രദ്ധിച്ചിട്ടുണ്ടോ?

ആശകളെ കുത്തിയൊടിച്ച്
ചട്ടിയിലാക്കിയ
കുടിലകൗതുകത്തിന്റെ ഇരയായി
നാമ്പടഞ്ഞവര്‍,

ഒരു ചെറുകമ്പിയാല്‍
കൗതുകക്കാരന്റെ
ഇംഗിതം പോലെ
വക്രമാക്കപ്പെട്ടൊരുടലും,
നെടുങ്കന്‍
സ്വപ്നങ്ങളെ
തന്നിലേക്ക് ചുരുക്കി
ചുരുണ്ടുപോയവര്‍,

വിത്തില്‍നിന്നൊരുനാമ്പ്
ആകാശം കാണാന്‍
തലനീട്ടുമ്പോള്‍,
മണ്ണാഴങ്ങളില്‍
വേരുകള്‍ക്ക്
പ്രതീക്ഷകളുടെ തേരോട്ടമായിരുന്നു,
ചില്ലകളാല്‍
നീലാകാശത്ത് കുടനിവര്‍ത്താനും,
തളര്‍ന്നവര്‍ക്ക്
തണല്‍വിരിക്കാനും,
ചെറുകിളിക്ക് കൂടൊരുക്കാനൊരു
ശാഖി കടംനല്‍കുവാനുമുള്ള
എളിയ മോഹങ്ങളെ
ബലികൊടുത്തവര്‍,

വിദ്യുത് വെട്ടത്തെ
സൂര്യനെന്നു പറഞ്ഞുപറ്റിച്ചവര്‍
ചതിയൊളിപ്പിച്ച
ചുണ്ടുകാട്ടിച്ചിരിച്ച്
കര്‍മ്മനിരതരാവും
പിന്നെയുംപിന്നെയും,

വേരറ്റം ഉണങ്ങിവീഴുംവരെ
തുടരുന്നൊരപമാനം
കാഴ്ചക്കാരുടെ
സന്തോഷമാണെന്ന്
ചിന്തിച്ച്
ഇളിഭ്യരാവുന്നവര്‍...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക