Image

പെണ്‍ തിളക്കം (ഗംഗ. ബി)

Published on 26 October, 2019
പെണ്‍ തിളക്കം (ഗംഗ. ബി)
ഈ കഴിഞ്ഞ ദിവസത്തെ ഉപതിരഞ്ഞെടുപ്പുകളിൽ അവസാനം വരെ ആകാംക്ഷയും ഉത്കണ്ഠയും  നിറച്ച മത്സരമായിരുന്നു അരൂരിലേത് .

ഇന്നലെ രാവിലെ  അത്യാവശ്യമായി ഒരു സുഹൃത്തിനൊപ്പം ഒന്ന് ആശുപത്രിയിൽ പോകേണ്ടി വന്നു. ടോക്കൺ 41 ആയത് കൊണ്ട് ധാരാളം സമയം , ഏഷ്യാനെറ്റ് ന്യൂസിലെ തിരഞ്ഞെടുപ്പ് ഫലം കൺമുന്നിൽ . പതിനൊന്ന് റൗണ്ട് കഴിഞ്ഞ് തുറവൂരിലെ  വോട്ടും കൂടി എണ്ണാനുള്ളപ്പോൾ നമ്മുടെ പെൺതരിയുടെ ഭൂരിപക്ഷം അല്പം കുറഞ്ഞത് ആശങ്ക ഉയർത്തിയെങ്കിലും അവസാനം വിജയം ഷാനിക്കൊപ്പം .

84-86 കാലഘട്ടം , ആലപ്പുഴ S D കോളേജിൽ ബിരുദാനന്തര ബിരുദ പഠന കാലം . അന്നാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഷാനിയെ പരിചയപ്പെടുന്നത് . ഹോസ്റ്റലിലെ എന്റെ ഒരു സഹമുറിയത്തിയാണ് ഷാനിയെ പരിചയപ്പെടുത്തുന്നത് . അന്നുമുതൽ ഷാനിയുടെ ഗംഗ ചേച്ചിയും ഗംഗാജിയും ഒക്കെയായി . ഷാനി വീട്ടിൽ നിന്നും കോളേജിൽ വന്നു പോയിരുന്നത് കൊണ്ട് ഉച്ച തിരക്കുകളിലാണ് കണ്ടുമുട്ടൽ .

തിരിച്ചറിവായ കാലം മുതൽ ഇന്ദിരാഗാന്ധി  പ്രിയനേതാവായ എന്നെ ഒരു KSU ക്കാരി ഇത്ര  ആകർഷിച്ചതിൽ എന്തത്ഭുതപ്പെടാൻ?

ചേർത്തലയിലെ ഞങ്ങളുടെ ഏറ്റവും അടുപ്പമുള്ള അയൽവീട്ടിലെ "പൊന്നപ്പൻ " ചേട്ടൻ അക്കാലത്ത്  യൂത്ത് കോൺഗ്രസ്സ് നേതാവ് . അവിടത്തെ വീക്ഷണം പത്രം കാണാപാഠമായിരുന്നു എനിക്ക് . ഞാൻ മാത്രമാണ് അതിന്റെ വായനക്കാരി എന്ന് ചേച്ചിയുടെ കളിയാക്കൽ ഓർമയിൽ ഇപ്പോഴും .

പ്രീഡിഗ്രിക്ക് ഇരിങ്ങാലക്കുടയിലെ വനിതാ കോളേജിലേക്ക് ചേരാൻ പോകുന്നതിന്റെ രണ്ട് മൂന്ന് ദിവസം മുമ്പാണ് അമ്മ ചോദിച്ചത്

 "നീ KSU എന്ന് പറഞ്ഞ് രാഷ്ട്രീയം കളിക്കില്ല  എങ്കിൽ ചേർത്തലയിൽ പഠിക്കാം " .
ആ വാക്കിലാണ് ഇരിങ്ങാലക്കുട  വാസം ഒഴിവാക്കിയത് .

ഡിഗ്രി പഠനം വനിതാ കോളേജിലായപ്പോൾ രാഷ്ട്രീയം പത്രത്താളുകളിലൂടെ മാത്രം . ഹോസ്റ്റൽ വാർഡനായിരുന്ന ഫാത്തിമ സിസ്റ്റർ മാണിക്കുഞ്ഞിന്റെ കറ കളഞ്ഞ ആരാധിക .  അക്കഥകൾ  കേട്ട് കേട്ട് ഉള്ള രാഷ്ട്രീയവും പോയിക്കിട്ടി.

അത് കഴിഞ്ഞാണ് ഷാനിയുമൊത്തുള്ള കാലം . ഷാനിക്ക് വേണ്ടി വോട്ട് തേടി നടന്നതാണ് ആകെയുള്ള രാഷ്ട്രീയ പ്രവർത്തനം ജീവിതത്തിൽ . ബാക്കി രാഷ്ട്രീയമെല്ലാം വീട്ടിലും  രാഷ്ട്രീയമില്ലാത്ത  ഓഫീസിലെ ഊണു സമയത്തുമായി ഒതുങ്ങി എന്ന് പറയാം.

ഷാനി ബിരുദത്തിന്റെ അവസാന വർഷം  ഹോസ്റ്റൽ അന്തേവാസിയായി  തൊട്ടടുത്ത മുറിയിൽ എത്തി . സത്യം പറഞ്ഞാൽ  ഞാനും  ആ മുറിക്കാരിയായി മാറി കാരണം എന്റെ കൂട്ടുകാരി ലേഖയും  ആ മുറിയിൽ . കൂടുതൽ സമയവും അവിടെ തന്നെ എന്ന് ചുരുക്കം . ഷാനിയുടെ വിവരണങ്ങളിലൂടെ ചെന്നിത്തലയും M മുരളിയും PT തോമസുമെല്ലാം ചിരപരിചിതർ . യൂണിവേഴ്സിറ്റി യൂണിയൻ മീറ്റിംഗ് കഴിഞ്ഞ് ഷാനി വരുമ്പോളാണ് കഥകൾ കൂടുതൽ കിട്ടുക . ഷാനിയുടെ തിരുവനന്തപുരം യാത്രകൾ ഞങ്ങൾക്കെല്ലാം കാത്തിരിപ്പിന്റെ സുഖം പകർന്നു .

എന്റെ ഒരു ബ്രൗൺ ഫോറിൻ സാരിയും ലേഖയുടെ ഒരു ബ്രൗൺ ലെതർ ബാഗും പലപ്പോഴും ഷാനിയോടൊപ്പം തിരുവനന്തപുരത്തേക്ക് യാത്രയാവും . ഷാനിക്ക് പ്രിയപ്പെട്ടതായിരുന്നു അവ രണ്ടും . ഞങ്ങൾക്കത് ആനന്ദവും അഭിമാനവും .

ആ കോളേജ് കാലം കഴിഞ്ഞ് ഷാനിയുമായുള്ള ബന്ധം കുറെ നാൾ തുടർന്നു കത്തുകളിലൂടെ . പിന്നെ എല്ലാ ജീവിതത്തിലും സംഭവിക്കുന്ന പോലെ നമ്മളെല്ലാം പല കൈവഴികളിൽ .

ഷാനിയുടെ വളർച്ചയും വളർച്ചയിലെ തടസ്സങ്ങളും മുരടിപ്പുമെല്ലാം അറിഞ്ഞിരുന്നു മാദ്ധ്യമങ്ങളിലൂടെ .

പിന്നീട് ഏകദേശം 12 വർഷം മുമ്പ് ലേഖയാണ് ലേഖയുടെ മക്കൾ വഴി നമ്പർ സംഘടിപ്പിച്ചത് . അന്നു മുതൽ ഇടയ്ക്കൊരു ഫോൺ വിളിയിലൂടെ ആ ബന്ധം തുടരുന്നു .

ലോകസഭാ തിരഞ്ഞെടുപ്പ് ഫലം എന്നെ വല്ലാതെ തളർത്തിയിരുന്നു കാരണം ഞാൻ ഷാനിയെ വിളിച്ച് പറയുകയും ചെയ്തതാണ് വിജയം ഉറപ്പിച്ചോളാൻ , അത്തരം വിവരങ്ങളാണ് നാട്ടിലെ പലരിൽ നിന്നും അന്ന് കിട്ടിയത് .

ഏതായാലും ഈ വിജയത്തിന്റെ തിളക്കം പറഞ്ഞറിയിക്കാൻ വയ്യ , അത്ര സുന്ദരം . പൂതന പ്രയോഗം ഉപകരിച്ചു എന്ന് പറയുന്നവരോട് പരിപൂർണ്ണ വിയോജിപ്പ് .

എന്റെ അച്ഛന്റെയും അമ്മയുടേയും നാടായ കുത്ത്യതോട് - കോടംതുരുത്തും ഉൾപ്പെടുന്ന അരൂരിന്റെ പ്രതിനിധി ആണല്ലോ ഈ നേതാവ് ഇനി മുതൽ .അതും സന്തോഷ മധുരം ഇരട്ടിയാക്കുന്നു .

ഇത് വർഷങ്ങളായി നിസ്വാർത്ഥമായി രാഷ്ട്രീയ ജീവിതം നയിച്ച വിവരവും വിവേകവും ബുദ്ധിയും കഴിവും തികഞ്ഞ,  അന്ധമായ മതചിന്തകൾക്കതീതയായ  ജനനേതാവിനു കിട്ടിയ അംഗീകാരമാണ് .

സ്ത്രീ പക്ഷത്തെ രണ്ടാം കിടയായി കാണുന്ന നേതൃത്വത്തിന് കിട്ടിയ ഒരു തിരിച്ചറിവാകട്ടെ ഈ വിജയം . ധാരാളം സ്ത്രീ രത്നങ്ങൾ തിളങ്ങിയിരുന്ന കോൺഗ്രസ്സ് നേതൃനിരയിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രം ഇപ്പോൾ .  

ഒതുക്കേണ്ടവരെ ഒതുക്കിയും താഴ്ത്തിയും ഗ്രൂപ്പുകളിച്ചും നിൽക്കുന്ന നേതൃനിരയോട് സമരസപ്പെട്ട് നേടിയതാണീ MLA സ്ഥാനം .

 ഇന്ന് ഷാനിയോട് സംസാരിച്ചപ്പോൾ ഷാനിയിലെ മനുഷ്യ സ്ത്രീയെ കുറെക്കൂടി വിനയാന്വിതയാക്കിയില്ലേ ഈ പദവി  എന്നും  തോന്നി .

ഹരിയാനയും മഹാരാഷ്ട്രയും പരിമിതികൾക്കുള്ളിൽ നിന്നും നേടി തന്ന നവോർജം ഷാനിയെ പോലെയുള്ള നേതാക്കൾ പാർട്ടിയെ പഴയ പ്രതാപത്തിലെത്തിക്കാൻ ഉപയോഗപ്പെടുത്തട്ടെ എന്ന് ആശിക്കാം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക