Image

തുളസി ഗബ്ബാര്‍ഡ് വഴിതെറ്റിയ ഡെമോക്രാറ്റ് (ബി ജോണ്‍ കുന്തറ)

Published on 26 October, 2019
തുളസി ഗബ്ബാര്‍ഡ് വഴിതെറ്റിയ ഡെമോക്രാറ്റ്  (ബി ജോണ്‍ കുന്തറ)
കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗവും പ്രസിഡന്റ്സ്ഥാനാര്‍ഥിയുമായ തുളസി ഗബ്ബാര്‍ഡ് തന്റെ പാര്‍ട്ടിയിലെ മൂതിര്‍ന്ന നേതാക്കളുടെ മുന്നില്‍ വഴിതെറ്റിയ കുഞ്ഞാടായി മാറിയിരിക്കുന്നു.

2020 തിരഞ്ഞെടുപ്പ് മത്സരവേദിയില്‍ പ്രവേശിച്ചിട്ടില്ലാത്ത ഹില്ലരി ക്ലിന്റ്റന്‍ ആണ് ഇപ്പോള്‍ ആരോപണവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തുളസി ഒരു റഷ്യന്‍ അനുഭാവി അഥവാ ചാരന്‍. ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും ഇതേ ആരോപണങ്ങള്‍ നാം കേള്‍ക്കുന്നു, 2016 തിരഞ്ഞെടുപ്പിനു ശേഷം.

ഹവായില്‍ നിന്നുമുള്ള കോണ്‍ഗ്രസ് വുമണ്‍ തുളസി രണ്ടു തവണ അമേരിക്കന്‍ മിലിറ്ററിയില്‍ ഇറാക്ക് യുദ്ധത്തിലും പിന്നീട് കുവൈറ്റില്‍ മിലിറ്ററി പോലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആര്‍മി മേജറാണ്.

ജീവിതകാലം മുഴുവന്‍ രാഷ്ട്രീയം കളിച്ചു ഭരണത്തിലെ ഉന്നത സ്ഥാനങ്ങള്‍ ദുരുപയോഗപ്പെടുത്തി കോടീശ്വരി ആയിത്തീര്‍ന്ന ഹില്ലരിയാണ് ഈ ആരോപണങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. 2016 ല്‍ ട്രമ്പ് പരാജയപ്പെടുത്തിയതിലുള്ള അമര്‍ഷം ഇപ്പോഴും തീര്‍ന്നിട്ടില്ല. അതിന് തുളസി എന്തുപിഴച്ചു?

ഹില്ലരിയും തുളസിയും തമ്മിലുള്ള സ്വരചേര്‍ച്ച ഇല്യായ്മ തുടങ്ങുന്നത് 2016 തിരഞ്ഞെടുപ്പു കാലം മുതല്‍. അന്ന് തുളസി പ്രൈമറി കാലം ബെര്‍ണി സാണ്ടേഴ്‌സിനെ തുണച്ചു. കൂടാതെ അന്ന് ഹില്ലാരിക്ക് നോമിനേഷന്‍ കിട്ടുന്നതിനു വേണ്ടി ഡെമോക്രാറ്റ് പാര്‍ട്ടി നേതൃത്വം നടത്തിയ കള്ളക്കളികളെയും വിമര്‍ശിച്ചു.  ഇറാക്ക് യുദ്ധ നയങ്ങളില്‍ വിമര്‍ശിച്ച് ഒബാമയൂടെയും നോട്ടപ്പുള്ളി ആയി.

അടുത്ത ദിനം തുളസി ഗബ്ബാര്‍ഡ് വിളംബരപ്പെടുത്തി താന്‍ 2020 തിരഞ്ഞെടുപ്പില്‍ ഹാവായിയില്‍ നിന്നു കോണ്‍ഗ്രസ് അംഗമായി മത്സരിക്കുന്നില്ല. എന്നാല്‍ തന്റ്റെ എല്ലാ ശ്രമവും അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിനുള്ള ശ്രമത്തിലേയ്ക്ക് തിരിച്ചുവിടുന്ന.

ഡെമോറ്റ് പാര്‍ട്ടിയില്‍ നിന്നും കുറച്ചു സാമാന്യ ബോധമുള്ള സ്ഥാനാര്‍ത്ഥിയാണ് തുളസി. എന്നാല്‍ സ്ഥാനാര്‍ത്ഥി നിരയില്‍ മുന്‍സ്ഥാനങ്ങളില്‍ എത്തിയിട്ടില്ല. ആ സാഹചര്യത്തില്‍ എങ്ങിനെ പാര്‍ട്ടി സ്ഥാപിത താല്പര്യക്കാരുമായി തെറ്റി മുന്‍നിരയില്‍ എത്തുവാന്‍ പറ്റും?

കഴിഞ്ഞ ഒരു ഡിബേറ്റില്‍ തുളസി സി എന്‍ എന്‍ ഇഷ്ട താരമായിരുന്ന കമല ഹാരിസുമായി ഉടക്കി. വിവാദത്തില്‍ കമല ഉത്തരം മുട്ടി പിന്മാറി. അതോടെ പാര്‍ട്ടി മാധ്യമങ്ങളായ സി എന്‍ എന്‍, എം എസ് എന്‍ ബി സി, ഇവര്‍ തങ്ങളുടെ വേദികളിലേയ്ക്ക് വിളിക്കാതായി.

ഇപ്പോള്‍ തുളസിയുടെ തുണക്കാര്‍ ഒന്ന് ഡൊണാള്‍ഡ് ട്രമ്പ്,  പിന്നെ ഫോക്‌സ് ന്യൂസ് ചാനല്‍. ഇത് മാത്രം മതി പാര്‍ട്ടിയിലെ തള്ളപ്പെട്ട വ്യക്തി ആകുന്നതിന്. ആ സാഹചര്യത്തില്‍ എന്ത് തുളസിയുടെ പ്രവര്‍ത്തന പദ്ധതി എന്ന് ആലോചിച്ചിട്ട് പിടികിട്ടുന്നില്ല..

മുന്‍ നിരയിലുള്ള ജോ ബൈഡന്‍ താമസിയാതെ മത്സര രംഗത്തുനിന്നും പിന്മാറുന്നതിനുള്ള സാധ്യത കൂടിവരുന്നു. പിന്നീട് അവശേഷിക്കുന്ന ബെര്‍ണി സാന്‍ഡേര്‍സ്, എലിസബത്ത് വാറന്‍ ഇവരില്‍ ആര്‍ക്കു പാര്‍ട്ടി നോമിനേഷന്‍ കിട്ടിയാലും ട്രംപിനെ തോല്‍പ്പിക്കുന്നതിനു പറ്റില്ല എന്നാണ് പൊതു അഭിപ്രായം.

ബെര്‍ണിക്കു നാമനിര്‍ദ്ദേശം കിട്ടിയാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുളസിയെ സ്വീകരിക്കുന്നതിനുള്ള ഒരു സാധ്യത കാണുന്നുണ്ട്. തീവ്ര ലിബറല്‍ ആയ സാന്‍ഡേര്‍സും കുറച്ചു വകതിരുവുള്ള തുളസിയും , സമ്മതിദായകരുടെ മുന്നില്‍ നല്ലൊരു ജോടി ആയിരിക്കും.

അതേ സമയം തുളസിയുടെ പിന്തുണക്കാര്‍ കൂടുതലും ആര്‍.എസ്.എസ്. പശ്ചാത്തലമുള്ള ഇന്ത്യാക്കാരാണെന്ന ആരോപണവുമുണ്ട്. അവരാണു അവര്‍ക്ക് പണം നല്‍കുന്നവരില്‍ നല്ല പങ്ക്. പ്രധാന മന്ത്രി മോദിയുമായും തുളസിക്കു അടുത്ത ബന്ധമുണ്ട്.

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കിനെപറ്റി ചോദിച്ചപ്പോള്‍ കലാപം എങ്ങനെ ഉണ്ടായി എന്ന അവരുടെ എതിര്‍ ചോദ്യം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഗോദ്രയില്‍ കര്‍സേവകരെ കൊന്നതിനു പ്രതികാരമായി പെട്ടെന്നുണ്ടായ കലാപമാണത് എന്ന ഹിന്ദുത്വ വിശദീകരണം തന്നെയാണ് അവരും ഉദ്ദേശിച്ചതെന്നു വ്യക്തം.

എന്തായാലും 39-കാരിയായ തുള്‍സിയുടെ വൈസ് പ്രസിഡന്റ് മോഹം ഫലിക്കുമോ എന്നാണു അറിയേണ്ടത്.
തുളസി ഗബ്ബാര്‍ഡ് വഴിതെറ്റിയ ഡെമോക്രാറ്റ്  (ബി ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക