Image

വീണ്ടും സുമംഗലി (ആനി ജോര്‍ജ്ജ് തൊണ്ടാംകുഴിയില്‍, ന്യുയോര്‍ക്ക്)

Published on 25 October, 2019
വീണ്ടും സുമംഗലി (ആനി ജോര്‍ജ്ജ്  തൊണ്ടാംകുഴിയില്‍, ന്യുയോര്‍ക്ക്)
(ബൈബിളിലെ റൂത്തിന്റെ കഥ കഥാപ്രസംഗരൂപത്തില്‍ തയ്യാറാക്കിയത്. കലാപരിപാടികളില്‍ പ്രത്യേകിച്ച് പള്ളിയിലെ പരിപാടികളില്‍ അവതരിപ്പിക്കാവുന്നതാണ്.)

ഈ സമ്മേളനത്തില്‍ അദൃശ്യനായ അതിഥിയായി വന്ന് നമുക്കെല്ലാവര്‍ക്കും അനുഗ്രഹം തരുന്ന കര്‍ത്താവിനെ ആദ്യമായ് സ്തുതിക്കുന്നു. ഇങ്ങനെ ഒരു പരിപാടി അവതരിപ്പിക്കാന്‍ അവസരം തന്ന ഭാരവാഹികള്‍ക്ക് നന്ദി. ഇവിടെ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും  എന്റെ വന്ദനം.

പഴയ നിയമത്തില്‍നിന്ന് ഒരു കഥയാണ് ഞാന്‍ ഇവിടെ പറയാനാഗ്രഹിക്കുന്നത്. നിങ്ങള്‍ക്കൊക്കെ സുപരിചിതമായ കഥ. ഒരു കഥാപ്രസംഗരൂപത്തിലോ അല്ലെങ്കില്‍ അതേമാതിരി കലാരൂപത്തിലോ ആ കഥയെ അവതരിപ്പിക്കാന്‍ എനിക്ക് കഴിവ് പോരാ. കഥപറച്ചിലിനു സഹായകമായി ചില വരി കവിതകള്‍ ചൊല്ലുന്നുണ്ട്. നിങ്ങളുടെ ക്ഷമയും സഹകരണവും പ്രതീക്ഷിക്കുന്നു. അതിനായ് പ്രാര്‍ത്ഥിക്കുന്നു.

 ഈ കഥനടന്നത് നീതിപാലകരുടെ കാലത്താണ്. സര്‍വ്വശക്തനായ ദൈവത്തിന്റെ കരങ്ങളില്‍ തങ്ങളുടെ ദുഃഖങ്ങള്‍ അര്‍പ്പിക്കുകയും അവന്റെ ശക്തമായ ചിറകുകള്‍ക്കുള്ളില്‍ സുരക്ഷിതത്വത്തിന്റെ ആശ്വാസം അനുഭവിക്കുകയും  ചെയ്ത രണ്ട് സ്ത്രീകളുടെ അനശ്വരമായ സ്‌നേഹത്തിന്റെ കഥയാണിത്. അവരുടെ പരസ്പര വിശ്വാസത്തിന്റെയും ഉദാത്തമായ ത്യാഗത്തിന്റെയും കഥ . ബെതലഹേമിലെ   ഒരു കൊയ്ത്തുകാലത്തിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

ബെതലഹേമിലെ കൊയ്ത്തുകാലം
മനസ്സും വയലും നിറയും കാലം
കതിരുകള്‍ നോക്കി വട്ടമിട്ട്
പറന്നിടുന്നു പറവകള്‍
പാട്ടും കളിയുമായി ധാന്യമണികള്‍
കൊയ്‌തെടുക്കുന്നു കൊയ്ത്തുകാര്‍

പഴയ നിയമകാലത്ത് മനുഷ്യന്റെ പ്രവര്‍ത്തികള്‍ക്കനുസരിച്ച് അവനു അപ്പപ്പോള്‍ ശിക്ഷ ലഭിച്ചിരുന്നത്  നമ്മള്‍ വേദപുസ്തകത്തില്‍ വായിക്കുന്നുണ്ട്. അതുപ്രകാരം ബെതലഹേമില്‍ അതിരൂക്ഷമായ ഒരു ക്ഷാമമുണ്ടായി. അവിടത്തെ ചില ജനങ്ങള്‍ ക്ഷാമത്തെ ഭയന്ന് പരിസരപ്രദേശങ്ങളിലിടക്ക് ഓടിപ്പോയി. എന്നാല്‍ യഹോവയില്‍ വിശ്വസിച്ചിരുന്നവര്‍ അവന്റെ കരുണക്കായ് പ്രാര്‍ത്ഥിച്ചു. അവിടെ തന്നെ കഴിഞ്ഞു. യഹോവ അവരില്‍ കരുണ കാണിക്കുകയും വീണ്ടും സമൃദ്ധിയുടെ ദിവസങ്ങള്‍ അവര്‍ക്ക് വീണ്ടെടുത്ത് കൊടുക്കുകയും ചെയ്തു.

അങ്ങനെ പാടങ്ങളില്‍  ധാന്യമണികള്‍ വിളഞ്ഞു. ബാര്‍ലികള്‍ വിളഞ്ഞു. പാടത്ത് കൊയ്ത്തുകാര്‍ അവരുടെ പണി നിര്‍വഹിക്കുകയാണ്. അതിന്റെ ഉടമസ്ഥനായ, ധനവാനായ മനുഷ്യന്‍ അവിടെ മേല്‍നോട്ടം വഹിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു. പൊഴിഞ്ഞുവീഴുന്ന ധാന്യമണികള്‍ കൊത്തിക്കൊണ്ട് കിളികള്‍ പറന്നു നടന്നു.

യവമണി കൊത്താനെത്തിയ കിളികള്‍
പാട്ടത്തന്നൊരു പെണ്ണിനെ കണ്ടു
തെല്ലിട ശങ്കിച്ച്ഒതുങ്ങിനില്‍ക്കും
വിരുന്നുകാരിയെ പോലൊരു പെണ്ണ്


വയലുകളുടെ ഉടമസ്ഥന്‍ ആ സ്ത്രീയെ ശ്രദ്ധിച്ചു. അയാള്‍ കൊയ്ത്തുകാരോട് ചോദിച്ചു.

"അതാരാണ്"

ഇവിടെ സംഭവിച്ചത് ദൈവത്തിന്റെ ഒരു നിയോഗമായി കണക്കാക്കാം. അശരണരും വിധവകളും വയലുകള്‍ കൊയ്യുമ്പോള്‍ അവിടെപ്പോയി പൊഴിഞ്ഞുവീഴുന്ന കതിരുകളും കതിര്‍മണികളും പെറുക്കുക  അക്കാലത്ത് പതിവായിരുന്നു. അപ്രകാരം ബാര്‍ളിമണികള്‍  അല്ലെങ്കില്‍ യവമണികള്‍ പെറുക്കാന്‍ കൊയ്ത്തുകാരോടൊപ്പം അത്തരം ആളുകളും എത്തിയിരുന്നു. ജീവിതത്തിനുള്ള മാര്‍ഗ്ഗമില്ലാത്ത ഒരു സ്ത്രീ യവമണികള്‍ പെറുക്കുന്നത് നോക്കി വയലിന്റെ ഉടമസ്ഥന്‍ ചോദിച്ചു.

"അതാരാണ്"

കൊയ്ത്തുകാര്‍ ഒരു കോറസ് പോലെ പറഞ്ഞു. "അതോ അത് റൂത്ത്"  അതെ അത് റൂത്തായിരുന്നു.മേവ്യാബക്കാരിയായ സ്ത്രീ. നമ്മുടെ കഥയുടെ പേര് റൂത്ത്. റൂത്ത് എന്ന പദത്തിന് പനിനീര്പുഷമെന്നും, ചങ്ങാതിയെന്നുമൊക്കെ അര്‍ത്ഥം പറയുന്നു.  കിളികള്‍ പറന്നു നടന്നു.


അവളുടെ പേര് കേട്ടപ്പോള്‍ വയലുടമയായ ബോവസ്സ് പറഞ്ഞു.ഞാന്‍ നിന്നെപ്പറ്റി കേട്ടിരിക്കുന്നു. നിനക്ക് നിന്റെ അമ്മായിഅമ്മയോടുള്ള സ്‌നേഹവും അവരെ പ്രതി നിയനുഷ്ഠിച്ച ത്യാഗവും ഉത്തമം തന്നെ. റൂത്തിന്റെ അമ്മായിയമ്മയായ നയോമി ബെതലഹേമിലെ  പരിചയക്കാരോട് പറയുന്നത്. എന്താണെന്ന് നോക്കാം.

നിറഞ്ഞവളായ് ഞാന്‍ കടന്നുപോയി
ഒഴിഞ്ഞവളായ് തിരിച്ചുവന്നു.

ബെഹ്‌റലഹേമിലെ ക്ഷാമകാലത്താണ് നയോമിയും അവരുടെ ഭര്‍ത്താവും രണ്ടാണ്മക്കളും കൂടി മോബ് എന്ന സ്ഥലത്തേക്ക് മാറി താമസിച്ചത്. ക്ഷാമം വരുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍വേണ്ടി അന്യപ്രദേശങ്ങളിലേക്ക് ഓടിപോയവരുടെ കഥകള്‍ പഴയ നിയമത്തില്‍  നമ്മള്‍ കാണുന്നുണ്ട്. വേറെ രാജ്യത്തേക്ക് പോകുമ്പോള്‍ നയോമി നിറഞ്ഞവളായിരുന്നു. അവള്‍ക്ക് ഭര്‍ത്താവും രാണ്ടാണ്മക്കളുണ്ടായിരുന്നു.

അവിടെ വച്ച് അവരുടെ ആണ്‍മക്കള്‍ വളര്‍ന്നുഅവര്‍  വലുതായി. അവര്‍ ആ പ്രദേശത്ത് നിന്ന് ഭാര്യമാരെ കണ്ടെത്തി അവരാണ് റൂത്തും, ഒപ്പയും പക്ഷെ സൗഭാഗ്യത്തിന്റെ ദിവസങ്ങള്‍ നീണ്ടുനിന്നില്ല. നയോമിക്ക് ഭര്‍ത്താവിനെയും രണ്ടാണ്മക്കളെയും നഷ്ടപ്പെട്ടു. അങ്ങനെ മൂന്നു വിധവകള്‍ നിരാലംബരായി  തീര്‍ന്നു. എല്ലാം നഷ്ടപ്പെടുമ്പോള്‍  മനുഷ്യന്‍ പിറന്നനാടിനെയും പ്രിയപ്പെട്ടവരെയും ഓര്‍ക്കുന്നു. നയോമി ഓര്‍ത്തു. ഇനിയുള്ള നാളുകള്‍ സ്വന്തം നാട്ടില്‍ കഴിയണമെന്ന് അവര്‍ നിശ്ചയിച്ചു. അതുപ്രകാരം മരുമക്കളോട് അവരവരുടെ വീടുകളിലേക്ക്   പൊയ്‌ക്കൊള്ളാന്‍ അവര്‍ പറഞ്ഞു.

പിരിഞ്ഞുപോകുക നിങ്ങള്‍ സ്വന്തം
വീടുകളില്‍ പോയ് കഴിയുക വേഗം

സ്‌നേഹമയിയായ അമ്മായിയമ്മയെ പിരിഞ്ഞു പോകാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. നയോമി നിറഞ്ഞ ദുഖത്തോടെ അവരെ കാര്യങ്ങള്‍ പറഞ്ഞു. മനസ്സിലാക്കാന്‍ ശ്രമിച്ചു.

നോവുന്നുണ്ടീ വേര്‍പാടില്‍ എന്‍
മനസ്സും നിങ്ങളെപ്പോലെ

നയോമി വളരെ ദുഖത്തോടെ വീണ്ടും മരുമക്കളോട് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ പോകുക. നിരാലംബയായ എന്റെകൂടെ വന്നിട്ട് എന്ത് കാര്യം. എനിക്ക് വേറെ ആണ്മക്കളില്ലല്ലോ അവരെക്കൊണ്ട് നിങ്ങളെ വിവാഹം കഴിപ്പിക്കാന്‍. ഇനി ഒരു പുരുഷന് ഭാര്യയായിരിക്കാനുള്ള പ്രായവും എനിക്ക് കഴിഞ്ഞുപോയി. അഥവാ അങ്ങനെ ഒരാശയില്‍ ഒരു പുരുഷന് ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും അവര്‍ക്ക് പ്രായമാകുന്ന വരെ നിങ്ങള്‍ക്ക് കാത്തിരിക്കാന്‍ കഴിയില്ലല്ലോ? നയോമി ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒപ്പ എന്ന മരുമകള്‍ അവരെ ചുംബിച്ച് പിരിഞ്ഞുപോയി. പക്ഷെ റൂത്ത് നയോമിയോട് ചേര്‍ന്നുനിന്നല്ലാതെ പിരിയാന്‍ കൂട്ടാക്കിയില്ല.

 ഒപ്പ നയോമിയുടെ വാക്കുകള്‍ കേട്ട് അനുസരിച്ച് മടങ്ങിപ്പോയ വിവരം നയോമി പറഞ്ഞപ്പോള്‍ റൂത്ത് പറഞ്ഞു. നിന്നെ പിരിയാനും നിന്റെ കൂടെ വരാതെയിരിപ്പാനും എന്നോട് പറയരുത്. നീ പോകുന്നേടത്ത് ഞാനും പോരും. നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും. നിന്റെ ജനം എന്റെ ജനം. നിന്റെ ദൈവം എന്റെ ദൈവം. മരണത്തിലല്ലാതെ  ഞാന്‍ നിന്നെ വിട്ടുപിരിയുകയില്ല. ഇത്രയും റൂത്ത് പറഞ്ഞു തീര്‍ത്തപ്പോള്‍ പിന്നെ നയോമി ഒന്നും പറഞ്ഞില്ല. ആവര്‍ത്തനാപുസ്തകത്തിലെ ഇരുപത്തിമൂന്നാം അദ്ധ്യായം മൂന്നാം വാക്യം ഇങ്ങനെ പറയുന്നു. ഒരു അമ്മോന്യനോ മൊവാബ്യാണോ  യഹോവയുടെ സഭയില്‍ പ്രവേശിക്കരുത്. അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയില്‍ പ്രവേശിക്കരുത്. പക്ഷെ റൂത്തിന്റെ പില്‍ക്കാല ജീവിതം പ്രസ്തുത വാക്യത്തെ നിര്‍വീര്യമാക്കുന്നു.

എല്ലാം നഷ്ടപ്പെട്ട അമ്മായിയമ്മക്ക് ശാന്തിയും തണലുമായി കൂട്ടിനു പോകാന്‍ സന്മനസ്സ് കാണിക്കുന്ന ഒരു മരുമകളെ നാം ഇവിടെ കാണുന്നു. സ്വന്തം ഗൃഹത്തിലേക്ക് മടങ്ങിപ്പോയി വേറെ വിവാഹം കഴിച്ച് വീണ്ടും ജീവിതം ആരംഭിക്കാന്‍ അവസരങ്ങള്‍ കാത്ത് നില്‍ക്കെ അമ്മായിയമ്മയുടെ കൂടെ പോകാന്‍ സന്നദ്ധത കാണിച്ച റൂത്ത് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായി ബൈബിളില്‍ നിറഞ്ഞു നില്‍ക്കുന്നു. റൂത്തിന്റെ അപേക്ഷ നിരസിക്കാനാവാതെ നയോമി മരുമകള്‍ റൂത്തുമൊത്ത് ബേതലഹേമിലെ ഒരു കൊയ്ത്തുകാലത്ത് തിരിച്ചുവന്നു.

അങ്ങനെ ബോവസിന്റെ വയലില്‍ വിധികൊണ്ടുവന്നു തള്ളിയ റൂത്തിനോട് അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിന്‍കീഴെ ആശ്രയം തേടി വന്നിരിക്കുന്ന നിനക്ക് അവന്‍ പൂര്‍ണ്ണപ്രതിഫലം തരുമാറാകട്ടെ. പിന്നീട് അദ്ദേഹം ബാല്യക്കാരോട് പറഞ്ഞു കട്ടകള്‍ക്കിടയില്‍ തന്നെ അവള്‍ പെറുക്കിക്കൊള്ളട്ടെ. അങ്ങനെ കരുണാമയനായ യഹോവ ബോവസില്‍കൂടെ റൂത്തിനെ ആശ്വാസത്തിന്റെ സുഖ സാന്ദ്രമായ തണലില്‍ ഇരുത്തി.

ബോവസിന്റെ കാരുണ്യത്താല്‍ യുവകൊയ്തും ഗോതമ്പ് കൊയ്ത്തും തീരുന്നതുവരെ റൂത്ത് കട്ടകള്‍ക്കിടയിലെ കതിര്‍പെറുക്കി ആഹാരം സമ്പാദിച്ചു.റൂത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ബോവസ്സ് സ്‌നേഹപൂര്‍വ്വം ചെയ്തുകൊടുത്തു.

ആ നാളുകളില്‍ ഒരു ദിവസം നയോമി പറഞ്ഞു.

യഹോവ ഇനിയും കനിയുമെങ്കില്‍
കൈവരും നിനക്കൊരു ജീവിതം

യഹോവയിലുള്ള വിശ്വാസത്തിന്റെ ബലത്തില്‍ നയോമി മരുമകളുടെ  ഭാവി ജീവിതത്തെക്കുറിച്ച് ചിന്തിച്ചു.  അവരില്‍ ഒരാശയം നാമ്പിട്ടു. യൗവ്വനം ഇനിയും ബാക്കിനില്‍ക്കുന്നു മരുമകള്‍ക്ക് ഒരു പുതിയ ജീവിതം അവര്‍ സ്വപനം കണ്ട്.

ബോവസ്സ് നയോമിയുടെ ചാര്‍ച്ചക്കാരനാണ്. അയാളെക്കൊണ്ട് രൂത്തിനെ കല്യാണം കഴിപ്പിക്കണമെന്നു നയോമി മനസ്സില്‍ കണ്ടു. ഇസ്രായേലിലെ അന്നത്തെ ആചാരം അനുസരിച്ച് മരിച്ചു പോയാളുടെ ബന്ധത്തില്‍ പ്പെട്ടയാള്‍ക്ക് അയാളുടെ വസ്തു വീണ്ടെടുക്കാനും ഒപ്പം വിധവയായ സ്ത്രീക്ക് ഒരു പുതിയ ജീവിതം നല്‍കാനും സാധിച്ചിരുന്നു.  ഇതെല്ലാം കണക്ക് കൂട്ടി നയോമി റൂത്തിനോട് പറഞ്ഞു.

കുളിച്ചോരുങ്ങി സുഗന്ധം പൂശി
കളത്തില്‍ നീ ഇന്ന് ചെല്ലണം
ഇന്ന് രാത്രിയില്‍ അവിടെയുറങ്ങും
ബോവസിനെ നീ കാണണം

അമ്മായിയമ്മയുടെ നിര്‍ദ്ദേശപ്രകാരം റൂത്ത് കളത്തില്‍ ചെന്നു. ബോവസ്സ് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോകുന്നവരെ നയോമി പറഞ്ഞപ്രകാരം അയാള്‍ കാണാതെ അവള്‍ ഒതുങ്ങി നിന്നു. അതിനുശേഷം ബോവസ്സ് ഉറങ്ങാന്‍ പോയ സ്ഥലം മനസ്സിലാക്കി റൂത്ത് അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അവന്റെ കാല്ക്കല് പുതപ്പ് പൊക്കി അവിടെ കിടന്നു. അര്‍ദ്ധരാത്രി ബോവാസ് ഉറക്കമുണര്‍ന്നപ്പോള്‍ റൂത്തിനെ കണ്ട് "നീ ആര്‍ എന്ന് ചോദിച്ചു. റൂത്ത് പറഞ്ഞു.

ഞാന്‍ അവിടത്തെ ദാസി, നിന്റെ പുതപ്പ് അടിയന്റെ മേല്‍ ഇടേണമേ .. നീ വീണ്ടെടുപ്പുകാരനല്ലേ.

റൂത്തിന്റെ ഈ അപേക്ഷ ബോവസിനഷ്ടമായെങ്കിലും അദ്ദേഹത്തെക്കാള്‍ വളരെ അടുത്ത ഒരു വീണ്ടെടുപ്പുകാരന്‍ റൂത്തിനുണ്ടെന്നയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ടദ്ദേഹം അവളോട് ആ രാത്രി കാത്തിരിക്കാന്‍ പറഞ്ഞു. ഒരു സ്ത്രീ കളത്തില്‍ വന്ന വിവരം ആരും അറിയാതിരിക്കാന്‍ ആളറിയുന്നതിനുമുമ്പ് അവളോട് അവിടം  വിട്ടുപോകാന്‍ ബോവസ്സ് പറഞ്ഞു. പോകുമ്പോള്‍ അവള്‍ ധരിച്ചിരുന്ന പുതപ്പില്‍ ആറിടങ്ങഴി യവം അളന്നുകൊടുക്കയും ചെയ്തു. പുലരുന്നതിനു മുമ്പ് ബോവസ്സ് കൊടുത്ത ആറിടങ്ങഴി യവവുമായി റൂത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നയോമി ചോദിച്ചു.

"നീ ആര്"

അവരുടെ ഉദ്യമം സഫലമായോ എന്നായിരുന്നു ആ ചോദ്യത്തിന്റെ സാരം. റൂത്ത് നടന്നതൊക്കെ വിവരിച്ചപ്പോള്‍ നയോമി വീണ്ടും സന്തുഷ്ടയായി.പറഞ്ഞകാര്യം സാധിക്കുന്നത് വരെ ബോവസ്സ് അടങ്ങിയിരിക്കില്ലെന്നവര്‍ക്കറിയാമായിരുന്നു. അങ്ങനെ പിറ്റേന്നു ബോവസ്സും ബോവസ്സ് പറഞ്ഞ വീണ്ടെടുപ്പുക്കാരനും സ്ഥലത്തെ മൂപ്പന്മാരുടെയും സകല ജനങ്ങളുടെയും മധ്യസ്ഥതയില്‍ നയോമിയുടെ വസ്തുവകകളെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ ബോവസ്സ് പറഞ്ഞ വീണ്ടെടുപ്പ്കാരന് വയല്‍ വകകള്‍ മാത്രം സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. രൂത്തിനെ കൂടെ സ്വീകരിക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു.  നയോമിയുടെ ആഗ്രഹം പോലെ ബോവസ്സ് വീണ്ടെടുപ്പുകാരനായി, അദ്ദേഹം റൂത്തിന്റെ ഭര്‍ത്താവായി. മൂപ്പന്മാരും, സകല ജനങ്ങളും അവരെ അനുഗ്രഹിച്ചു. ഇസ്രായേല്‍ ഗൃഹം പണിത ലേയയെപോലെ, റാഹേലിനെപോലെ രൂത്തിനെ യഹോവ അനുഗ്രഹിക്കട്ടെ എന്നവര്‍ പ്രാര്‍ത്ഥിച്ചു.

ബോവസിനും റൂത്തിനു യഹോവ ഒരു പുത്രനെ നല്‍കി. അവനു ഒബേദ്
എന്ന പേര് നല്‍കി. ഒബേദിന്റെ കൊച്ചുമകനായി ദാവീദ് ജനിച്ചു.

യഹോവയില്‍ ആശ്രയിക്കുന്നവര്‍ക്ക് പ്രത്യാശയുണ്ട് . അവര്‍ക്ക് സമാധാനവും സമൃദ്ധിയുമുണ്ട് എന്ന് ഈ കഥ നമ്മളെ ഉത്ബുദ്ധരാക്കുന്നു. കരുണാമയനായ ദൈവത്തിനു സ്തുതി പറഞ്ഞുകൊണ്ട് ഈ കഥ അവസാനിപ്പിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക