Image

സന്ദര്‍ശകന്‍ (കവിത: ഡോ.എസ്.രമ)

Published on 24 October, 2019
സന്ദര്‍ശകന്‍  (കവിത: ഡോ.എസ്.രമ)
അതീവഗുരുതരമായൊരു
രോഗം ബാധിച്ച്
അത്യാസന്ന നിലയില്‍
അന്ത്യം കാത്തു കഴിയുന്ന
അത്രമേല്‍ സ്‌നേഹിച്ച
ഒരുവനെ സന്ദര്‍ശിച്ചിട്ടുണ്ടോ?
ഭൂതകാലത്തിന്റെ
ഊര്‍ജ്ജസ്വലതയിലേക്ക് ഇനിയൊരു
തിരിച്ചുപോക്കസാധ്യമെന്ന്
പൂര്‍ണബോധ്യമുള്ള  ഒരുവനെ?
ആതുരാലയങ്ങളും ഭിഷഗ്വരന്മാരും
കയ്യൊഴിഞ്ഞ ഒരുവനെ?

അയാള്‍....
ചുമരില്‍ തൂങ്ങുന്ന ഘടികാരത്തിന്റെ
സെക്കന്റ്‌സൂചിയുടെ മിടിപ്പുകളില്‍
ആരുമറിയാതയാളാ  നിമിഷങ്ങളെ 
എണ്ണി തിട്ടപ്പെടുത്തുന്നുണ്ടാകും..
മണിക്കൂറുകളുടെ മണിനാദങ്ങള്‍
അശനിപാതം പോലെയാ
ഹൃദയത്തില്‍ പതിക്കും..
സന്ധ്യകളില്‍
ആത്മഹത്യ ചെയ്ത് പ്രഭാതങ്ങളില്‍
പുനര്‍ജനിക്കുന്ന
ദിവസങ്ങളെയയാള്‍
കണക്ക് കൂട്ടി വക്കും...
ഇടയ്ക്കിടെ
ദേഹമാസകലം
പടരുന്ന വേദനയില്‍
അയാള്‍ പുളയുന്നുണ്ടാകും....
വേഗത്തില്‍
തുരുമ്പെടുത്ത്
നിശ്ചലമാകുന്നൊരു
യന്ത്രം കണക്കെ ശരീരത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നത്
അയാള്‍ അറിയുന്നുണ്ടാകും.....
നിസ്സംഗതയില്‍... നിര്‍വികാരതയില്‍..
അയാളുടെ കണ്ണുകള്‍
ചത്ത മീനിനെ പോലെ നിര്‍ജീവമായിരിക്കും..

നിങ്ങള്‍....
 ആശ്വസിപ്പിക്കാന്‍
വാക്കുകളി ല്ലാതെ 
നിങ്ങള്‍ വീര്‍പ്പുമുട്ടും..
എങ്കിലും വെറുതേ
പാഴ് വാക്കുകള്‍ പറയും...
ഭൂതകാലത്തിലൊരുമിച്ചു പങ്കിട്ട
മനോഹര നിമിഷങ്ങളെ പറ്റി നിങ്ങളയാളെ
ഒന്നുകൂടി ഓര്‍മിപ്പിക്കും...
വീണ്ടുമൊരു തിളക്കമാ  കണ്ണുകളില്‍
വെറുതെ കണ്ട് ആശ്വസിക്കും..
ഒരു കനത്ത
പാറക്കഷ്ണം
നെഞ്ചില്‍ എടുത്തുവെച്ച വേദനയില്‍
നിങ്ങളയാളോട്
യാത്ര പറയും..
തൊണ്ടക്കുഴിയില്‍
പൊന്തുന്ന ഗദ്ഗദത്തില്‍ ശബ്ദം
ഇടറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും...
പക്ഷേ   ആരും
കാണാതൊരു
കൈലേസ് നിറഞ്ഞു തുളുമ്പുന്ന 
നിങ്ങളുടെ 
കണ്ണുകളെ സാന്ത്വനിപ്പിക്കുന്നുണ്ടാകും ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക