Image

പ്രണയാപഹരണം (കവിത: ഉമ വിനോദ്)

Published on 24 October, 2019
പ്രണയാപഹരണം (കവിത: ഉമ വിനോദ്)
അതിക്രൂരമായി പ്രണയിക്കപ്പെടുകയെന്നാല്‍
ഒരു കൊടുങ്കാറ്റിന്റെ വേഗതയിലവളെ
തന്നിലേക്കടുപ്പിക്കുകയെന്നതാവാം..
ഒരായുസ്സിനെ വെട്ടിച്ചുരുക്കി
ഒരൊറ്റ ചുംബനത്തിന്റെ
ദൈര്‍ഘ്യത്തിലേക്കൊതുക്കി
വയ്ക്കുകയെന്നതാവാം..

അല്ലെങ്കില്‍
മറുവാക്കിനൊരിടം പോലും
കൊടുക്കാതെയവളെ
ചുറ്റിവരിയുകയെന്നതുമാവാം..
തിരമാലപോലുയര്‍ന്ന്
ഉടല്‍ശിലയാകെ ഉലച്ചുകളയുന്നതാവാം.
പ്രണയദംശനമേറ്റവള്‍
നീലിച്ചുപോകുവോളം
മനസ്സാസകലം ആഞ്ഞാഞ്ഞു കൊത്തുന്നതുമാവാം.

ഒരോ നേരങ്ങളും നിന്നിലേക്കാണ്ടുപോകുംവിധം
വാക്കിന്റെ നീര്‍ച്ചുഴികള്‍ തീര്‍ക്കുന്നതാവാം..
ഒരിമചിമ്മലിന്റെ വേഗതയിലവളെ
നിന്റെ ഭ്രാന്തുകളുടെ ആഴത്തിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നതുമാവാം..
അല്ല, ഇതൊന്നുമല്ല..
അതിക്രൂരമായൊരുവളെ
പ്രണയിക്കുകയെന്നാല്‍,
ഋതുഭേദങ്ങളൊന്നുമില്ലാതെ
പ്രണയമെന്ന
ഒരൊറ്റഋതുവിലേക്കവളെ
ഒളിച്ചു കടത്തുന്നത് തന്നെയാവണം..
മണ്ണ് മരങ്ങള്‍ കിളികള്‍ പുഴകള്‍
എന്നുവേണ്ട
ഭൂമിയിലെ നിന്റെയിടങ്ങളെയൊക്കെയും
അവളിലേക്ക് പറിച്ചുനടും പോലെയോ ,
നിന്നോളം,  അവളോളം, ഏറുമ്പോളം
ചുരുങ്ങി ചുരുങ്ങി
എപ്പോഴുമെപ്പോഴും അവളിലേക്കുള്ള
വഴികള്‍ തേടുകയെന്നപോലെയോ ആവാം..

എന്തുമാകട്ടെ,
അതിക്രൂരമായി പ്രണയിക്കപ്പെടുകയെന്നാല്‍
ജന്മജന്മാന്തരങ്ങളിലേക്കായി
കരുതിവച്ചതൊക്കെയും
ഒരൊറ്റനിമിഷം കൊണ്ടൊരാളാല്‍
കൊള്ളയടിക്കപ്പെടുന്നത് തന്നെയാണ്.

Join WhatsApp News
amerikkan mollakka 2019-10-25 10:15:44
അതിക്രൂരമായി പ്രണയിക്കപ്പെടുകയെന്നാൽ 
"one sided love" ആണോ.  ഞ മ്മക്ക് ഇതിന്റെ 
ഹിക്കുമത് ഒന്നും തിരിയില്ലാന്നു. ഞമ്മക്ക് 
തോന്നണത് ഒരു പഹയൻ ഒരു സുന്ദരിയെ 
കെട്ടിപിടിച്ചു,ഉമ്മവച്ചു, സകല കുണ്ടാമണ്ടികളും 
ചെയ്തു. എന്നാൽ ആ ഹൂറിക്ക് അത് പെട്ടെന്ന് 
സുഖിച്ചുകാണില്ല. കാരണം ഓൾ പതുക്കെ 
മൊഹബത്ത് മനസിലാക്കുന്നു. ഈ പഹയൻ 
ആള്  മോസക്കാരനല്ല. ഓൻ ഉമ്മകൊടുത്ത് 
പെണ്ണിനെ ശ്വാസം മുട്ടിച്ച് ഓളുടെ ദേഹം 
നീല നിറമായി. പ്രണയിക്കാൻ, ചുംബിക്കാൻ 
ഒക്സിജൻ ബേണമെന്നു ഇത് വായിച്ചപ്പോൾ 
മനസ്സിലായി. ക്രൂരമായി ബലാൽസംഗം 
ചെയ്യപ്പെടുമ്പോഴും ഒരാളുടെ ആശയല്ലേ 
പൂർത്തിയാകുന്നത്. one sided?? ഹള്ളാ , എന്തൊക്കെയാണ് 
ഈ കബികൾ എയ്തുന്നത്. അപ്പൊ അസ്സലാമു 
അലൈക്കും.കബിത മോശമില്ല. മുബാറക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക