Image

ബ്രെക്‌സിറ്റ് നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച തുടങ്ങി

Published on 24 October, 2019
ബ്രെക്‌സിറ്റ് നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച തുടങ്ങി


ബ്രസല്‍സ്: ബ്രെക്‌സിറ്റ് സമയപരിധി നീട്ടിനല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച യൂറോപ്യന്‍ യൂണിയനില്‍ ഔദ്യോഗികമായി ആരംഭിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് ബില്‍ മൂന്നുദിവസത്തിനുള്ളില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണമെന്ന 'ബ്രെക്‌സിറ്റ് സമയക്രമം’ ബ്രിട്ടീഷ് പാര്‍ലമെന്റ് ചൊവ്വാഴ്ച തള്ളിയതിനുപിന്നാലെയാണ് യൂണിയന്‍ അംഗരാജ്യങ്ങളുടെ നേതാക്കള്‍ ചര്‍ച്ചയാരംഭിച്ചത്.

നിലവിലെ കരാര്‍പ്രകാരം ഒക്ടോബര്‍ 31നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. കരാറില്‍ സമവായത്തിലെത്താന്‍ ബ്രിട്ടനുകഴിഞ്ഞില്ലെങ്കില്‍, യൂണിയനിലെ മറ്റ് 27 രാജ്യങ്ങള്‍ അനുവദിച്ചാല്‍ ബ്രെക്‌സിറ്റ് തീയതി ജനുവരി 20വരെ നീട്ടിനല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കിയിരുന്നു.

ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ ബ്രിട്ടന്‍ ആവശ്യപ്പെട്ടാല്‍ തങ്ങള്‍ എതിര്‍ക്കില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അറിയിച്ചു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ നേരത്തേ പിന്തുണയറിയിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണിന്റെ നിലപാടാണ് ഇവിടെ നിര്‍ണായകം.

അതേസമയം, ബ്രെക്‌സിറ്റ് തീയതി നീട്ടുന്നതില്‍ ബോറിസ് ജോണ്‍സണ് വ്യക്തിപരമായി അഭിപ്രായഭിന്നതയുണ്ട്. ഒക്ടോബര്‍ 31ന് യൂണിയന്‍ വിടാനായില്ലെങ്കില്‍ ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നാണ് ജോണ്‍സന്റെ മുന്നറിയിപ്പ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക