Image

വട്ടിയൂര്‍കാവും കോന്നിയും എല്‍ഡിഎഫിന്‌ ; അരൂരില്‍ ഷാനിമോള്‍ കടന്നുകൂടി; എറണാകുളവും മഞ്ചേശ്വരവും നിലനിര്‍ത്തി യുഡിഎഫ്‌

Published on 24 October, 2019
വട്ടിയൂര്‍കാവും കോന്നിയും എല്‍ഡിഎഫിന്‌ ; അരൂരില്‍ ഷാനിമോള്‍ കടന്നുകൂടി; എറണാകുളവും മഞ്ചേശ്വരവും  നിലനിര്‍ത്തി യുഡിഎഫ്‌
തിരുവനന്തപുരം: യുഡിഎഫിന്റെ കോട്ടകളായ കോന്നിയും വട്ടിയൂര്‍കാവും കയ്യേറി ഇടതുപക്ഷം കരുത്തു കാട്ടിയ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളവും മഞ്ചേശ്വരവും നഷ്ടപ്പെടുത്താതെ നില നിര്‍ത്തിയ യുഡിഎഫ്‌ അരൂരും പിടിച്ചെടുത്തു. 

കേരളം ആകാംഷയോടെ കാത്തിരുന്ന ഉപതെരഞ്ഞെടുപ്പിന്‌ പര്യവസാനിക്കുമ്‌ബോള്‍ യുഡിഎഫ്‌ മൂന്ന്‌ സീറ്റിലും എല്‍ഡിഎഫ്‌ രണ്ടു സീറ്റിലും ജയം നേടി. അവസാന നിമിഷം വരെ സസ്‌പെന്‍സ്‌ നില നിര്‍ത്തിയ ശേഷം അരൂരില്‍ ഷാനിമോള്‍ ഉസ്‌മാന്‍ കടന്നുകൂടി. മഞ്ചേശ്വരത്ത്‌ ഒഴികെ എല്ലായിടത്തും ബിജെപിയ്‌ക്ക്‌ എത്താനായത്‌ മൂന്നാം സ്ഥാനത്താണ്‌.

വട്ടിയൂര്‍കാവിലും കോന്നിയിലും യുവരക്തങ്ങളെ ഇറക്കിയാണ്‌ എല്‍ഡിഎഫ്‌ പിടിച്ചത്‌. മറുവശത്ത്‌ എല്‍ഡിഎഫിന്റെ അരൂര്‍, ഷാനിമോളെ കൊണ്ട്‌ യുഡിഎഫും പിടിച്ചെടുത്തു. മഞ്ചേശ്വരവും എറണാകുളവും നില നിര്‍ത്തുകയും ചെയ്‌തു. വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെയും കോന്നിയില്‍ കെ യു ജനീഷ്‌കുമാറിനെയും പരീക്ഷിച്ച എല്‍ഡിഎഫ്‌ നീക്കം ഫലം കണ്ടത്‌. എന്നാല്‍ എറണാകുളത്ത്‌ മനു റോയിക്ക്‌ വിമത ശല്യം വിനയായി. 

മഞ്ചേശ്വരത്ത്‌ ശങ്കര്‍ റായിക്ക്‌ ലീഗിന്റെ അപ്രമാദിത്യം മറികടക്കാനായില്ല. അരൂരില്‍ മനു സി പുളിക്കലിന്‌ മേല്‍ ആദ്യം മുതല്‍ നില നിര്‍ത്തിയ നേരിയ മികവ്‌ അവസാനം വരെ നില നിര്‍ത്താന്‍ കഴിഞ്ഞത്‌ ഷാനിമോള്‍ ഉസ്‌മാന്‌ നേരിയ വിജയം സമ്മാനിച്ചു.

 തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലായിരുന്ന ഷാനിമോള്‍ ഉസ്‌മാന്‍ 1992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ നിയമസഭയിലേക്ക്‌ എത്തുന്നത്‌.

വട്ടിയൂര്‍കാവില്‍ മിന്നും വിജയം നേടിയ വികെ പ്രശാന്ത്‌ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ജയിച്ചു കയറിയത്‌. തപാല്‍ വോട്ടു എണ്ണിയത്‌ മുതല്‍ നില നിര്‍ത്തിയ ആധിപത്യം ഘട്ടം ഘട്ടമായി പ്രശാന്ത്‌ ഉയര്‍ത്തിക്കൊണ്ടുമിരുന്നു. വട്ടിയൂര്‍കാവില്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത്‌ നിന്നിടത്തു നിന്നുമാണ്‌ എല്‍ഡിഎഫിനെ ഒന്നാമതാക്കി വി കെ പ്രശാന്ത്‌ ഉയര്‍ത്തിയത്‌.

 വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫിന്‌ ആദ്യ വിജയമാണ്‌ ഇത്‌. കഴിഞ്ഞ തവണ കുമ്മനം മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത്‌ ഉണ്ടായിരുന്ന ബിജെപി മൂന്നാം സ്ഥാനത്തേക്ക്‌ വീണുപോയി.

കോന്നിയില്‍ 23 വര്‍ഷത്തെ യുഡിഎഫ്‌ മുന്നേറ്റം അവസാനിപ്പിച്ച്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ.യു. ജനീഷ്‌കുമാര്‍ 9953 വോട്ടുകളുടെ ഭുരിപക്ഷത്തില്‍ ആണ്‌ വിജയം നേടിയത്‌.

 മൂന്ന്‌ മുന്നണികള്‍ക്കും പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മോഹന്‍രാജ്‌ രണ്ടാമതായി. ശബരിമല തന്നെ പ്രചരണ വിഷയമായ ബിജെപിയുടെ തന്ത്രത്തിനും തിരിച്ചടി കിട്ടി. കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്‌ വീണു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സര?മെന്ന്‌ നേരത്തേ തന്നെ വിലയിരുത്തപ്പെട്ട മഞ്ചേശ്വരത്ത്‌ ആദ്യം മുതല്‍ ലീഡ്‌ നില നിര്‍ത്തിയ മുസ്ലീംലീഗ്‌ സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന്‍ യുഡിഎഫ്‌ പ്രതീക്ഷ നില നിര്‍ത്തി.

 9995 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. ബിജെപി സ്ഥാനാര്‍ത്ഥി രവീശതന്ത്രി രണ്ടാം സ്ഥാനത്ത്‌ എത്തിയപ്പോള്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ശങ്കര്‍ റായിക്ക്‌ എത്തിനോക്കാന്‍ പോലുമായില്ല. കമറുദ്ദീന്റെ വോട്ടിന്റെ നാലിലൊന്ന്‌ വോട്ടുകള്‍ മാത്രമാണ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയ്‌ക്ക്‌ കിട്ടിയത്‌.

മഴയും വെള്ളപ്പൊക്കവും മൂലം പോളിംഗ്‌ പ്രതീക്ഷയ്‌ക്കപ്പുറത്തേക്ക്‌ കുറഞ്ഞ എറണാകുളത്തും യുഡിഎഫ്‌ നേരിയ വിജയമാണ്‌ നേടിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക