Image

വട്ടിയൂര്‍കാവിലും കോന്നിയിലും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു ; മഞ്ചേശ്വരത്തും എറണാകുളത്ത് യുഡിഎഫ് ആഹ്ലാദപ്രകടനത്തിനൊരുങ്ങുന്നു

Published on 24 October, 2019
വട്ടിയൂര്‍കാവിലും കോന്നിയിലും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു ; മഞ്ചേശ്വരത്തും എറണാകുളത്ത് യുഡിഎഫ് ആഹ്ലാദപ്രകടനത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തും വട്ടിയൂര്‍കാവിലും കോന്നിയിലും മഞ്ചേശ്വരത്തും വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയം ഉറപ്പിച്ച്‌ ആഹ്ലാദ പ്രകടനം തുടങ്ങി. യുഡിഎഫിന് വന്‍ മുന്‍തൂക്കം പ്രവചിക്കപ്പെട്ട വട്ടിയൂര്‍കാവിലും മൂന്ന് മുന്നണികളും പ്രതീക്ഷ വെച്ച കോന്നിയിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിജയം ഉറപ്പാക്കിയപ്പോള്‍ എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ് പ്രവര്‍ത്തകരും ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്. അരൂരില്‍ മാത്രമാണ് സംശയാസ്പദമായ സാഹചര്യം.

വട്ടിയൂര്‍കാവിലും കോന്നിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം ഉറപ്പാക്കി. വട്ടിയൂര്‍കാവില്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും ഞെട്ടിച്ച്‌ എല്‍ഡിഎഫിന്റെ പി പ്രശാന്ത് 8397 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആറു റൗണ്ടുകള്‍ വോട്ടെണ്ണല്‍ കഴിയുമ്ബോള്‍ നേടിയിരിക്കുന്നത്.കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് വീണ എല്‍ഡിഎഫിന് ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പായി വട്ടിയൂര്‍കാവിലെ വിജയം മാറുകയാണ്. തുടക്കം മുതല്‍ ലീഡ് നില നിര്‍ത്തി മുന്നേറിയ വി കെ പ്രശാന്ത് യുഡിഎഫ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ മികച്ച വോട്ടു ഷെയര്‍ നേടി. വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനത്തിനായി തെരവില്‍ സംഘടിച്ചു കഴിഞ്ഞിരിക്കുകയാണ്.

മൂന്ന് മുന്നണികളും പ്രതീക്ഷ വെച്ച കോന്നിയില്‍ കോണ്‍ഗ്രസിന് നഷ്ടമായത് സിറ്റിംഗ് സീറ്റായിരുന്നു. മോഹന്‍രാജും ബിജെപിയുടെ കെ സുരേന്ദ്രനും വിജയ പ്രതീക്ഷ പുലര്‍ത്തിയ കോന്നി കെ യു ജനീഷ് കുമാര്‍ എന്ന യുവ നേതാവിലൂടെയാണ് എല്‍ഡിഎഫ് തിരികെ വന്നത്. അന്തിമഫലം വരാനിരിക്കെ ജനീഷ് കുമാര്‍ 4649 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പാക്കിയിരിക്കുന്നത്. പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണ് മത്സരഫലമെന്നാണ് ജനീഷ്കുമാറിന്റെ പ്രതികരണം. അപവാദ പ്രചരണങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്ന് ജനീഷ്കുമാര്‍ പറഞ്ഞു.

എറണാകുളം മണ്ഡലത്തില്‍ യുഡിഎഫിന് കാര്യമായ വോട്ടു ചോര്‍ച്ചയുണ്ടായി എന്നാണ് വിലയിരുത്തലെങ്കിലും എറണാകുളം നില നിര്‍ത്താന്‍ യുഡിഎഫിനായി. ഏഴു റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍ ഡപ്യൂട്ടി മേയര്‍ ടി ജെ വിനോദ്കുമാര്‍ 4257 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തുടരുകയാണ്. ഇനി ഏതാനും ബൂത്തുകള്‍ കൂടി മാത്രമാണ് എണ്ണിത്തീരാനുള്ളത്. ശക്തി കേന്ദ്രങ്ങളില്‍ നിന്നും പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടാതെ പോയത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയ്ക്ക് കാരണമായി മാറുന്നുണ്ട്. എന്നിരുന്നാലും ജയം ഉറപ്പിച്ചതോടെ ആഹ്ലാദത്തിന് തയ്യാറെടുക്കുകയാണ് പ്രവര്‍ത്തകര്‍.

ലീഗും ബിജെപിയും തമ്മില്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കമറുദ്ദീന്‍ 6601 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഏറെ മുന്നിലാണ്. ബിജെപിയുടെ രവീശതന്ത്രി രണ്ടാം സ്ഥാനത്തുണ്ട്. നേരത്തേ ആദ്യറൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ലീഡ് ആയിരത്തിലേക്ക് കടന്നപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെങ്കിലും നേതൃത്വം ഇടപെട്ട് വിലക്കിയിരുന്നു. ഇനി മഞ്ചേശ്വരത്ത് അറിയണ്ടേത് കമറുദ്ദീന് എത്ര ലീഡ് കിട്ടുമെന്ന് മാത്രമാണ്. പ്രവര്‍ത്തകര്‍ വിജയാഹ്ലാദത്തിന് തയ്യാറാകുകയാണ്.

അതേസമയം അരൂരില്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ എല്‍ഡിഎഫില്‍ നിന്നും സീറ്റ് തിരിച്ചുപിടിക്കും എന്നും സൂചനയുണ്ട്. യുഡിഎഫിന് പ്രതീക്ഷ നല്‍കി സാവധാനം ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഷാനിമോള്‍ക്ക് ഇതുവരെ 2553 വോട്ടുകളുടെ ഭൂരിപക്ഷമാണ് കിട്ടിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നഷ്ടമായത് അരൂരില്‍ തിരിച്ചു പിടിക്കുന്നതിന്റെ സൂചനയാണ് ഷാനിമോള്‍ കാട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക