Image

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി അതീവ ഗൗരവം: ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്‍

Published on 23 October, 2019
 ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി അതീവ ഗൗരവം: ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ പരാതി അതീവ ഗൗരവമുള്ളതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.സി. ജോസഫൈന്‍ വ്യക്തമാക്കി. സ്ത്രീകളെ സമൂഹ മാധ്യമത്തിലുടെയോ യുട്യൂബ് ചാനലിലൂടെയോ അപമാനിക്കാന്‍ പാടില്ല. പരാതിയില്‍ ഡിജിപിയോടും സൈബര്‍ പോലീസിനോടും പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് വനിതാ കമ്മീഷനു മുമ്പാകെ കന്യാസ്ത്രീകള്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയത്. യുട്യുബ് വീഡിയോ ചാനല്‍ ഉപയോഗിച്ച് പരാതിക്കാരിയെയും സാക്ഷികളെയും അവഹേളിച്ചും ഭീഷണിമുഴക്കിയും കേസില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയില്‍ ഫ്രാങ്കോയ്ക്ക്  കാരണം കാണിക്കാന്‍ നോട്ടീസ് അയച്ചിരുന്നു. അപമാനിക്കുന്നു എന്ന് പരാതി നല്‍കിയതിന് പിന്നാലെയാണ് വൈക്കം പോലീസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ജാമ്യം റദ്ദാക്കാതിരിക്കാന്‍ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കകം കാരണം കാണിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈക്കം എഎസ്പിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന കന്യാസ്ത്രീയുടെ പരാതി പ്രകാരമാണ് നടപടി.

നേരത്തേ ഫ്രാങ്കോ മുളയ്ക്കന്‍ അനുയായികളെ കൊണ്ട് സാമൂഹ്യമാധ്യമങ്ങള്‍ വഴി അപമാനിക്കാനും സ്വാധീനിക്കാനും ശ്രമിക്കുന്നെന്നും ഭീഷണിപ്പെടുത്തുന്നു എന്നും കാണിച്ച് പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്കാണ്് പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലും തന്റെ ചിത്രങ്ങളും മറ്റും പ്രസിദ്ധപ്പെടുത്തി മാനസീകമായി ബുദ്ധിമുട്ടിക്കുന്നു എന്നും ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

നേരത്തേ ബിഷപ്പിന് ജാമ്യം നല്‍കുമ്പോള്‍ സാക്ഷികളെയും പരാതിക്കാരെയും ഒരു തരത്തിലും ഉപദ്രവിക്കാന്‍ ശ്രമിക്കരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരുന്നു. ഇതിന്റെ ലംഘനം നടന്നതായിട്ടാണ് പരാതിയുടെ അടിസ്ഥാനത്തിലെ പ്രാഥമിക വിവരം. അതേസമയം ജാമ്യവ്യവസ്ഥയുടെ ലംഘനം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഫ്രാങ്കോയ്‌ക്കെതിരേ അന്വേഷണ സംഘത്തിന് ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാകും. നേരത്തേ കേസില്‍ കോട്ടയം ജില്ലാക്കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ഫ്രാങ്കോയ്ക്ക് സമന്‍സ് നല്‍കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക