Image

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പൊലീസ് സമന്‍സ്

Published on 23 October, 2019
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പൊലീസ് സമന്‍സ്
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി പീഡനത്തിനിരയായ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പൊലീസ് സമന്‍സ് അയച്ചു. കുറിവിലങ്ങാട് പൊലീസ് ജലന്ധറിലെത്തിയാല്‍ ഫ്രാങ്കോക്ക് സമന്‍സ് കൈമാറിയത്. ഫ്രാങ്കോ മുളക്കല്‍ നവംബര്‍ 11 ന് കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സിലുള്ളത്.

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ഇരയാക്കപ്പെട്ട കന്യാസ്ത്രീ ദേശീയ വനിതാ കമീഷനും സംസ്ഥാന വനിതാ കമീഷനും പരാതി നല്‍കിയിരുന്നു. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുന്നു. ഇരയായ തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായും കന്യാസ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ തന്നെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ വീണ്ടും ഇരയെ സമൂഹമാധ്യമത്തില്‍ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകള്‍ ഇറക്കുന്നുവെന്നാണ് പരാതി.

കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവര്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു കേസിലും ഇതുവരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക