Image

പരാതി പറഞ്ഞിരുന്നെങ്കില്‍ ഇടപെട്ടേനെ; ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി വ്യക്തിപരമെന്ന് ജോയ് മാത്യു

Published on 23 October, 2019
പരാതി പറഞ്ഞിരുന്നെങ്കില്‍ ഇടപെട്ടേനെ; ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി വ്യക്തിപരമെന്ന് ജോയ് മാത്യു

കോഴിക്കോട്: നടി മഞ്ജു വാര്യര്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിെ സംബന്ധിച്ച്‌ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. മഞ്ജു നല്‍കിയ പരാതി വ്യക്തിപരമായതെന്ന് ജോയ് മാത്യു പ്രതികരിച്ചു. മഞ്ജുവോ ശ്രീകുമാര്‍ മേനോനോ തന്നോട് പരാതി പറഞ്ഞാല്‍ ഇടപെട്ടേനെയെന്നും ജോയ് മാത്യു കോഴിക്കോട്ട് പറഞ്ഞു. സിനിമാലോകത്തെ പരാതികള്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. ഗ്ലാമറിന്റെ ലോകമാണ് സിനിമ. അതുകൊണ്ടുതന്നെ ചില പരാതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടും. ചില പരാതികള്‍ മാനസികരോഗം കൊണ്ടും, ചില പരാതികള്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയുമാണെന്നാണ് ജോയ് മാത്യു പറയുന്നത്.


അവര്‍ തമ്മിലുള്ള പ്രശ്‌നം അവര്‍ തന്നെ ഇടപെട്ട് തീര്‍ക്കുമെന്നാണ് കരുതുന്നത്. നവ മാധ്യമങ്ങള്‍ വന്ന ശേഷം ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം കിട്ടുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. കഴിഞ്ഞദിവസമാണ് മഞ്ജു വാര്യര്‍ ഡിജിപിയെ നേരിട്ട് കണ്ട് ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും പരാതി നല്‍കിയത്.


 ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് താന്‍ ഭയപ്പെടുന്നതായി പരാതിയില്‍ മഞ്ജുവാര്യര്‍ പറയുന്നു. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.


ഒടിയന്‍ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുമുണ്ട്. മഞ്ജുവാര്യര്‍ പരാതിക്കൊപ്പം വിവിധ രേഖകളും കൈമാറിയതായാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക