Image

ഇരയിയമ്മന്‍ തുറയില്‍ തമിഴ്നാടിന്റെ പുതിയ തുറമുഖം

Published on 09 May, 2012
ഇരയിയമ്മന്‍ തുറയില്‍ തമിഴ്നാടിന്റെ പുതിയ തുറമുഖം
വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് തിരിച്ചടിയായി തമിഴ്നാട് കന്യാകുമാരി ജില്ലയിലെ ഇരയിയമ്മന്‍ തുറ പട്ടണത്തില്‍ പുതിയ തുറമുഖം. മത്സ്യബന്ധന സീസണ്‍ മുന്നില്‍ക്കണ്ട് വമ്പന്‍ അടിസ്ഥാന സൌകര്യങ്ങളൊരുക്കി തമിഴ്നാട് മുന്നേറ്റം തുടരുമ്പോഴും ഒരു തലമുറയുടെ പാരമ്പര്യവുമായി വിഴിഞ്ഞം അവഗണനയിലും.

ഏത് പ്രതികൂല സാഹചര്യങ്ങളിലും വിഴിഞ്ഞത്തുനിന്ന് ബോട്ടുകള്‍ ഇറക്കാം എന്ന പ്രത്യേകതയുണ്ടായിരുന്നതിനാല്‍ സീസണില്‍ കുളച്ചല്‍, തൂത്തുക്കുടി, നീരോടി ഉള്‍പ്പെടെ കന്യാകുമാരി ജില്ലയിലെ തൊഴിലാളികള്‍ ജൂണ്‍ മാസങ്ങളില്‍ വള്ളങ്ങളും വലയുമായി ഇവിടെയെത്തുകയാണ് പതിവ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ ട്രാന്‍സ്പോര്‍ട്ടിംഗ്, മത്സ്യവില്പന ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാരിനും വിഴിഞ്ഞത്തുകാര്‍ക്കും നല്ല വരുമാനവും ഉണ്ടാകുന്ന തരത്തിലായിരുന്നു അന്യസംസ്ഥാനക്കാരുടെ വരവ്.

പക്ഷേ ഇക്കുറി അതുണ്ടാകില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കേരള അതിര്‍ത്തിയില്‍ നിന്ന് കഷ്ടിച്ച് ഇരുപതോളം കിലോമീറ്റര്‍ മാറിയാണ് തമിഴ്നാടിന്റെ പുതിയ മത്സ്യബന്ധന തുറമുഖം.

അതുകൊണ്ടുതന്നെ പൊഴിയൂര്‍, തെക്കേ കൊല്ലംകോട് എന്നിവിടങ്ങളിലെ തൊഴിലാളികളും തമിഴ്നാട്ടിലേക്ക് പോകുമെന്നാണ് സൂചന. ഇതോടെ പൂവാര്‍ മുതല്‍ പെരുമാതുറ വരെയുള്ളവരില്‍ മാത്രമായി ചുരുങ്ങും വിഴിഞ്ഞത്തിന്റെ സീസണ്‍. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം അടിസ്ഥാന സൌകര്യംപോലുമില്ലാതെ ഇഴയുമ്പോഴാണ് ചുരുങ്ങിയകാലംകൊണ്ട് പുതിയ തുറമുഖം നിര്‍മിച്ച് തമിഴ്നാട് കഴിവ് തെളിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക