Image

സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്; സ്വകാര്യത മാനിക്കുമെന്ന് കേന്ദ്രം

Published on 22 October, 2019
സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്; സ്വകാര്യത മാനിക്കുമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: ( 22.10.2019) സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്. സമൂഹ മാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധപ്പെടുത്തുന്നതടക്കം ഹൈക്കോടതികളില്‍ പരിഗണനയിലിരിക്കുന്ന ഹര്‍ജികളെല്ലാം സുപ്രീം കോടിതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി അംഗീകരിച്ചത്. ഈ ആവശ്യമുന്നയിച്ച്‌ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്ബനികളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

അതേസമയം പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി കൊണ്ടുവരുന്ന മാര്‍ഗരേഖ ആരുടെയും സ്വകാര്യതയെ തടസ്സപ്പെടുത്തുന്നതാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദേശീയസുരക്ഷയും ദേശീയ താല്പര്യവും കൂടി പരിഗണിച്ചായിരിക്കണം സ്വകാര്യത എന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്.

സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ കേന്ദ്രം മാര്‍ഗരേഖ കൊണ്ടുവരണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ജനുവരി ആദ്യവാരത്തോടെ മാര്‍ഗരേഖ കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക