Image

വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ്; മഞ്ചേശ്വരം, എറണാകുളം, കോന്നി യുഡിഎഫിനെന്ന് മാതൃഭൂമി എക്‌സിറ്റ്‌പോള്‍; അരൂരും വട്ടിയൂര്‍ക്കാവും ഒപ്പത്തിനൊപ്പമെന്ന് മനോരമ

Published on 21 October, 2019
വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ്; മഞ്ചേശ്വരം, എറണാകുളം, കോന്നി യുഡിഎഫിനെന്ന് മാതൃഭൂമി എക്‌സിറ്റ്‌പോള്‍; അരൂരും വട്ടിയൂര്‍ക്കാവും ഒപ്പത്തിനൊപ്പമെന്ന് മനോരമ


തിരുവനന്തപുരം: മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തുമെന്നും അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ജയിക്കുമെന്നും മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോള്‍ പ്രവചനം.

 മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന്‍ മൂന്ന് ശതമാനം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം.

അരൂരില്‍ നേരിയ മാര്‍ജിനില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് പ്രവചനം. ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് സര്‍വെ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിന് 44 ശതമാനം വോട്ട് കിട്ടിയേക്കാമെന്നാണ് പ്രവചനം.

ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ടി.ജെ വിനോദ് അഞ്ച് ശതമാനത്തോളം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. ടി.ജെ വിനോദിന് 44 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 39 ശതമാനം വോട്ട് നേടുമെന്നും പ്രവചനം. 

കോന്നി യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് പ്രവചനം. അടൂര്‍ പ്രകാശ് 23 വര്‍ഷം പ്രതിനിധീകരിച്ച സീറ്റില്‍ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് തന്നെ ജയിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന് 41 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ 39 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് സാധ്യത.

മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ പറയുന്നു. വി.കെ പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന്റെ കെ.മോഹന്‍കുമാറിന് 37 ശതമാനം വോട്ട് മാത്രമേ നേടാനാകൂവെന്ന് മാതൃഭൂമി പ്രവചിക്കുന്നു.

അതേസമയം, മനോരമ- ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ചു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യുഡിഎഫും കോന്നിയില്‍ എല്‍ഡിഎഫും രണ്ടിടത്ത് ഫോട്ടോഫിനിഷുമാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.

അരൂരില്‍ ഫോട്ടോ ഫിനിഷ്. യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം. എല്‍ഡിഎഫ് 44%, യുഡിഎഫിന് 43% വോട്ടും പ്രതീക്ഷിക്കുന്നു. വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷായിരിക്കുമെന്ന് മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍. യുഡിഎഫ് 37% എല്‍ഡിഎഫ് 36%, എന്‍ഡിഎ 26%..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക