Image

സ്വിസ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിക്ക് ചരിത്ര നേട്ടം ; ഒപ്പം മലയാളി വംശജനും

Published on 21 October, 2019
സ്വിസ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിക്ക് ചരിത്ര നേട്ടം ; ഒപ്പം മലയാളി വംശജനും
ബേണ്‍: സ്വിസ് പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിക്ക് മുന്‍തൂക്കം. മൂന്നു ശതമാനം വോട്ട് വിഹിതം കുറഞ്ഞെങ്കിലും അവര്‍ക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സൂചന. കുടിയേറ്റ വിരുദ്ധ നിലപാടുള്ള പാര്‍ട്ടിയാണ് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി.

ഈ തെരഞ്ഞെടുപ്പില്‍ മലയാളി അടിവേരുള്ള നിക്ക് ഗുഗ്ഗര്‍ (49) സ്വിസ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇവാഞ്ചലിക്കല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡിലെ (ഇപിപി) സെന്‍ട്രല്‍ ബോര്‍ഡ് അംഗമാണ് നിക്ക് ഗുഗര്‍. 2002 മുതല്‍ 2014 വരെ വിന്റര്‍തൂര്‍ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. 2008 മേയ് മുതല്‍ അദ്ദേഹം ഗ്രൂപ്പ് പ്രസിഡന്റായി ഇപിപി ഗ്രൂപ്പിന്റെ തലവനായി. 2010 ല്‍ വിന്റര്‍തൂരില്‍ നടന്ന സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കേവല ഭൂരിപക്ഷത്തിലെത്തിയിരുന്നു.

2014 മുതല്‍ 2017 വരെ അദ്ദേഹം സൂറിച്ച് കന്റോണല്‍ കൗണ്‍സില്‍ അംഗമായി. 2015 ഏപ്രില്‍ 12 ന് സൂറിച്ചിലെ കന്റണ്‍ ഗവേണിംഗ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിക്ക് ഗുഗര്‍ ഇപിപിയില്‍ സ്ഥാനാര്‍ഥിയായി ചേര്‍ന്നു. 2015 ലെ ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍, മജാ ഇന്‍ഗോള്‍ഡിന് ശേഷം പകരക്കാരനായി നിക്ക് ഗുഗര്‍ ഇടം നേടി. 2017 നവംബര്‍ 27 ന് അദ്ദേഹം ദേശീയ കൗണ്‍സിലിലേക്ക് മാറി. വിന്‍ര്‍തര്‍ മണ്ഡലത്തില്‍നിന്നാണ് ഗുഗര്‍ തെരഞ്ഞെടുക്കപ്പെട്ടത്.നാലുവര്‍ഷമാണ് കാലാവധി.

കര്‍ണാടകയിലെ ഉഡുപ്പിയില്‍ ജനിച്ച അനാഥനായ ഗുഗറെ, തലശേരി നെട്ടൂരിലെ ബാസല്‍ മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വിസ് ദന്പതികള്‍ ദത്തെടുത്തു സ്വിറ്റ്‌സര്‍ലന്‍ഡിലേയ്ക്കു കൊണ്ടുവന്ന് വളര്‍ത്തുകയായിരുന്നു. തലശേരിയിലായിരുന്നു ഗുഗറുടെ ബാല്യ കാലം.

സ്വിസ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളുടെ വികസന പദ്ധതിയില്‍ ജോലി ചെയ്ത വളര്‍ത്തു മാതാപിതാക്കള്‍, നിക്ക് ഗുഗ്ഗറിന് നാല് വയസുള്ളപ്പോള്‍, കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യുറ്റെന്‍ഡോര്‍ഫിലേക്ക് മാറി. നിക്ക് ഗുഗ്ഗറിന്റെ രാഷ്ട്രീയ ലക്ഷ്യം സാന്പത്തികവും സാമൂഹികവുമായ വിഷയങ്ങളിലാണ്.

അതേസമയം, ഗ്രീന്‍ പാര്‍ട്ടി സ്വിസ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു ഗ്രീന്‍ പാര്‍ട്ടികള്‍ക്കുമായി ഇരുപതു ശതമാനം വോട്ട് വിഹിതം കണക്കാക്കുന്നു. ഇതോടെ പാര്‍ലമെന്റില്‍ നിര്‍ണായക ശക്തിയായി മാറാന്‍ പാര്‍ട്ടിക്കു സാധിക്കും.

ഗ്രീന്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം 5.6 ശതമാനം വര്‍ധിച്ച് 12.7 ശതമാനത്തിലെത്തിയപ്പോള്‍, ഗ്രീന്‍ ലിബറല്‍ പാര്‍ട്ടിയുടേത് 7.6 ശതമാനത്തിലുമെത്തി.ഇതു ഗ്രീന്‍ തരംഗമല്ല, ഗ്രീന്‍ സുനാമി തന്നെയാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷ സെലീന വര അവകാശപ്പെട്ടു. 16.5 ശതമാനം വോട്ട് നേടിയ സെന്റര്‍ലെഫ്റ്റ് സോഷ്യലിസ്റ്റുകളാണ് രണ്ടാം സ്ഥാനത്ത്. സെന്റര്‍റൈറ്റ് ലിബറലുകള്‍ 15.2 ശതമാനവുമായി മൂന്നാം സ്ഥാനത്തും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക